മനുഷ്യരുടേത് മാത്രമല്ല ഈ ലോകം എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ വന്യജീവി വാരാഘോഷവും

പാവം സാവിത്രി കടുവ

സാവിത്രി എന്നു പേരായ കടുവ രാവിലെ എഴുന്നേറ്റ് ഒന്ന് മൂരിനിവർന്നു. കാലുകൾ കുടഞ്ഞു .മേലാസകലം കുടഞ്ഞു. ഗുഹയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു. ഉറങ്ങി കിടക്കുന്ന കുട്ടികളെ ഉണർത്താതെ മെല്ലെ മുന്നോട്ട് നടന്നു.
തെളിനീര് ഒഴുകുന്ന അരുവിയിൽ നിന്ന് അല്പം വെള്ളം കുടിക്കണം. പോകുന്ന വഴിക്കോ തിരിച്ച് വരുമ്പോഴോ എന്തെങ്കിലും തിന്നാൻ കിട്ടുമോ എന്ന് നോക്കണം അതാണ് മനസ്സിലിരിപ്പ്.

ഭാഗ്യം കുറച്ചു നടന്നപ്പോഴേക്കും പെന്തക്കാട്ടിൽ നിന്നും ഒരനക്കം. സാവിത്രി നടത്തം നിർത്തി. ചെവികൂർപ്പിച്ചു. ശബ്ദം കേട്ട ഭാഗം ലക്ഷ്യം വെച്ച് പതുങ്ങി. രാവിലെ തന്നെ ഇര കിട്ടിയ സന്തോഷമായിരുന്നു. എന്താണ് ശബ്ദം ഉണ്ടാക്കിയത് എന്നു മനസ്സിലായില്ല. മണം പിടിച്ചു നോക്കി , അടുത്ത് ഒരു വലിയ പാല പൂത്ത് നിൽക്കുന്നതു കൊണ്ട് മണവും മനസ്സിലായില്ല. ഏതെങ്കിലും ചെറിയ ജീവിയാവും ചെറുതെങ്കിൽ ചെറുത്.

പതുങ്ങി നീങ്ങുന്നതിനിടയിൽ ഒരു മരകൊമ്പിൽ കാലമർന്നതും ഇലകൾ ഇളകി ശബ്ദമുണ്ടായി. പെട്ടെന്നാണ് അത് സംഭവിച്ചത്. ശരീരം നിറയെ മുള്ളുകൾ ഉയർത്തി മുള്ളൻ പന്നി നിവർന്നു. സാവിത്രി കാല് പിന്നോട്ട് തന്നെ വലിച്ചു. എന്നിട്ടും മുള്ളൻ പന്നി വെറുതെ വിട്ടില്ല. ഒരു മുള്ളു വന്ന് മുഖത്ത് തറച്ചു. ഭാഗ്യം ആഴത്തിൽ തറച്ചില്ല. തല മരത്തിൽ ഉരച്ച് മുള്ള് താഴെ വീഴ്ത്തി . വേദന മാത്രം ബാക്കി.

വെള്ളം നക്കി കുടിക്കുമ്പോൾ മുഖം മുഴുവൻ വെള്ളത്തിൽ താഴ്ത്തി. മുള്ളു തറച്ച ഭാഗത്ത് നല്ല നീറ്റലുണ്ട്.
എന്തെങ്കിലും തിന്നാൻ കിട്ടിയിട്ടുവേണം കുട്ടികളെ വിളിച്ചുണർത്താൻ.
അപ്പോഴാണ് ഒരു ജീപ്പിൻെറ ശബ്ദം കേട്ടത്. കാടിനു നടുവിലുള്ള റോഡിലുടെയാണതു വരുന്നത്. അതിൽ തല പുറത്തേക്ക് നീട്ടി കുറെ മനുഷ്യരും.

സാവിത്രി ഒരു മരത്തിനടിയിൽ തല ചായ്ച്ചു കിടന്നു. ശബ്ദം കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്. കുറെ മനുഷ്യർ അതാ തൻെറ നേരെ ഓടി വരുന്നു. എല്ലാവരുടെയും കൈയിൽ ക്യാമറയുണ്ട് അതും ഉയർത്തിപ്പിടിച്ചാണ് ഓടി വരുന്നത്. എന്തു ചെയ്യണമെന്നറിയാതെ സാവിത്രി പേടിച്ചുപോയി. പിന്നെ ഒന്നും നോക്കിയില്ല ജീവനും കൊണ്ട് ഒരോട്ടമായിരുന്നു. എങ്ങോട്ടാണ് ഓടിയതെന്ന് ഓർമ്മയില്ല. പിന്നിൽ ജീപ്പിൻെറ ശബ്ദം ഉണ്ടായിരുന്നു. മുന്നിൽ കടുവ പിന്നിൽ ജീപ്പ് നിറയെ തല പുറത്തേക്ക് നീട്ടിയ മനുഷ്യർ ഈ ഓട്ടം കണ്ട് വഴി വക്കിൽ നിന്നിരുന്ന കടുവ സംരക്ഷണ കേന്ദ്രം എന്ന ബോർഡ് തലകുലുക്കി ചിരിച്ചു.

കടുവ ഓടിക്കയറിയത് ഒരു ആടു വളർത്തൽ കേന്ദ്രത്തിലാണ്. വേഗം തന്നെ ഒന്നിനെ പിടിച്ച് തിന്നു. കുറെ നാളത്തെ വിശപ്പിന് ശമനമായി. മെല്ലെ മുന്നോട്ട് നടന്നു. എവിടെ നോക്കിയാലും നിറയെ കെട്ടിടങ്ങൾ . രാത്രിയും പകലും വ്യത്യാസമില്ലാതെ വെളിച്ചവും ശബ്ദ കോലാഹലങ്ങളും.
വയറു നിറഞ്ഞ ക്ഷീണത്തിൽ ഒന്നു വിശ്രമിച്ചു മയങ്ങിപ്പോയി. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. ചുറ്റും മനുഷ്യർ കൈകളിൽ വടിയുമായി എന്നേക്കാൾ പേടിച്ചാണ് നിൽക്കുന്നത്. കടുവ എഴുന്നേറ്റ് നിന്നതോടു കൂടി ആളുകൾ കൂവി വിളിക്കാനും ചെണ്ട കൊട്ടാനും തുടങ്ങി.
കടുവയുടെ ജീവൻ ഇനി നിങ്ങളുടെ കൈകളിലാണ്.
ഈ ലോകം മനുഷ്യർക്ക് മാത്രമുള്ളതല്ല. ഏല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്.
ഈ കടുവയെ രക്ഷിക്കാൻ എന്താണു മാർഗം. ബാക്കി കഥ എഴുതി നോക്കൂ.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US