ആവർത്തനപ്പട്ടികാ വർഷത്തിൽ ഓർക്കാം മെൻഡലിയേഫിനെയും മോസ്‌ലിയെയും
പണിതിട്ടും പണിതിട്ടും പണിതീരാത്ത ഒരു വലിയ വീടുണ്ട് രസതന്ത്രത്തിൽ. ഈ വീട്ടിലെ അന്തേവാസികൾ മൂലകങ്ങളാണ് കേട്ടോ. ഈ വീടിന്റെ പേരാണ് ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ). 118 മൂലകങ്ങളാണ് ഇപ്പോൾ ആവർത്തനപ്പട്ടികയിൽ ഉള്ളത്. ഇനിയും പുതിയ മൂലകങ്ങൾ കടന്നു വരുമെന്നുറപ്പ്. 2019 ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന. യുനസ്കോയാണ് വർഷാചരണത്തിനു നേതൃത്വം നൽകുന്നത്.
അറിയാം മെൻഡലിയേഫിനെ
സെന്റ്പീറ്റേർസ്ബർഗിലെ മെയിൻ പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 1855 ൽ രസതന്ത്രത്തിൽ ഒന്നാം റാങ്കോടെ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സമയത്തു തന്നെ രോഗക്കിടക്കയിലായ യുവാവ്, ആറുമാസത്തിൽക്കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്റ്റർമാർ വിധിയെഴുതിയ യുവാവ്, അദ്ദേഹമാണ് രസതന്ത്ര ചരിത്രത്തിലെ അതിനിർണ്ണായകമായ ഒരു നേട്ടം കൈവരിച്ചത്. പറഞ്ഞുവരുന്നത് ആവർത്തനപ്പട്ടികയുടെ പിതാവായ ഡിമിട്രി ഇവാനോവിച്ച് മെൻഡലിയേഫിനെക്കുറിച്ചു തന്നെ. 1834 ഫെബ്രുവരി 8 ന് സൈബീരിയയിൽ ഒരു സമ്പന്ന കുടുംബത്തിൽ ഇവാൻ പാവ്‌ലോവിച് മെൻഡലിയേഫിന്റെയും മാരിയ ഡിമിട്രീവ്‌നയുടെയും പതിന്നാലു മക്കളിൽ ഇളയ കുട്ടിയായാണ് മെൻഡലിയേഫിന്റെ ജനനം. കുട്ടിക്കാലത്ത് പല ആരോഗ്യപ്രശ്നങ്ങളും മെൻഡലിയേഫിനെ അലട്ടിയെങ്കിലും അതൊന്നും വക വയ്ക്കാതെ പഠനം തുടർന്നു. ഹൈസ്ക്കൂൾ പഠനകാലത്ത് പിതാവിന്റെയും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ സമയത്ത് മാതാവിന്റെയും വിയോഗം മെൻഡലിയേഫിനെ വല്ലാതെ തളർത്തിയിരുന്നു. എന്തായാലും അതൊക്കെ മറികടന്ന് 1864 ൽ അദ്ദേഹം സെന്റ്പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി.

ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ്
63 മൂലകങ്ങളെക്കുറിച്ചേ അക്കാലത്ത് അറിവുണ്ടായിരുന്നുള്ളൂ. ഈ മൂലകങ്ങളെ ശാസ്ത്രീയമായി ഒന്നടുക്കിപ്പെറുക്കി ക്രമീകരിച്ചാൽ രസതന്ത്രപഠനം കൂടുതൽ രസകരവും എളുപ്പവുമാകും എന്നു ചിന്തിച്ച മെൻഡലിയേഫ് മൂലക വർഗ്ഗീകരണത്തിനായുള്ള ശ്രമം തുടങ്ങി. അങ്ങനെ ഈ 63 മൂലകങ്ങളുടെ പേരും അറ്റോമിക മാസും രാസഭൗതിക ഗുണങ്ങളുമൊക്കെ പ്രത്യേകം പ്രത്യേകം ചീട്ടുകളിലാക്കി എഴുതി പല രീതിയിൽ ചുവരിലും തറയിലുമൊക്കെ ക്രമീകരിച്ച് അവ തമ്മിലുള്ള ബന്ധം കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. 1869-ൽ അറ്റോമിക മാസിന്റെ ആരോഹണക്രമത്തിൽ മൂലകങ്ങളെ ക്രമീകരിച്ച് ആധുനിക ആവർത്തനപ്പട്ടികയുടെ ആദ്യ രൂപമുണ്ടാക്കാൻ മെൻഡലിയേഫിനു സാധിച്ചു. ഈ നേട്ടത്തിന്റെ 150-ആം വാർഷികമാണ് ലോകമെങ്ങും ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷമായി കൊണ്ടാടുന്നത്. മൂലകങ്ങളുടെ രാസികവും ഭൗതികവുമായ ഗുണങ്ങൾ അവയുടെ അറ്റോമിക മാസ്സിന്റെ ആവർത്തന ഫലങ്ങളാണ് എന്നതായിരുന്നു മെൻഡലിയേഫിന്റെ ആവർത്തന നിയമം. അന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ചില മൂലകങ്ങളുടെ സ്വഭാവ സവിശേഷതകൾ പ്രവചിച്ച മെൻഡലിയേഫ് ഇനിയും വരാനിരിക്കുന്ന മൂലകങ്ങൾക്കായി ആവർത്തനപ്പട്ടികയിൽ കള്ളികൾ ഒഴിച്ചിടാനും മറന്നില്ല. ‘ ദ് പ്രിൻസിപ്പിൾസ് ഓഫ് കെമിസ്ട്രി’ എന്ന പുസ്തകവും അദ്ദേഹം രചിച്ചു.

മെൻഡലീവിന്റെ ആവർത്തനപ്പട്ടിക
മൂലക വർഗ്ഗീകരണം എന്ന മഹത്തായ നേട്ടത്തിന് 1906 ൽ രസതന്ത്ര നോബൽ മെൻഡലിയേഫിനായിരിക്കുമെന്ന് പല ശാസ്ത്രജ്ഞരും പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തിനു നോബൽ ലഭിച്ചില്ല. തികച്ചും വ്യത്യസ്തനായ ശാസ്ത്രജ്ഞനായിരുന്ന മെൻഡലിയേഫ് തികഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു. സാർ ഭരണകൂടത്തിന്റെ ക്രൂരതകൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയും സമത്വത്തിനു വേണ്ടിയും വാദിച്ചു. 1907 ഫെബ്രുവരി 2 ന് സെന്റ്പീറ്റേഴ്സ്ബർഗിൽ വച്ച് അദ്ദേഹം അന്തരിച്ചു. പിൽക്കാലത്ത് മെൻഡലിയേഫിനോടുള്ള ബഹുമാനാർഥം അറ്റോമിക നമ്പർ 101 ഉള്ള മൂലകത്തിന് മെൻഡലീവിയം എന്നു പേരു നൽകി.
മൂലകങ്ങളുടെ ‘വിരലടയാളം’ കണ്ടെത്തിയ മോസ്‌ലി
ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനിക സേവനത്തിനിറങ്ങി കമ്യൂണിക്കേഷൻ വിഭാഗത്തിൽ ടെക്‌നിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയും 1915 ആഗസ്റ്റ് 10 ന് തുർക്കിയിലെ ഗാല്ലിപോളി യുദ്ധത്തിനിടെ ഒരു തുർക്കിഷ് സൈനികന്റെ വെടിയേറ്റ് മരിക്കുകയും ചെയ്ത ഒരു ശാസ്ത്രജ്ഞൻ, അതും വെറും 27-ആം വയസ്സിൽ… ഈ ശാസ്ത്രജ്ഞനും ആവർത്തനപ്പട്ടികയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുണ്ട്. പറഞ്ഞുവരുന്നത് ആധുനിക ആവർത്തനപ്പട്ടികയുടെ രംഗപ്രവേശത്തിനു വഴിയൊരുക്കിയ ഹെൻറി മോസ്‌ലിയെക്കുറിച്ചു തന്നെ.

ഹെൻട്രി മോസ്‌ലി
നമ്മൾ ഓരോരുത്തരുടെയും വിരലടയാളം പോലെ ഓരോ മൂലകത്തിനുമുണ്ട് തനതു ‘വിരലടയാളം’. അറ്റോമിക സംഖ്യ (അറ്റോമിക നമ്പർ) ആണ് ഈ ‘വിരലടയാളം’. 1913 ൽ എക്സ്റേ സ്പെക്ട്രോസ്കോപ്പിക് പഠനങ്ങളിലൂടെയാണ് മോസ്‌ലി ഇതു തെളിയിച്ചത്. അതോടെ മെൻഡലിയേഫിന്റെ ആവർത്തനപ്പട്ടിക പരിഷ്ക്കരിക്കപ്പെട്ടു. അറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്ന ആധുനിക ആവർത്തനപ്പട്ടിക രംഗത്തെത്തി. മൂലകങ്ങളുടെ രാസികവും ഭൌതികവുമായ ഗുണങ്ങൾ അവയുടെ അറ്റോമിക സംഖ്യയുടെ ആവർത്തനഫലങ്ങളാണ് എന്നതാണ് ആധുനിക ആവര്‍ത്തന നിയമം.
1887 നവംബർ 23 ന് ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള വെയ്‌മൗത്തിൽ ഹെൻറി നോട്ടിഗ് മോസ്‌ലിയുടെയും അമാബെൽ ഗ്വിൻ ജെഫ്രീസ് മോസ്‌ലിയുടെയും മകനായാണ് മോസ്‌ലിയുടെ ജനനം. സമ്മർഫീൽഡ്സ് സ്ക്കൂളിലെ അതിസമർഥനായ വിദ്യാർഥിയായിരുന്നു മോസ്‌ലി . ട്രിനിറ്റി കോളേജിൽ നിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടിയ മോസ്‌ലിക്ക് മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ പ്രശസ്ത ശാസ്ത്രജ്ഞനായ ഏണസ്റ്റ് റുഥർഫോർഡിന്റെ കീഴിൽ റിസർച്ച് അസിസ്റ്റന്റ് ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 1914 ൽ മോസ്‌ലി മാഞ്ചസ്റ്ററിലെ ജോലി വിട്ട് ഓക്സ്ഫഡിലേക്ക് മടങ്ങി. ആ വർഷം തന്നെ യുദ്ധരംഗത്ത് ആ ശാസ്ത്രജ്ഞന്റെ ജീവൻ പൊലിയുകയും ചെയ്തു. എല്ലാ അർഥത്തിലും 1916 ലെ ഊർജതന്ത്ര നോബൽ സമ്മാനത്തിന് അർഹതയുണ്ടായിരുന്ന ശാസ്ത്രജ്ഞനായിരുന്നു മോസ്‌ലി. എന്നാൽ മരണാനന്തരം നോബൽ സമ്മാനം നൽകില്ലെന്ന ചട്ടം ഇതിനു വിലങ്ങുതടിയായി.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി