നന്ദൂട്ടിയുടെ പൂച്ചകുഞ്ഞുങ്ങള്‍

ണ്ണ് തുറന്ന് നന്ദിനിക്കുട്ടി ചുറ്റും നോക്കി. ‘അമ്മയെക്കാണുന്നില്ലല്ലോ’ എന്നും രാവിലെ അമ്മയാണ് നന്ദിനിക്കുട്ടിയെ വിളിച്ചുണര്‍ത്തുന്നത്. ഇന്നെന്താ ‘അമ്മ എന്നെ വിളിക്കാത്തേ’.
അവള്‍ ഓടി അടുക്കളയിലെത്തി. അമ്മ രാവിലത്തെ തിരക്കിലായിരുന്നു. ‘അമ്മ നന്ദൂട്ടിയെ വിളിക്കാഞ്ഞാതെന്താ?’ നന്ദിനിയെ എല്ലാവരും നന്ദൂട്ടി എന്നാണ് വിളിക്കുന്നത്. ‘ഇന്ന് മോള്‍ക്ക് സ്കൂളില്ലല്ലോ. അതോണ്ടാ’. ചെറിയൊരു സന്തോഷം തോന്നി അവള്‍ക്ക്. ഇന്ന് സ്കൂളില്‍ പോകണ്ടല്ലോ. ‘മോള് പല്ലും തേച്ചുവാ, കാപ്പി തരാം. അവള്‍ കുണുങ്ങി കുണുങ്ങി പുറത്തേയ്ക്ക് പോയി.

മൂന്നാം ക്ലാസ്സുകാരിയാണ് നന്ദൂട്ടി. അവള്‍ക്ക് കൂട്ടായി ഒരനിയനുണ്ട്. കൊഞ്ചിക്കാനും കഥപറയാനും മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. അച്ഛന്‍ ഗള്‍ഫിലാണ്. വീട്ടിലുള്ള എല്ലാവര്‍ക്കും നന്ദൂട്ടിയെ ഇഷ്ടമാണ്. വീട്ടുജോലിക്ക് വരുന്ന അമ്മിണിയേട്ടത്തിക്കും നന്ദൂട്ടി പ്രിയങ്കരി തന്നെ.

നന്ദൂട്ടി മുറ്റത്തുകൂടി തുള്ളിച്ചാടി നടന്നു. കൊത്തിപ്പെറുക്കി നടന്ന കുഞ്ഞിക്കോഴികളോടും പൂവനോടും കിന്നാരം പറയാനും മറന്നില്ല. പക്ഷികളെയും മൃഗങ്ങളേയും വളരെ ഇഷ്ടമാണ് അവള്‍ക്ക്. അതുകൊണ്ട് തന്നെ തൊഴുത്തിലെ പശുക്കുട്ടിയോടും വേലിയിറമ്പിലെ ഓന്തിനോടും എന്നുവേണ്ട വീട്ടിലെത്തുന്ന തുമ്പിയോടും പൂമ്പാറ്റയോടും വരെ വര്‍ത്തമാനം തന്നെ. അവള്‍ നടന്ന് നടന്ന് തൊടിക്കരികിലെ വിറകാലക്കടുത്തെത്തി. അവിടെ അതാ ഒരു സുന്ദരി പൂച്ചമ്മ കൂടെ വെളുത്ത രോമക്കുപ്പായവും മുത്തുപോലെ കുഞ്ഞികണ്ണുകളുമുള്ള ഒരു പൂച്ചകുഞ്ഞ്. നന്ദൂട്ടിയെ കണ്ടതും അത് വിറകാലയ്ക്കിടയിലേക്ക് ഒളിച്ചു.

അവള്‍ ചാഞ്ഞു കിടന്നുനോക്കി. അവിടെയതാ നാല് കുഞ്ഞിപ്പൂച്ചകളും അതിന്‍റെ അമ്മയും. ‘ആഹാ എന്തു ഭംഗി’, അവള്‍ക്ക് ആഹ്ലാദം അടക്കാനായില്ല. മ്യാവൂ.. മ്യാവൂ.. അവയ്ക്കൊപ്പം ശബ്ദമുണ്ടാക്കി രസിച്ചു. എന്നിട്ട് അകത്തുപോയി അമ്മയെകൊണ്ടുവന്നു കാണിച്ചു. ‘അതിന്‍റെ അടുത്തൊന്നും പോകണ്ട. പെറ്റുകെടക്കണ പൂച്ചയാ. കടിക്ക്യോ.. മാന്ത്യോ.. എന്തേലും ചെയ്യും’ അമ്മ നന്ദൂട്ടിയെ നോക്കി പറഞ്ഞു. അവളൊന്നും മിണ്ടാതെ അമ്മയ്ക്ക് പിന്നാലെ പോയി. പക്ഷേ അവള്‍ക്ക് അടങ്ങിയിരിക്കാനായില്ല. അവളെന്നും അവിടെയെത്തും. പൂച്ചക്കുട്ടികള്‍ വലുതായോ എന്ന് നോക്കും. അങ്ങനെ നന്ദൂട്ടിയും പൂച്ചകുട്ടികളും പെട്ടെന്ന് അടുത്തു. അവളെ തൊട്ടും ഉരുമിയും അവ ചുറ്റും കൂടി പറ്റി നില്‍ക്കും. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും നന്ദൂട്ടിക്ക് പഠിത്തവും വേണ്ട ഭക്ഷണവും വേണ്ട ഒന്നും വേണ്ട എന്നായി. എപ്പോഴും മനസ്സില്‍ കുഞ്ഞിപ്പൂച്ചകള്‍ മാത്രം. അമ്മയ്ക്കും മറ്റുള്ളവര്‍ക്കും അത് മനസ്സിലായി. ‘ഇനി അവറ്റകളെ ഇവിടെ നിര്‍ത്താതിരിക്കണതാ നല്ലത്. ചാക്കില്‍ കെട്ടി ദൂരെ കളയണം’. അമ്മിണിയേടത്തിയുടെ വക ഒരു പരിഹാരം. ‘അവള്‍ക്ക് സങ്കടാവില്ലേ’. മുത്തശ്ശിയും മുത്തശ്ശനും പറഞ്ഞു. പക്ഷേ അമ്മ അമ്മിണിയേട്ടത്തിക്കൊപ്പം കൂടി. അങ്ങനെ അടുത്ത വീട്ടിലെ രാമുവേട്ടന്‍ വന്ന് പൂച്ചകളെ ചാക്കിലാക്കി ദൂരത്തെവിടെയോ കൊണ്ടുവിട്ടു. സ്കൂള്‍ വിട്ട് ഓടിചാടി വിറകാലയ്ക്കടുത്തെത്തിയ നന്ദൂട്ടി തന്‍റെ പ്രിയപ്പെട്ട പൂച്ചകളെകാണാതെ കരച്ചിലായി. അമ്മ സമാധാനിപ്പിച്ചു. ‘എങ്ങാട്ടെങ്കിലും ഓടിപോയിട്ടുണ്ടാകും’. എന്നൊരു കളവും പറഞ്ഞു. ഒന്നുരണ്ടു ദിവസം കഴിഞ്ഞു.

ആകെ വിഷമത്തിലായിരുന്നു നന്ദൂട്ടി. പഴയ ഉത്സഹമൊന്നുമില്ലായിരുന്നു അവള്‍ക്ക്. രാവിലെ ഉറക്കമുണര്‍ന്ന് പതിവുപോലെ മുറ്റത്തേയ്ക്കിറങ്ങി. പെട്ടെന്ന് അവളുടെ മുഖം സൂര്യനുദിച്ചപ്പോലെ തിളങ്ങാന്‍ തുടങ്ങി. മുറ്റത്തതാ തന്‍റെ പ്രിയപ്പെട്ട പൂച്ചകുഞ്ഞുങ്ങള്‍.

ഓരോന്നിനെയും ഓടിച്ചെന്ന് മാറിമാറിയെടുത്ത് പുന്നരിച്ചു, മുത്തം കൊടുത്തു. തന്‍റെ കൂട്ടുകാരിയെ സന്തോഷത്തില്‍ നന്ദൂട്ടിയോട് പൂച്ചക്കുഞ്ഞുങ്ങള്‍ ചേര്‍ന്ന് നിന്നു. പക്ഷേ അമ്മയുടേയും മുഖത്ത് അമ്പരപ്പായിരുന്നു. പിന്നില്‍നിന്നും മുത്തശ്ശന്‍ പറഞ്ഞു. ‘പൂച്ചകള്‍ക്ക് വഴിതെറ്റില്ല. എവിടെകൊണ്ട് കളഞ്ഞാലും അത് തിരിച്ച് വരും. എന്തായാലും എന്‍റെ കുട്ടിക്ക് സന്തോഷമായല്ലോ അതുമതി’. അമ്മയുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ടാണ് മുത്തശ്ശന്‍ ഇത്രയും പറഞ്ഞത്. ഒരു വിജയിയെപ്പോലെ നന്ദൂട്ടിയും പിറകെ ആ പൂച്ചക്കുട്ടികളും തങ്ങളുടെ വിറകാലയിലേക്ക് നടന്നു.

ശ്രീജ ഗോപാല്‍, ഗുജറാത്ത്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content