ഇലമുളച്ചി

ന്ത്രണ്ടിലന്തിപ്പഴവും
എഴുപത് പൈസയും
കൊടുത്തുവാങ്ങിയ
മയിൽപ്പീലി പെറ്റില്ല.

മാനം കണ്ടുകാണുമെന്നും
സാമൂഹ്യ പാഠത്തിൽവെച്ചാൽ
പതിവുപോലെ പെറൂല്ലെന്നും
കൂട്ടുകാരി;
ട്രൗസർ പോക്കറ്റിലെ
അണ്ണാറക്കണ്ണന്
കൊടുത്തൂ ഇത്തിരി
മാമ്പഴച്ചാർ.

പക്ഷിക്കുഞ്ഞുങ്ങൾക്ക്
വെള്ളം കൊടുക്കാൻ
കവുങ്ങിൽ വലിഞ്ഞുകേറി
കാലിൽ പ്ലാസ്‌റ്ററിട്ട ചേട്ടന്,
പെറാത്ത മയിൽപ്പീലി നൽകി
ഇരുപത്തിയഞ്ച് പൈസയും
പോക്കറ്റിലിട്ട് നടന്നു.

രണ്ടിലന്തിവടയും
അഞ്ച് ഗ്യാസുമുട്ടായീം
നുണഞ്ഞ് കരച്ചിൽ
ചവച്ചമർത്തി.

അവളാണിലമുളച്ചി തന്നത്
പുട്ടാൻപുളിയൊന്നവൾക്കും
കൊടുത്തു; മൂന്നു നെല്ലിക്കയും.
ഒരിക്കലും തുറക്കാത്ത
പാഠപുസ്തകത്തിൽ
അത് കിളുർത്തു.

അവസാനമായതിന്റെ
വേരുകൾ കണ്ടത്
ഒരു മഴക്കാലത്ത്;
സ്കൂളിൽനിന്ന്
ഞങ്ങളെല്ലാരും
അവളെ കാണാൻ
പോയപ്പോഴായിരുന്നു.

എല്ലാരേയുംപോലെ
ഞാനും ഉറങ്ങിക്കിടന്ന
അവൾക്കൊരുമ്മ കൊടുത്തു.
പേരക്കയുടെ മണവും
തുപ്പലിന്‌ ഗ്യാസുമുട്ടായിയുടെ
ചവർപ്പും.

എവിടെയാണാവോ
ഇലമുളച്ചി കിളുർത്ത
പാഠപുസ്തകം?
തുറന്നു നോക്കണം.
ഒരു പക്ഷേ,
അതിലുണ്ടാവാം
തിരഞ്ഞു നടക്കുന്ന
എന്തോ ഒന്ന്.

രതീഷ് കൃഷ്ണ

0 Comments

Leave a Comment

FOLLOW US