കുട്ടിക്കളി
…………………..

രു തുടം വെള്ളം കുടിച്ചിട്ടു വന്നിടാൻ
ഉച്ചവെയിലെങ്ങോ പോയ നേരം
പച്ചത്തലപ്പിന്റെ ഛായയിൽ കുട്ടികൾ
ഒത്തുകൂടി കളി കൂട്ടമായി.

അമ്മയുറങ്ങുവാൻ പായ നീർത്തും നേരം
കോലായിലച്ഛന്റെ കൂർക്കം വലി
തഞ്ചത്തിൽ ചാടിയിറങ്ങുന്ന നേരത്തു
മുത്തശ്ശി മാത്രമെ കണ്ടതുള്ളൂ.

അച്ചിപ്പുളിങ്ങകൾ കാതിലിട്ടാട്ടുന്ന
ഒത്ത പുളിമരച്ചോട്ടിലാകെ
ഇന്നലെ സന്ധ്യക്കു ബാക്കി വെച്ചോടിയ
പിഞ്ചു പാദത്തിൻ അടയാളങ്ങൾ.

ആ വഴി ഈ വഴി ഓടി വന്നീടുന്നു
കുട്ടികൾ ഒറ്റക്കളിപ്പാട്ടമായ്
ആയിരം പൂക്കളെ ഒറ്റ ഞെട്ടിൽ നിർത്തും
ആരാലും മോഹിക്കും പൂങ്കുലയായ്.

ഞാനാദ്യം നീയാദ്യം ഞങ്ങളാദ്യം
കോലാഹലത്തിന്റെ വായ്ത്താരികൾ
നീയില്ല ഞാനില്ല നമ്മൾ മാത്രം
കളിയാരവത്തിൽ ജനാധിപത്യം.

കുട്ടിക്കളിയെന്നു ചൊല്ലി കലമ്പുന്ന
മുറ്റിയോർക്കുണ്ടോ വകതിരിവ്
തൊട്ടടുത്തായിട്ടു പോലും അയൽപ്പക്ക
വീട്ടിലാരാണെന്നറിയുകില്ല.

ആളോളം പൊക്കത്തിലല്ലോ മതിലുകൾ
കാറ്റു പോലും വന്നു മാറി നിൽപ്പൂ
ഉള്ളിൽ പണിഞ്ഞിട്ട കാണാത്ത മതിലുകൾ
കാണേണ്ടതെല്ലാം മറച്ചുവെക്കും.

കുട്ടിക്കളിയുടെ കുട്ടിത്തം ചേരുമ്പോൾ
ചേർക്കുവാൻ പറ്റാത്തതൊന്നുമില്ല
ജാതി മതക്കളി ലേശമറിയില്ല
ജാതകം നോക്കി കളിക്കാറില്ല.

ആരെന്നും എന്തെന്നുമില്ലാത്ത തണലത്തു
ആർപ്പും വിളികളും ജീവതാളം
എല്ലാർക്കുമൊരു പേരു ചങ്ങാതിയെന്ന്
എല്ലാർക്കും എല്ലാരും സ്വന്തമെന്ന്‌.

മണ്ണു കുഴച്ചു കളിക്കുമ്പോഴറിയുന്നു
മണ്ണാണ് ശാശ്വത സത്യമെന്ന്
വെച്ചു വിളമ്പി കളിയാടും നേരത്ത്
വറ്റാത്ത സ്നേഹത്തിൻ ഈടുവെപ്പ്.

കൊത്തക്കല്ലാടുമ്പോൾ പൊട്ടിത്തകരുന്നു
കന്മഷ കോട്ടകൾ എങ്ങുനിന്നും
തേച്ചുമിനുക്കുമ്പോൾ കൊമ്പൊടിഞ്ഞീടുന്ന
കക്കുകൾ സ്നേഹത്തിൻ പൂമ്പാറ്റകൾ.

കള്ളക്കുറുക്കന്റെ പല്ലിൽ കുടുങ്ങാതെ
കോഴിക്കു കാവലാകുന്നു ബാല്യം
ഏമാന്റെ മുമ്പിൽ കുടുങ്ങുന്ന കള്ളനെ
സ്നേഹം പൊതിയുന്ന നല്ല കാലം.

പൂക്കൾ കൊരുത്തതും മാലയണിഞ്ഞതും
പൂക്കാലമാകുവാൻ വേണ്ടിയല്ലോ
ആശകൾ വാശിയായ് തല്ലുകൊള്ളിച്ചത്
ആകാശമാകുവാൻ തന്നെയല്ലോ.

കുട്ടിക്കളിക്കിത്ര കേമത്തമുണ്ടെങ്കിൽ
മൊട്ടായി തീരുവാൻ തന്നെ മോഹം
മോഹങ്ങൾ മാനത്തിനറ്റം തിരയുമ്പോൾ
മോഹഭംഗത്തിൻ കരിമേഘങ്ങൾ.

പി.ടി.മണികണ്ഠൻ പന്തലൂർ

0 Comments

Leave a Comment

FOLLOW US