മലയാളത്തിന്‍റെ സ്വന്തം ചിദേര

വെസ്റ്റ് ആഫ്രിക്ക: അച്ഛനുള്ള വീട് എന്തുനല്ല വീട്… അമ്മയുള്ള വീട് എന്തു നല്ല വീട്…

വീട്ടില്‍ ചെറിയ കുട്ടികളുള്ളവര്‍ക്ക് ഈ വരികള്‍ സുപചരിചിതമായിരിക്കും. കുഞ്ഞുങ്ങള്‍ കൊഞ്ചികുഴഞ്ഞ് ഇതു ചൊല്ലുന്നത് കേള്‍ക്കു മ്പോള്‍ തന്നെ മനസ്സിന് കുളിര്‍മയാണ്. ഇതുപോലൊരനുഭവം ബെനിന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ കൊത്തനു മലയാളം മിഷന്‍ പഠന കേന്ദ്രത്തില്‍ എത്തിയാല്‍ കിട്ടും. അവിടെ അച്ഛനുള്ള വീട് എന്തുനല്ല വീട് ഈ ഗാനം പാടുന്നത് 5 വയസ്സുകാരി ചിദേരയാണ്. അവള്‍ക്കൊരു പ്രത്യേകതയുണ്ട്. ചിദേര ഒരു മലയാളിക്കുട്ടിയല്ല. കേരളത്തില്‍ നിന്ന് എത്രയോ അകലെയുള്ള വെസ്റ്റ് ആഫ്രിക്കയിലെ ബെനിനില്‍ ജനിച്ചവളാണ് ചിദേര. ആ ചിദേരയുടെ പാട്ട് കേട്ടാല്‍ ഏതൊരു മലയാളിയും അത്ഭുതപ്പെടും. അത്ര നല്ല ഉച്ചാരണശുദ്ധിയോടെയാണ് അവളുടെ മലയാളം പാട്ട്. മാത്രവുമല്ല അവളെ കണ്ടാല്‍ മലയാളിയെക്കാള്‍ മലയാളിത്തം അവള്‍ക്കാണെന്ന് തോന്നും. മലയാളി കുട്ടികളെപ്പോലെയാണ് അവളുടെ വേഷവിധാനം. ഈ വര്‍ഷമാണ് മലയാളം മിഷന്‍റെ പഠനകേന്ദ്രം ബെനിനില്‍ ആരംഭിച്ചത്. അപ്പോള്‍ മുതല്‍ ചിദേര പഠിതാവായ് അവിടെയുണ്ട്. മാതാപിതാക്കള്‍ക്ക് മലയാളത്തോടുതോന്നിയ ഇഷ്ടമാണ് മകളിലേക്കും പകര്‍ന്നത്. ചിദേര ഇറച്ചിക്കൂവു ലിയൊനൊറയാണ് അവളുടെ മുഴുവന്‍ പേര്. അധ്യാപികയായ ഹന്ന മകളോടൊപ്പം മിഷന്‍റെ പഠനകേന്ദ്രത്തിലെ പരിപാടികളില്‍ സജീവമാണ്. ഫാര്‍മസിസ്റ്റായ ഉഷെ ഇറച്ചികൂവു ആണ് അച്ഛന്‍. ഒരു പുതിയ ഭാഷ പഠിക്കുന്നതിന്‍റെ ഗൗരവത്തോടെ വളരെ കൃത്യനിഷ്ഠയോടുകൂടിയുള്ള പഠനമാണ് ചിദേരയുടേതെന്ന് അധ്യാപിക സാക്ഷ്യപ്പെടുത്തുന്നു. അവധി ദിവസങ്ങളില്‍ മലയാളം ക്ലാസ്സില്‍ എത്താന്‍ അവള്‍ക്ക് വലിയ ഉത്സാഹമാണ്.

– സന്ധ്യ യു

0 Comments

Leave a Comment

FOLLOW US