പ്ലാനിമോയിൽ നിന്ന് വേസ്റ്റ് ടു വണ്ടറിലേക്ക്

ഡല്‍ഹി: അധ്യാപിക ക്ലാസ്സില്‍ ‘പ്ലാനിമോ’ (‘പൂക്കാല’ത്തില്‍ രാധാകൃഷ്ണന്‍ ആലുവീട്ടില്‍ എഴുതിയ ലേഖനം) വായിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിന്‍റെ അമിത ഉപയോഗത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതായിരുന്നു ലേഖനം. ലേഖനം വായിച്ചു തീര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് ഒരാഗ്രഹം വേസ്റ്റ് ടു വണ്ടര്‍ മ്യൂസിയം കാണണം. ഡല്‍ഹി ഹസ്താല്‍ വികാസ്പുരി മേഖലയിലെ മലയാളം മിഷന്‍ പഠനകേന്ദ്രമായ ‘അക്ഷരാലയ’ത്തിലെ കുട്ടികളാണ് വേസ്റ്റ് ടു വണ്ടര്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

പാഴ്വസ്തുക്കളില്‍ നിന്ന് ലോകത്തിലെ 7 മഹാത്ഭുതങ്ങളുടെ മാതൃക ഉണ്ടാക്കി പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്ന അപൂര്‍വ്വ മ്യൂസിയമാണ് വേസ്റ്റ് ടു വണ്ടര്‍. ഡല്‍ഹിയിലെ സരായ് കലെ ഖാനിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഉപയോഗ ശൂന്യമായ പാര്‍ക്ക് ബെഞ്ചുകള്‍, പഴയ മോട്ടാര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ എന്നിവ കൊണ്ടാണ് ഇവിടുത്തെ മഹാത്ഭുതങ്ങളുടെ മാതൃകകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈജിപ്റ്റിലെ പിരമിഡും, പാരീസിലെ ഈഫല്‍ ടവറും പിസായിലെ ചരിഞ്ഞ ഗോപൂരവും റയോ ഡി ജനീറോയിലെ റെഡീമര്‍ പ്രതിമയും റോമിലെ കോളോസിയവും സ്റ്റാച്ച്യൂ ഓഫ് ലിബെര്‍ട്ടിയും, താജ്മഹലും എല്ലാം അവര്‍ ഒരു മ്യൂസിയത്തിനുള്ളില്‍ കണ്ടു. അധ്യാപകര്‍ക്ക് പലര്‍ക്കും അതൊരു പുതിയ കാഴ്ചയായിരുന്നു.

പ്ലാനിമോയില്‍ തുടങ്ങിയ യാത്രാ ചാണക്യപുരിയിലെ നാഷണല്‍ റെയില്‍ മ്യൂസിയത്തിലേക്കും നാഷണല്‍ സയന്‍സ് മ്യൂസിയത്തിലേക്കും നീണ്ടു. റെയില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റെയില്‍ കാറും, ബിഗ് ബെല്ലിന്‍റെ മാതൃകയുമൊക്കെ കുട്ടികളില്‍ കൗതുകം ഉണര്‍ത്തി. റെയില്‍ മ്യൂസിയത്തിലെ അഭിപ്രായ ബോര്‍ഡില്‍ ഇന്ത്യയില്‍ വരുത്തേണ്ടമാറ്റങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയാണ് കുട്ടികള്‍ മടങ്ങിയത്. അധ്യാപകരായ കെ.എസ് പ്രദീപ്, വിനീത് പി.സേതു, ബിന്‍സി സാബു, അംബികാ പി മേനോന്‍ തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

– സന്ധ്യ യു

1 Comment

അംബിക പി മേനോൻ December 13, 2019 at 12:07 pm

അക്ഷരാലയം പഠനകേന്ദ്രത്തിന്റെ നന്ദിയും സന്തോഷവും അറിയിക്കുന്നു

Leave a Comment

Skip to content