ശാസ്ത്ര നോബൽ 2019

വർഷത്തെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. ലോകത്തെ മാറ്റിമറിച്ചതും പ്രപഞ്ചത്തെക്കുറിച്ചും നമ്മളെക്കുറിച്ചുമുള്ള അറിവുകൾ വിശാലമാക്കിയതുമായ കണ്ടുപിടിത്തങ്ങൾക്കാണ് ഇത്തവണ ശാസ്ത്ര നോബൽ സമ്മാനങ്ങൾ ലഭിച്ചിട്ടുള്ളത്. ഈ അവസരത്തിൽ ഇന്ത്യയിൽത്തന്നെ നിന്നുകൊണ്ട് ഒരു കുഞ്ഞു പരീക്ഷണശാലയിൽ സ്വയം നിർമ്മിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയും ഏഷ്യയിൽ തന്നെ ആദ്യമായി ശാസ്ത്ര നോബൽ സമ്മാനത്തിന് അർഹനാവുകയും ചെയ്ത സി.വി.രാമനെ നാം തീർച്ചയായും ഓർക്കണം. വെറും മുന്നൂറു രൂപ മാത്രം ചെലവു വരുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം രാമൻ പ്രഭാവം എന്ന കണ്ടുപിടിത്തം നടത്തിയത് എന്നറിയാമോ? രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തത്തിനാണ് 1930-ൽ അദ്ദേഹത്തിന് ഊർജതന്ത്ര നോബൽ സമ്മാനം ലഭിച്ചത്. ഇന്ത്യയിൽ ജനിച്ച് പിന്നീട് യുഎസ്സ് പൗരന്മാരായ ഹർ ഗോവിന്ദ് ഖുരാനയ്ക്ക് 1968-ൽ വൈദ്യശാസ്ത്ര നോബലും എസ്.ചന്ദ്രശേഖറിന് 1983-ൽ ഊർജതന്ത്ര നോബൽ സമ്മാനവും വെങ്കട്ട രാമൻ രാമകൃഷ്ണന് 2009-ൽ രസതന്ത്ര നോബൽ സമ്മാനവും ലഭിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിൽ ജനിച്ച വിദേശിയായ റൊണാൾഡ് റോസ്സിന് 1902-ൽ വൈദ്യശാസ്ത്ര നോബൽ ലഭിച്ചിട്ടുണ്ട്. ഇനി ഈ വർഷത്തെ ശാസ്ത്ര നോബൽ വിശേഷങ്ങൾ അറിയണ്ടേ?

 

വൈദ്യശാസ്ത്ര നോബൽ 2019
ഓക്സിജൻ ലഭ്യതയും കോശ പ്രതികരണങ്ങളും

പ്രാണവായുവായ ഓക്സിജനും ശരീരകോശങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഇത്തവണ വൈദ്യശാസ്ത്ര നോബൽ സമ്മാനം. നമ്മൾ പർവ്വതങ്ങളിലേക്ക് കയറുമ്പോഴും വെള്ളത്തിനടിയിലേക്ക് ഊളിയിടുമ്പോഴുമൊക്കെ ഓക്സിജൻ ലഭ്യതയിൽ വ്യത്യാസമുണ്ടാവുമല്ലോ. ഓക്സിജൻ ലഭ്യതയിലെ ഇത്തരം വ്യത്യാസങ്ങൾ കോശങ്ങൾ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതു കൊണ്ടാണ് നാം രക്ഷപ്പെടുന്നത്. ശരീരകോശങ്ങൾ ഓക്സിജൻ ലഭ്യതയിലെ വ്യതിയാനങ്ങളോട് പ്രതികരിക്കുന്നതിന്റെ തന്മാത്രാതല രഹസ്യങ്ങളിലേക്ക് വെളിച്ചം വീശിയതിനാണ് വില്ല്യം ജി.കെയ്‌ലിൻ, പീറ്റർ ജെ.റാറ്റ്ക്ലിഫ്, ഗ്രെഗ് എൽ. സെമൻസ എന്നീ മൂന്നു ശാസ്ത്രജ്ഞർ ഇത്തവണത്തെ വൈദ്യശാസ്ത്ര നോബൽ പുരസ്ക്കാരത്തിന് അർഹരായത്.

പീറ്റർ റാറ്റ്ക്ലിഫ്, ഗ്രെഗ് എൽ സെമൻസ, വില്യം ജെ കെയ്‌ലിൻ

കോശത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ഓക്സിജൻ ലഭ്യതയിലെ വ്യത്യാസങ്ങൾ എങ്ങനെ ബാധിക്കും എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇവരുടെ ഗവേഷണങ്ങൾ. അനീമിയ, കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങി ഒരു നിര രോഗങ്ങൾക്കുള്ള നൂതന ചികിൽസാ സാദ്ധ്യതകളിലേക്ക് കൂടിയാണ് ഈ നേട്ടം വഴിതുറന്നത്.

കെ‌യ്‌ലിൻ ഹാർവാഡ് സർവ്വകലാശാലയിലെ ഡാന ഫാബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷനാണ്. ഓക്സ്ഫഡ് സർവ്വകലാശാലയിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനാണ് റാറ്റ്ക്ലിഫ്. സെമൻസയാവട്ടെ ജോൺസ് ഹോപ്‌കിൻസ് സർവ്വകലാശാലയിൽ ഗവേഷകനാണ്.

 

ഭൗതികശാസ്ത്ര നോബൽ-2019
പ്രപഞ്ച രഹസ്യങ്ങൾ ചുരുൾ നിവർത്തിയ നേട്ടങ്ങൾക്ക്

അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ പ്രപഞ്ചത്തിന്റെ വികാസപരിണാമങ്ങളിലേക്ക് വെളിച്ചം വീശിയ നേട്ടങ്ങൾക്കാണ് ജയിംസ് പീബിൾസ്, മിഷേൽ മേയർ, ദിദിയെ ക്വിലോസ് എന്നീ ശാസ്ത്രജ്ഞർ ഭൗതികശാസ്ത്ര നോബൽ സമ്മാനത്തിന് അർഹരായത്. പ്രപഞ്ച ഘടനയിലേക്കും പ്രപഞ്ചത്തിന്റെ വികാസ പരിണാമങ്ങളിലേക്കും വെളിച്ചം വീശുന്ന സിദ്ധാന്തങ്ങൾ അവതരിപ്പിച്ചതിനാണ് പീബിൾസിനെ തേടി നോബൽ സമ്മാനമെത്തിയത്.

ജയിംസ് പീബിൾസ്, മിഷേൽ മേയർ, ദിദിയെ ക്വിലോസ്

ഏതാണ്ട് 1400 കോടി വർഷം മുമ്പ് ഒരു മഹാവിസ്ഫോടനത്തിലൂടെ പിറവിയെടുത്ത ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള പല സമസ്യകളും പൂരിപ്പിക്കാൻ പീബിൾസിന്റെ ഗവേഷണങ്ങൾ സഹായിച്ചു. ഈ പ്രപഞ്ചത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണ് ദൃശ്യ ദ്രവ്യമെന്നും ബാക്കി 95 ശതമാനവും ശ്യാമ ദ്രവ്യമാണെന്നും (ഇരുണ്ട ദ്രവ്യം) ഉള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ലോകശ്രദ്ധ നേടി. പ്രപഞ്ച വികാസത്തിന്റെ നിരക്ക് കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് ഗവേഷണങ്ങൾ നൽകുന്ന സൂചന. ഈ മേഖലയിലും പീബിൾസ് ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.

നമ്മുടെ സൗരയൂഥം പോലെ വേറെയും സൗരയൂഥങ്ങളുണ്ടോ, ഭൂമിക്കപ്പുറം എവിടെയെങ്കിലും ജീവന്റെ തുടിപ്പുണ്ടോ എന്നൊക്കെയുള്ള അന്വേഷണങ്ങൾക്ക് ഊർജ്ജം പകരുന്ന ഒരു കണ്ടെത്തലാണ് 1995-ൽ മേയറും ക്വിലോസും നടത്തിയത്. സൗരയൂഥത്തിനപ്പുറം സൂര്യ സമാനമായ നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത് ഇവരാണ്. 51 പെഗാസി എന്ന നക്ഷത്രത്തെ ചുറ്റുന്ന ആ ഗ്രഹം 51 പെഗാസി ബി എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ തിരിച്ചറിയപ്പെട്ടിട്ടുള്ള സൗരയൂഥേതര ഗ്രഹങ്ങളുടെ എണ്ണം നാലായിരത്തോളം വരും!

പ്രിൻസ്റ്റൺ സർവ്വകലാശാലാ ഗവേഷകനാണ് പീബിൾസ്. മേയർ ജനീവ സർവ്വകലാശാലയിലും ക്വിലോസ് കേംബ്രിജ് സർവ്വകലാശാലയിലും ഗവേഷകനാണ്.

 

രസതന്ത്ര നോബൽ-2019
ലോകത്തെ റീചാർജ് ചെയ്ത നേട്ടത്തിന്

മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലുമൊക്കെ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികൾ ഇന്ന് നമ്മുടെ ഉറ്റ ചങ്ങാതിയാണ്. റീചാർജബിൾ ബാറ്ററികൾക്കിടയിലെ താരമായ ലിഥിയം അയോൺ ബാറ്ററികൾ വികസിപ്പിച്ചെടുത്തതിനാണ് ജോൺ ബി.ഗുഡിനഫ്, എം.സ്റ്റാൻലി വിറ്റിങ്‌ഹാം, അകിരാ യോഷിനോ എന്നീ ശാസ്ത്രജ്ഞരെ തേടി രസതന്ത്ര നോബൽ സമ്മാനം എത്തിയത്.

ജോൺ ബി.ഗുഡിനഫ്, എം.സ്റ്റാൻലി വിറ്റിങ്‌ഹാം, അകിരാ യോഷിനോ

ഭാരം കുറഞ്ഞതും സുരക്ഷിതമായി കൊണ്ടുനടക്കാവുന്നതും റീചാർജ് ചെയ്ത് വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതും കാര്യക്ഷമതയേറിയതുമാണ് ഈ ബാറ്ററി. ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നതു കൊണ്ടു തന്നെ ഇത് പരിസ്ഥിതി സൗഹൃദപരവുമാണ്. ഇലക്ട്രിക് കാർ വികസനത്തിലും ലിഥിയം അയോൺ ബാറ്ററിയുടെ രംഗപ്രവേശം വഴിത്തിരിവായി. ഇതു കൂടാതെ പവനോർജത്തിന്റെയും സൗരോർജത്തിന്റെയുമൊക്കെ സംഭരണത്തിലും ലിഥിയം അയോൺ ബാറ്ററികൾ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.

ക്രിയാശീലം വളരെക്കൂടുതലുള്ള ലിഥിയം അതേ രൂപത്തിൽ ബാറ്ററികളിൽ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായിരുന്നില്ല. ആദ്യകാലത്ത് തീപിടിത്തം, പൊട്ടിത്തെറി തുടങ്ങിയ അപകടങ്ങൾക്ക് അത് കാരണമാവുകയും ചെയ്തു. ലിഥിയത്തെ മെരുക്കി സുരക്ഷിതമായ ഒരു ചട്ടക്കൂടിൽ ഒതുക്കാൻ വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾ തന്നെ വേണ്ടി വന്നു. ആ നേട്ടം ഇപ്പോഴും ലോകത്തെ റീചാർജ് ചെയ്തുകൊണ്ടിരിക്കുന്നു. 1991-ൽ വിപണിയിലെത്തിയ ലിഥിയം അയോൺ ബാറ്ററികൾ ഇലക്ട്രോണിക് ഉപകരണ രംഗത്ത് വൻ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതിനും മനുഷ്യന്റെ സന്തതസഹചാരിയാവുന്നതിനുമാണ് പിന്നീട് കാലം സാക്ഷ്യം വഹിച്ചത്.

ഗുഡിനഫ് യുഎസ്സിലെ ടെക്സാസ് സർവ്വകലാശാലയിലെയും വിറ്റിങ്‌ഹാം ന്യൂയോർക്ക് സ്റ്റേറ്റ് സർവ്വകലാശാലയിലെയും അകിരാ യോഷിനോ ജപ്പാനിലെ മീജോ സർവ്വകലാശാലയിലെയും ഗവേഷകനാണ്.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content