കവിത രചിച്ചു പഠിക്കാം – കവിതയിലെ വിത

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

വിതയിലെ താളത്തെക്കുറിച്ചാണ് ഇതുവരെ കൂടുതൽ ചർച്ച ചെയ്തത്. കാരണം താളം കവിതയുടെ ജീവനാണ്. താളത്തോടൊപ്പം അർത്ഥവും ആശയവും വേണമെന്ന് നമുക്കറിയാം. എന്നാൽ കവിത യെ കവിതയാക്കുന്നത് അതിന്റെ കാവ്യാത്മകതയാണ്. ചമൽക്കാരം, ഭംഗി, കല്പന, പ്രയോഗ സവിശേഷത, അലങ്കാരം എന്നിങ്ങനെ വിവിധ പേരുകളിൽ അത് അറിയപ്പെടുന്നു.

നേരിട്ടു പറയുന്നത് കവിതയല്ലെന്നും വക്രോക്തി അഥവാ വളഞ്ഞ വാക്കാണ് കവിതയെന്നും പറയാറുണ്ട്. പറയുന്നത് ഒന്ന്. അതിൽ നിന്ന് കിട്ടുന്ന അർത്ഥം വേറൊന്ന് എന്ന അവസ്ഥയാണത്. രസം, ധ്വനി എന്നിങ്ങനെയുള്ള വാക്കുകൾ ഇതിനെ സൂചിപ്പിക്കുന്നു.
ഒരു ഉദാഹരണം നോക്കാം.

കുഞ്ഞുണ്ണി മാഷ് എഴുതിയ

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു.

ഇതിൽ പൂച്ച ചെയ്യുന്ന വൃത്തിയാക്കൽ ശുചീകരണമാണോ. അല്ലേയല്ല. പിന്നെയോ. പാത്രത്തിലെ പാലെല്ലാം പൂച്ച കുടിച്ചു എന്നല്ലേ. വായിച്ചു കഴിയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഒരു മിന്നൽപ്പിണർ പോലെ രസം പ്രവഹിക്കുന്നു. ഇതിനെ കൂടുതൽ മികവുറ്റതാക്കാൻ കവി രണ്ടാമത്തെ വരിയിൽ പൂച്ചയുടെ വൃത്തിയെക്കുറിച്ചു പറയുന്നു. രണ്ടാമത്തെ വരിയിലെ വൃത്തിയിൽ നിന്ന് നാലാമത്തെ വരിയിലെ വൃത്തിയിലെത്തുമ്പോൾ അർത്ഥവ്യത്യാസം വരുന്നതു നോക്കുക. കൂടാതെ ഇതു വായിക്കുമ്പോൾ പൂച്ചയുടെ മനോഹരമായ ചിത്രം, അതു പാൽപ്പാത്രം നക്കിത്തുടച്ചു വൃത്തിയാക്കി വെക്കുന്ന ചിത്രം എന്നിവ മനസ്സിൽ നനവുണ്ടാക്കുന്നില്ലേ. ഇത്തരത്തിൽ വാക്കു വിതച്ചു രസം കൊയ്യുന്ന വിദ്യയാണ് കവിത.

നിങ്ങൾ മുമ്പെഴുതിയ വരികൾ പരിശോധിച്ചാൽ ഇത്തരത്തിലുള്ള ധാരാളം പ്രയോഗങ്ങൾ കണ്ടെത്താൻ കഴിയും. മലയിൽ കാടുണ്ട് എന്ന തുടങ്ങുന്ന കവിതയിൽ ഒരു കുട്ടി എഴുതിയ വരി ഇങ്ങനെയാണ്.

കിളിയിൽ ആകാശമുണ്ട്.
ആകാശത്തിൽ കിളിയുണ്ട്.

എന്നത് ഒരു സാധാരണ വാക്യം. അതിനെ തിരിച്ചിട്ടപ്പോൾ കവിതയുടെ ആകാശമാണ് കവി നമുക്ക് കാണിച്ചു തരുന്നത്. അർത്ഥത്തിന്റെ അനന്തതയിലേക്കും അപാരതയിലേക്കും ഈ വരി നമ്മെ കൊണ്ടു പോകുന്നു. അത് എന്തൊക്കെയാണെന്ന് കണ്ടു പിടിക്കു. അർത്ഥവ്യാപ്തിയും കാവ്യാത്മകതയും നിറഞ്ഞു തുളുമ്പുന്ന പ്രയോഗ ഭംഗിയുടെ പ്രകാശമുള്ള കുറച്ചു വരികൾ ഒന്നെഴുതി നോക്കൂ.

കർഷകൻ മണ്ണിളക്കുന്നതു പോലെ വായനക്കാരന്റെ മനസ്സിളക്കാം. അതിലേക്ക് വാക്കുകൾ വിത്തുകൾ പോലെ പാകാം. ഒന്നിനു പത്തും പത്തിനു നൂറുമേനിയും വിളവു കൊയ്യാൻ കഴിയട്ടെ.

ഒരു കുട്ടി എഴുതിയ മറ്റൊരു കവിത നോക്കുക.

അടുക്കളയിൽ ദോശയുടെ മണം
അമ്പലത്തിൽ ചന്ദനത്തിന്റെ മണം
കല്യാണപ്പന്തലിൽ മുല്ലപ്പൂവിന്റെ മണം
സ്കൂളിൽ ചുട്ട അടിയുടെ മണം

ഇതിലെ ഓരോ വരിയും നമ്മുടെ മനസ്സിൽ ചിത്രമുണ്ടാക്കുന്നു. അടുക്കളയിൽ അമ്മ ദോശ ചുടുന്ന ചിത്രം. അമ്പലത്തിൽ പൂജാരി ചന്ദനം തരുന്ന ചിത്രം. കല്യാണപ്പന്തലിൽ താലികെട്ടുന്ന സമയം വധു ചൂടിയ മുല്ല മാലയുടെ ചിത്രം. കാണൽ മാത്രമല്ല, ഓരോന്നിന്റെയും മണം മൂക്കിലേക്കു കിട്ടുന്നില്ലേ. നാലാമത്തെ വരിയിലെ ചുട്ട അടിയുടെ മണം എങ്ങനെയുണ്ട്. അതു് എവിടേക്കാണ് അടിച്ചു കയറുന്നത്. മൂക്കിലേക്കാണോ. അതോ മനസ്സിൽ സൂക്ഷിച്ചു വെച്ച ഓർമ്മകളുടെ അറകളിലേക്കാണോ ? ‘ചുട്ട അടി’ എന്ന പ്രയോഗം നോക്കുക. അടുക്കളയിൽ അമ്മചുട്ടെടുക്കുന്ന ദോശ പോലെയാണോ ക്ലാസ്സിൽ ടീച്ചർ അടിചുട്ടെടുക്കുന്നത്. ചുട്ട അടിയുടെ മണം എന്നത് അപൂർവമായ ഒരു പ്രയോഗമാണ്. ടീച്ചറുടെ അടി കൊണ്ട് കുട്ടി പുളയുന്ന രംഗം നാം മനസ്സിൽ കാണുന്നു. നമ്മുടെ ഉള്ളിൽ അസ്ഥിയിലൂടെ ഒരു പുളിപ്പ് അരിച്ചു കേറുന്നു. അടിക്കുമ്പോൾ ശബ്ദമുണ്ടാകാം. അതിനു മണമുണ്ടെന്ന് കണ്ടെത്തുകയും അതിലേക്കു നയിക്കാൻ ആദ്യ വരികളിൽ മറ്റു മണങ്ങളെ പരിചയപ്പെടുത്തുകയുമാണ് ഇവിടെ കവി കാണിക്കുന്ന മിടുക്ക്. ഇത് കവിതയുടെ ശില്പഭംഗിയിലേക്ക് കൂടി വെളിച്ചം വീശുന്നു.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

1 Comment

ambikapmenon@gmail.com November 10, 2019 at 7:27 am

വായിക്കുകയും കേൾക്കുകയും കുട്ടികളെ കേൾപ്പിക്കുകയും ചെയ്തിരുന്നു മാഷെ…

താളത്തിനു പ്രാധാന്യം നൽകിക്കൊണ്ട് മലയാളം മിഷൻ കുട്ടികൾ ചില വരികൾ എഴുതാറുണ്ട്.. .. പൂക്കാലത്തിൽ പ്രസിദ്ധീകരിക്കാറുമുണ്ട്..

ഇനിയും മടിച്ചു നിൽക്കുന്നവർക്ക്‌ ഏറെ പ്രയോജനപ്രദമാണ് ഈ ലേഖനം…
വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു…

Leave a Comment

FOLLOW US