ഒന്നും ഒന്നും രണ്ടല്ലേ?

“ഒന്നും ഒന്നും ചേർന്നാൽ രണ്ട് എന്നത് ഗണിതമാണ്. ഒന്നും ഒന്നും ചേർന്നാൽ വലിയ ഒന്ന് എന്നത് സാഹിത്യവും. ഒന്നും ഒന്നും രണ്ടല്ല എന്നത് ദാർശനികവുമാണ്.”
ദിവാകരൻ മാസ്റ്റർ പറഞ്ഞു നിർത്തി.

ഇതു കേട്ടപ്പോൾ സനയ്ക്ക് ഒരു സംശയം
എന്നാലും മാഷേ ഒരു കണക്കാവുമ്പോൾ അതിന് ഒരു ഉത്തരം ഉണ്ടാവില്ലേ?”
ഉത്തരം ഉണ്ടാവൂലോ! എല്ലാ കണക്കിനും ഒരു ഉത്തരം മാത്രമേ ഉണ്ടാവൂ എന്ന് പറയാൻ പറ്റുമോ എന്നാണ് സംശയം.”

“സാഹിത്യവും ഫിലോസഫിയും മാറ്റി നിർത്തിയാൽ കണക്കിന് ചോദ്യം ശരിയാണെങ്കിൽ ഉത്തരവും ശരിയാവും.”
സന വിട്ടുകൊടുക്കാൻ തയ്യാറല്ല.
അങ്ങനെയാണ് ഒന്നിൽ കൂടുതൽ ഉത്തരം തോന്നുന്ന ചോദ്യങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്ന വെല്ലുവിളി ക്ലാസിൽ രൂപപ്പെട്ടത്.

കുട്ടികൾ തലപുകഞ്ഞ് ആലോചിച്ചു. ചിലർ ഇരുന്ന് ആലോചിച്ചു. മറ്റു ചിലർ നിന്ന് ചിന്തിച്ചു. നടന്നു ചിന്തിക്കാനായി ചിലർ ക്ലാസിനു പുറത്തേക്ക് നടന്നു. അ‍‍ഞ്ചു മിനിറ്റിനു ശേഷം എല്ലാവരും ഒത്തു ചേർന്നു. ദിവാകരൻ മാസ്റ്റർ ഓർമ്മിപ്പിച്ചു.
“ചോദ്യം ലളിതമാവണം ആർക്കും കേട്ടാൽ മനസ്സിലാവണം.”
ഗിരീഷ് മനസ്സിൽ കണ്ട മഴയുമായി ബന്ധപ്പെട്ട ചോദ്യം അതോടെ വേണ്ടെന്നു വച്ചു. ഘർഷണവുമായി ബന്ധപ്പെട്ട ചോദ്യം കാവ്യയും ചോദിച്ചില്ല. ചെറിയ സമയത്തെ നിശബ്ദതയെ തട്ടി മാറ്റികൊണ്ട് രമേശ് എഴുന്നേറ്റു നിന്ന് ഒരു കഥ പറഞ്ഞു.

“രേവതി ചേച്ചി രാവിലെ തിടുക്കപ്പെട്ട് ജോലിക്കു പോകുമ്പോൾ ടൗണിൽ വെച്ച് ചെരിപ്പ് പൊട്ടി. ചുറ്റിലും നോക്കുമ്പോൾ കടകളൊന്നും തുറന്നിട്ടില്ല. സംശയിച്ച് നിൽക്കുമ്പോൾ അതാ ഒരാൾ കടതുറക്കാൻ തുടങ്ങുന്നു. രേവതി ചേച്ചി വേഗം അങ്ങോട്ട് നടന്നു. അറുപത് രൂപ വിലയുള്ള ഒരു ജോടി ചെരിപ്പ് വാങ്ങി. ഒരു നൂറ് രൂപ നോട്ട് കടക്കാരന് നൽകി. നിർഭാഗ്യത്തിന് കടക്കാരൻെറ പക്കൽ ബാക്കി കൊടുക്കാൻ ചില്ലറ നോട്ടുകൾ ഉണ്ടായിരുന്നില്ല. അയാൾ അടുത്ത കടക്കാരനിൽ നിന്നും നൂറു രൂപയ്ക്ക് പത്ത് പത്ത് രൂപാ നോട്ടുകൾ വാങ്ങി വന്നു. നാല് പത്തു രൂപാ നോട്ടുകൾ രേവതിചേച്ചിക്ക് നൽകി. രേവതി ചേച്ചി ചെരിപ്പും ബാക്കി കിട്ടിയ നാല് പത്ത് രൂപാ നോട്ടുകളുമായിപോയി. ആറ് പത്ത് രൂപാ നോട്ടുകൾ കടക്കാരൻ തൻെറ മേശയിൽ വച്ചു. കുറച്ച് കഴിഞ്ഞപ്പോൾ നൂറ് രൂപക്ക് ചില്ലറ നൽകിയ കടക്കാരൻ വന്നിട്ട് പറഞ്ഞു. ഈ നൂറ് രൂപാ നോട്ട് എടുക്കില്ല. ഇത് മാറ്റി തരണം. കടക്കാരൻ ആകെ വിഷമിച്ചു എങ്കിലും കൈയ്യിലുള്ള മറ്റൊരു നല്ല നൂറ് രൂപനോട്ട് തിരിച്ചു നൽകി.”

രമേശ് എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.
എൻെറ ചോദ്യം ഇതാണ്. ചെരിപ്പ് കടക്കാരന് എത്ര രൂപ നഷ്ടം സംഭവിച്ചു? “
ഉടനെ ആരും ഉത്തരം പറയണ്ട. സ്വന്തം ഉത്തരം കണ്ടു പിടിച്ച് ആലോച്ചിച്ച് പറഞ്ഞാൽ മതി.
ഇതിലെന്താ ഇത്ര ആലോചിക്കാൻ കുട്ടികൾ മനസ്സിൽ പറഞ്ഞു. ഉത്തരം പറഞ്ഞപ്പോഴല്ലേ തമാശ.
60 രൂപമുതൽ 200 രൂപ വരെ നിരവധി ഉത്തരങ്ങൾ പലരും പറഞ്ഞു.

നിങ്ങളുടെ ഉത്തരം എത്രയാണ്. പറയുന്നതിന് മുമ്പ് ആരെങ്കിലും ഒരാളോട് ഈ ചോദ്യം ചോദിച്ച് നോക്കൂ.
കണ്ടെത്തിയ ഉത്തരത്തിൻെറ യുക്തി പൂക്കാലത്തെ അറിയിക്കുക.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US