കവിത രചിച്ചുപഠിക്കാം – കവിതയുടെ പടവുകൾ
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

വാക്കു വിതച്ചു കവിതയുടെ വിളകൊയ്തത് എത്രത്തോളമായി. അതിലെ കതിരും പതിരും വേർതിരിച്ചുവോ. നെല്ലും കല്ലും വേറെയാക്കിയോ. അതൊരു എളുപ്പപ്പണിയല്ല. നീണ്ട പ്രക്രിയ അതിലുണ്ട്. അതൊരു യത്നമാണ്. യജ്ഞമാണ്. മഹാ തപസ്സാണ്.
ആദ്യമാദ്യം ഇഷ്sമുള്ള വിഷയത്തെക്കുറിച്ച് ഇഷ്ടം പോലെ എഴുതുക.
എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടങ്ങൾ.
ഒരു കുട്ടി ഇഷ്ടത്തെക്കുറിച്ച് ഇങ്ങനെ എഴുതി.

പുത്തരിച്ചോറിഷ്ടം പാൽപ്പായസം
പുത്തൻ കളിപ്പാട്ടം കൂട്ടുകാരും
പുത്തനുടുപ്പുകൾ പൂത്തുമ്പികൾ
പുസ്തകവുമെനിക്കിഷ്ടമല്ലോ
പൂന്തേൻ പൂത്തിരി പൂവാലനണ്ണാൻ
പൂന്തിങ്കൾ പൂവൻ പഴവുമിഷ്ടം
അമ്മ തന്നോമനയുമ്മകളും
അച്ഛനേയുമെനിക്കേറെയിഷ്ടം.

എഴുത്ത് ഇവിടെ നിർത്തരുത്. അടുത്ത പടവുകളിലേക്ക് കയറണം. അതെങ്ങനെയാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ ഏതു കാര്യവും നേരെയങ്ങു പറയാതെ, ആവുന്നത്ര രസകരമായി, വായനക്കാർക്ക് ഊഹിക്കാൻ അവസരം നൽകി, അല്പം വളച്ചുകെട്ടി എഴുതി നോക്കാം.
ഉദാഹരണമായി, ഒരു വിശന്ന കുട്ടി രാത്രിയിൽ ആകാശം കാണുമ്പോൾ എന്താണു ചിന്തിക്കുക. അവിടെ നിറയെ വയറു നിറയ്ക്കാനുള്ള വിഭവങ്ങൾ തന്നെ. ആകാശം തന്നെ ഒരു തീൻമേശയായി സങ്കല്പിക്കാം.

മാനത്തുണ്ടൊരു തീൻമേശ
കൊതി കൂട്ടുന്നൊരു തീൻമേശ

അവിടത്തെ വിഭവങ്ങൾ ഇങ്ങനെ ഇങ്ങനെ എഴുതിയാലോ.

ചോളപ്പൊരികൾ മിന്നുന്നു
വാരിയെടുത്തു കൊറിച്ചിടാം
തേങ്ങാപ്പൂളതു കണ്ടില്ലേ
തേനിൽ മുക്കിത്തിന്നീടാം
പാറിപ്പാറി നടന്നീടും
റൊട്ടിക്കഷണമെടുത്തോളൂ.

 

ഇതിലെ തേങ്ങാപ്പൂളും ചോളപ്പൊരിയും റൊട്ടി ക്കഷണവും ഏതു കുട്ടിക്കും എളുപ്പം മനസ്സിലാവില്ലേ?

അടുത്ത പടി നമ്മുടെ പൂർവികരെ നോക്കിപ്പഠിക്കലാണ്.
പ്രഭാതമായി എന്നു സൂചിപ്പിക്കാൻ വൈലോപ്പിള്ളി എഴുതുന്നു.

കാട്ടിയുഷസ്സൊരു മൈലാഞ്ചിക്കൈ
കാക്ക കരഞ്ഞു തേന്മാവിൽ.

സൂര്യൻ ഉദിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിന്റെ വർണഭേദങ്ങളെ അനായാസം അനുഭവിക്കാൻ ആവുന്നില്ലേ ഇവിടെ. താള നിബദ്ധമായ ശില്പഘടനയും ശ്രദ്ധിക്കുക.
‘ഉഷസ്സ് മൈലാഞ്ചിക്കൈ കാട്ടി’ എന്നത് ‘കാട്ടിയുഷസ്സൊരു മൈലാഞ്ചിക്കൈ’ എന്നു തിരിച്ചിട്ടതും ‘തേന്മാവിൽ കാക്ക കരഞ്ഞു’ എന്നത് ‘കാക്ക കരഞ്ഞു തേന്മാവിൽ’ എന്നു മാറ്റിയെഴുതിയും കവിതാ രചനയുടെ സൂത്രപ്പണികൾ എങ്ങനെയെന്ന് ബോധ്യപ്പെടുത്തുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US