മലയാള ദിനാഘോഷം

“ഏറ്റവും നല്ല മലയാളം ആരാണ് സംസാരിക്കുന്നത് ? അതും ഹൃദയത്തിന്റെ ഭാഷയിൽ ? അത് അമ്മ കുഞ്ഞിനോട് പറയുന്നതാകും. കുഞ്ഞ് ജനിക്കുമ്പോൾ മുതലല്ല, അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ഈ സംസാരം തുടങ്ങും. അതുകൊണ്ടാണ് അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിൽ കേരളപ്പിറവി ആഘോഷം നടത്താൻ തീരുമാനിച്ചത്.” മലയാളം മിഷൻ സംഘടിപ്പിച്ച 63-ആം കേരളപ്പിറവി ദിനാഘോഷത്തിൽ എന്തുകൊണ്ട് തിരുവനന്തപുരത്ത് തൈക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇതിനായി തെരഞ്ഞെടുത്തു എന്ന് വിശദീകരിക്കുകയായിരുന്നു മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്.

ആഘോഷ പരിപാടികൾ കവി ഗിരീഷ് പുലിയൂർ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ്, മലയാളം മിഷൻ രജിസ്ട്രാർ സേതുമാധവൻ എം, ഫിനാൻസ് ഓഫീസർ തിബിൻ, ജേക്കബ് എബ്രഹാം, സുരേഷ് കുമാർ, എം.ടി. ശശി തുടങ്ങിയവർ പങ്കെടുത്തു. ഭൂമിയുടെ ഏത് കോണിൽ ജീവിച്ചാലും തന്റെ ഭാഷയെ വിസ്‌മരിക്കില്ലെന്നും വരും തലമുറകളിലേക്കും അത് പകരുമെന്നും ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. കേരളപ്പിറവി ദിനത്തിൽ ജനിച്ച കുട്ടികൾക്കും അവരുടെ അമ്മമാർക്കും മലയാളം മിഷന്റെ ഉപഹാരങ്ങൾ നൽകി. നവംബർ ഒന്നു മുതൽ ഒരാഴ്‌ച വരെ നീണ്ടു നിന്ന വിപുലമായ പരിപാടികളാണ് മലയാളം മിഷൻ ഇത്തവണ സംഘടിപ്പിച്ചത്.

0 Comments

Leave a Comment

FOLLOW US