കുഞ്ഞിപ്പെണ്ണും ചാച്ചാജിയും

വൈകുന്നേരം സ്‌കൂള്‍ വിട്ടതും കുഞ്ഞിപ്പെണ്ണ് ക്ലാസില്‍ നിന്നിറങ്ങി ഒരൊറ്റ ഓട്ടമായിരുന്നു. കൂട്ടുകാരിയോട്, ഇന്നേ കൊച്ചച്ഛന്റൊപ്പം ബുള്ളറ്റിലാ പോണേ’ എന്ന് വീമ്പടിച്ച് തിരിഞ്ഞു നോക്കാതെ പാഞ്ഞു. നിലംതൊടാതെയുള്ള ഈ ഓട്ടത്തിനു പിന്നില്‍ ഒരു കാര്യമുണ്ട്. കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി ഗേറ്റിനു മുന്നില്‍ കാത്തുനിന്ന കൊച്ചച്ഛന്റെ അടുത്തെത്തി.

‘എന്തിനാ കുഞ്ഞി കിതക്കുന്നെ? നടന്നു വന്നാല്‍പ്പോരെ?’ കൊച്ചച്ഛന്‍ പരിഭവിച്ചു.
‘ഇന്നൊരു സംഭവുണ്ടായി. ഭയങ്കര സംഭവാ…’ കിതപ്പിനിടെ അവള്‍ പറഞ്ഞൊപ്പിച്ചു.
‘എന്തു സംഭവം?’ കൊച്ചച്ഛനും വിശേഷമറിയാന്‍ തിടുക്കമായി.
‘അതൊക്കെ പറയാം. എന്നെ എടുത്തിരുത്ത്’. രണ്ടു കൈയും മേപ്പോട്ടാക്കി അവള്‍ കൊച്ചച്ഛനെ നോക്കി ചിരിച്ചു.
ഗമയില്‍ ബുള്ളറ്റില്‍ കേറിയിരുന്ന്, കൂട്ടുകാരികള്‍ക്ക് നീട്ടി ഒരു ടാറ്റയും കൊടുത്ത് അവള്‍ കൊച്ചച്ഛനു നേരെ തിരിഞ്ഞു, ‘കാര്യം പറയട്ടേ…’
‘പറയ്.’
‘അതില്ലേ… ഞങ്ങള്‍ടെ സ്‌കൂളിലേ ശിശുദിന ആഘോഷം വരണുണ്ട്.’
‘അതിനിപ്പോ എന്താ. അതെല്ലാക്കൊല്ലോം ഉള്ളതല്ലേ കുഞ്ഞീ…?’ കൊച്ചച്ഛന്റെ മറുപടി കുഞ്ഞിക്ക് അത്രയ്ക്കങ്ങ് ഇഷ്ടായില്ല.
‘എന്നാ കൊച്ചച്ഛന്‍ പറ എന്നാ ശിശുദിനം?’
‘നവംബര്‍ 14ന്. നമ്മുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നത്. ശരിയല്ലേ?’
‘ആ ശരിതന്നെ. എന്നാല്‍ കൊച്ചച്ഛന്‍ പറ ആരാ ഞങ്ങള്‍ടെ സ്‌കൂളില്‍ ഇക്കൊല്ലം ചാച്ചാജി ആവുന്നേ?’
‘ആരാ?’
‘ഈ ഞാന്‍…’ കുഞ്ഞിപ്പെണ്ണ് കുടുകുടാ ചിരിച്ചുകൊണ്ട് കൈകൊട്ടാന്‍ തുടങ്ങി.
‘ആഹാ… മിടുക്കിയാണല്ലോ?’ കൊച്ചച്ഛന്റെ അഭിനന്ദനം കുഞ്ഞിപ്പെണ്ണിനു നന്നേ ഇഷ്ടായി.
‘പക്ഷേ ഇല്ലേ കൊച്ചച്ഛാ ഒരു കാര്യമുണ്ട്,’ കുഞ്ഞിപ്പെണ്ണിന്റെ ശബ്ദം താഴ്ന്നു. കൊച്ചച്ഛന്റെ കൈയില്‍ എല്ലാത്തിനു പോംവഴിയുണ്ടെന്നു അച്ഛമ്മ പറഞ്ഞ് കുഞ്ഞിപ്പെണ്ണു കേട്ടിട്ടുണ്ട്. ആ ധൈര്യത്തിലാണ് കുഞ്ഞിപ്പെണ്ണ് വിഷയം കൊച്ചച്ഛനു മുന്നില്‍ അവതരിപ്പിച്ചത്.

‘എന്തു പറ്റീ?’
‘അങ്ങനെ ചാച്ചാജി ആകണേല്‍ മത്സരമുണ്ട്. അതു ജയിക്കണം. എല്‍പി സ്‌കൂളീന്ന് ആറു പേരുണ്ട്. പക്ഷേ രണ്ടാം ക്ലാസില്‍ന്ന് ഞാന്‍ മാത്രമേ ഉള്ളൂ.’
‘ അത്രയല്ലേയുള്ളൂ. ഇതു നിസാരമാണ് കുഞ്ഞിപ്പെണ്ണേ. ആട്ടെ എന്താ മത്സരം?’ വീട്ടുമുറ്റത്ത് വണ്ടി നിര്‍ത്തി കുഞ്ഞിയെ വണ്ടിയില്‍ നിന്ന് ഇറക്കുമ്പോള്‍ കൊച്ചച്ഛന്‍ ചോദിച്ചു.
‘ഇങ്ങിട് കുനിയ്… അതില്ലേ… കുഞ്ഞിക്ക് ശിശുദിനത്തെക്കുറിച്ച് ഒരു പ്രസംഗം വേണം’, അവള്‍ കൊച്ചച്ഛന്റെ കാതില്‍ സ്വകാര്യം പറഞ്ഞു. എന്നിട്ട് വേറെ ആരോടും പറയല്ലേ എന്നൊരും താക്കീതും കൊടുത്തു.
‘എന്നാ മത്സരം?’
‘നാളെ കഴിഞ്ഞ്.’ അവള്‍ ചിരിച്ചു.

അതൊക്കെ ശരിയാക്കാം കുഞ്ഞി കുളിച്ച് ചായ കുടിക്കുമ്പോഴേക്കും സംഗതി റെഡി’ അവള്‍ കൊച്ചച്ഛനു കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തിട്ട് അകത്തേക്കോടി.
കുളികഴിഞ്ഞെത്തിയതും അമ്മേ…. എന്നു നീട്ടി വിളിച്ച് കുഞ്ഞി അടുക്കളയില്‍ ഹാജരായി. നല്ല വാഴയിലയില്‍ പൊതിഞ്ഞുണ്ടാക്കിയ ചക്കരയടയുടെ മണമടിച്ചതും കുഞ്ഞിപ്പെണ്ണിന്റെ വായില്‍ കപ്പലോടി.

‘ഹായ് ഇന്ന് ചക്കരയടയാ? കുഞ്ഞിക്ക് ഇഷ്ടാ’ അവള്‍ അടുക്കളയിലെ പാതുകത്തില്‍ ചാടിക്കയറി.
അതേല്ലോ… അട പാത്രത്തിലേക്കു മാറ്റുന്നതിനിടെ അച്ഛമ്മ പറഞ്ഞു.
അച്ഛമ്മ അട മുറിച്ച് കുഞ്ഞിയുടെ വായില്‍ വച്ചു കൊടുത്തു. ചക്കരയും തേങ്ങയും കുഴച്ചുണ്ടാക്കിയ അരിയട ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നപ്പോഴേക്കും കൊച്ചച്ഛന്റെ വിളിയെത്തി.

വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന്, അവളെ എടുത്ത് മടിയില്‍ ഇരുത്തി കൊച്ചച്ഛന്‍ പറഞ്ഞു തുടങ്ങി,
സ്വാതന്ത്ര്യസമര നായകനും രാഷ്ട്രശില്‍പിയും നമ്മുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. 1889 നവംബര്‍ 14ന് മോത്തിലാല്‍ നെഹ്‌റുവിന്റെയും സ്വരൂപാറാണിയുടേയും മകനായി ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചു. ജവാഹര്‍ എന്നാല്‍ അരുമയായ രത്‌നം എന്നാണര്‍ഥം. കുട്ടികളേയും പൂക്കളേയും അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നു. ചാച്ചാജിയുടെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ നെഞ്ചോടു ചേര്‍ന്നൊരു കുഞ്ഞു റോസാപ്പൂവ് കുഞ്ഞി ശ്രദ്ധിച്ചിട്ടില്ലേ?

ഉവ്വ്… കണ്ടിട്ടുണ്ട്’ കൊച്ചച്ഛന്‍ പറയുന്നതു ശ്രദ്ധയോടെ കേട്ടെഴുതുന്നതിനിടെ കുഞ്ഞി പറഞ്ഞു.
ആ അത് പൂക്കളോടുള്ള ഇഷ്ടം കൊണ്ടാണ്. കുട്ടികള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ചാച്ചാജി എന്നാണ് വിളിച്ചിരുന്നത്. കുട്ടികളുടെ കൂട്ടുകാരന്‍ ആയിരുന്നതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നത്.

നീണ്ട കുപ്പായവും വെള്ളത്തൊപ്പിയും നെഞ്ചില്‍ റോസാപ്പൂവമുള്ള ചിരിക്കുന്ന റോസാപ്പൂ അപ്പൂപ്പന്റെ രൂപം കുഞ്ഞിയുടെ മനസ്സില്‍ തെളിഞ്ഞു.

കൊച്ചച്ഛന്‍ തുടര്‍ന്നു…

പൂക്കളേയും കുട്ടികളേയും പോലെ അദ്ദേഹത്തിനു പുസ്തകങ്ങളും ഏറെ ഇഷ്ടമായിരുന്നു. കുട്ടിക്കാലം മുതല്‍ പുസ്തകങ്ങള്‍ വായിക്കുക മാത്രമല്ല, പില്‍ക്കാലത്ത് ദി ഡിസക്കവറി ഓഫ് ഇന്ത്യ, ആന്‍ ഓട്ടോ ബയോഗ്രഫി, ദി യൂണിറ്റി ഓഫ് ഇന്ത്യ തുടങ്ങി അനേകം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുമ്പോഴാണ് ദി ഡിസ്‌ക്കവറി ഓഫ് ഇന്ത്യ അദ്ദേഹം എഴുതിയത്. ജയിലില്‍ നിന്നു അദ്ദേഹം മകള്‍ ഇന്ദിരാ ഗാന്ധിക്കയച്ച കത്തുകള്‍ പിന്നീട് ലെറ്റേഴ്‌സ് ഫ്രം എ ഫാദര്‍ ടു ഹിസ് ഡോട്ടര്‍ എന്ന പേരില്‍ പുസ്തകമായി. ഇംഗ്ലണ്ടിലെ ഹാരോ സ്‌കൂള്‍, കേംബ്രിഡ്ജ് ട്രിനിറ്റി കോളജ്, ലണ്ടനിലെ ഇന്നര്‍ ടേബിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പഠനം കഴിഞ്ഞു തിരികെ അലഹബാദിലെത്തിയ നെഹ്‌റു അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1916ല്‍ ലക്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍വച്ച് ഗാന്ധിജിയെ കണ്ടുമുട്ടിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായി.

പില്‍ക്കാലത്ത് പ്രധാനമന്ത്രിയായിരിക്കുമ്പോഴും കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. 1964ല്‍ അദ്ദേഹം നമ്മെയൊക്കെ വിട്ടു പിരിഞ്ഞു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയില്‍ നടക്കുന്ന ശിശുദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം കുട്ടികളുടെ ക്ഷേമത്തിലും വിദ്യാഭ്യാസത്തിലും സ്വാതന്ത്ര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നവംബര്‍ 14ലാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നതെങ്കിലും അന്തര്‍ ദേശീയ ശിശുദിനം നവംബര്‍ 20നാണ്.

ഇത്രയും പോരെ കുഞ്ഞിപ്പെണ്ണിന് ചാച്ചാജിയാകാന്‍ ? കൊച്ചച്ഛന്‍ ചോദിച്ചു.
മതി…മതി….ഇനി ഞാന്‍ തന്നെ ചാച്ചാജി. പുസ്തകം മടക്കവേ, അച്ഛമ്മയുണ്ടാക്കിയ അടയുടെ രുചി കുഞ്ഞിപ്പെണ്ണിന്റെ നാവിലേക്കോടിയെത്തി. പിന്നെ വൈകിയില്ല, അവള്‍ നേരെ അടുക്കളയിലേക്കോടി…

അഞ്ജലി അനില്‍കുമാര്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content