കിട്ടുവിന്റെ പൂച്ചയും കട്ടുതിന്ന പൂച്ചയും
ഇത്തവണത്തെ സ്പെഷ്യൽ സ്റ്റോറി ഒരു കഥയാണ്. ഖാർഘർ കേരള സമാജം മലയാളം മിഷൻ കണിക്കൊന്ന ക്ലാസിലെ കുട്ടികളും അധ്യാപികയും ചേർന്ന് നിർമ്മിച്ച ഒരു കഥ. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും നന്മയും ആവോളം നിറഞ്ഞ ഇത്തരം കഥകൾ ഇനിയുമിനിയും ഉണ്ടാവട്ടെ…
കഥയുടെ പേര്, കിട്ടുവിന്റെ പൂച്ചയും കട്ടുതിന്ന പൂച്ചയും എന്നാണ്. കഥ വായിച്ചോളൂ…
“കിട്ടു വിന്റെ വീട്ടിലെ പൂച്ചക്കുട്ടിയ്ക്കു എന്ത് പേര് കൊടുക്കണം നൈനിക കുട്ടീ? “
“മിനി” നൈനിക മറുപടി പറഞ്ഞു.
“മിനി പൂച്ചക്കുട്ടിയുടെ നിറം എന്താ കനിഷ്ക മോളെ”
“കറുപ്പും വെളുപ്പും ഇടകലർന്നതു.”
“ശരി. മിനി പൂച്ചക്കുട്ടി എങ്ങനെയുള്ള പൂച്ചക്കുട്ടിയായിരുന്നു? തന്മയ പറയൂ…”
“വളരെ നല്ല പൂച്ചക്കുട്ടി യായിരുന്നു ടീച്ചർ.” തന്മയ പറഞ്ഞു.
“മോളെ ഫറാ, കിട്ടുവിനു മിനി പൂച്ചക്കുട്ടിയെ ഇഷ്ടമായിരിക്കുമോ? “
“അതെ ടീച്ചർ കിട്ടുവിനു മിനി പൂച്ചക്കുട്ടിയെ ഒത്തിരി ഇഷ്ടായിരുന്നു. ”
“എന്നാൽ ഈ മിനി പൂച്ചക്കുട്ടിയെക്കുറിച്ച് നമുക്ക് ഒരു കഥ പറഞ്ഞാലോ കുട്ടികളെ “
“പറയാം പറയാം ” ഫറ കഥ പറഞ്ഞു തുടങ്ങി. “ഒരു ദീസം കിട്ടു മിനി പൂച്ചക്കുട്ടിക്കു ഒരു പാത്രത്തിൽ ആഹാരം കൊടുത്തു.”
“ദിയ പറയൂ, അപ്പോൾ എന്തു സംഭവിച്ചു? “
“പൂച്ചക്കുട്ടി ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ മഞ്ഞനിറമുള്ള ഒരു പൂച്ച എവിടെനിന്നോ പെട്ടെന്ന് കേറി വന്നു, അവളുടെ പാത്രത്തിൽ നിന്ന് ആഹാരം തട്ടിയെടുത്ത് അത് മുഴുവനും തിന്നു. “
“അനുശ്രീ, അപ്പോൾ എന്തുണ്ടായി? “
“മിനി പൂച്ചക്കുട്ടിക്കു സങ്കടമായി ”
“ഇതിനു എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം? ” ഇതായിരുന്നു ദിയ കുട്ടിയുടെ ചിന്ത.
“അപ്പോൾ എന്ത് ചെയ്യും നിഹാരിക മോളെ? “
നിഹാരിക പറഞ്ഞു:”ടീച്ചർ, ആ കട്ടുതിന്ന മഞ്ഞ പൂച്ചയ്ക്ക് അവന്റെ വിശപ്പ് മാറുവോളം ഭക്ഷണം കൊടുക്കണം, എന്നും കൊടുക്കണം. അങ്ങനെയാണെങ്കിൽ അവനു വിശക്കില്ല, അവൻ കട്ടും തിന്നില്ല.”
“അതെ, എത്ര നല്ല ചിന്തയാണ് നിഹാരിക കുട്ടിയുടേത് അല്ലെ കുട്ടികളേ? മഞ്ഞ പൂച്ച കട്ട് തിന്നത് അവനു വിശന്നതു കൊണ്ടാണ്, വിശക്കുന്ന ജീവിയെ നമ്മൾ ഉപദ്രവിക്കരുത്. മഞ്ഞ പൂച്ച കള്ള പൂച്ച അല്ല, നല്ല പൂച്ചയാണ്.”
“കൂട്ടുകാരെ, ഈ കഥ എത്ര നന്നായി, നമ്മൾ കൂടി ചേർന്നുണ്ടാക്കിയ കഥ മനോഹരം അല്ലെ?”
കുട്ടികൾ കഥയുണ്ടാക്കിയ സന്തോഷത്തോടെ പിരിഞ്ഞു.
(കഥ തയ്യാറാക്കിയവർ: നൈനിക ജയേഷ് സൺ, ഫറാ ജാസ്മിൻ, നിഹാരിക കൃഷ്ണൻ, കനിഷ്ക അനിൽ, നിഷാന്ത് അനിൽ, ഐശ്വര്യ രാജ്, അനുശ്രീ മേതിൽ, ദിയ സുമൻ, തന്മയ രജിത്, അദ്ധ്യാപിക നിഷ മധു)