2018 ലെ മഹാത്മഗാന്ധി രക്തസാക്ഷി അനുസ്മരണ ലേഖന മത്സര വിജയി (അധ്യാപകവിഭാഗം)
ഒന്നാം സ്ഥാനം: ദിവ്യ സി.ആർ (ഘോനാവാല പഠനകേന്ദ്രം, പൂനെ)

മഹാത്മഗാന്ധിയും മതനിരപേക്ഷതയും – ഒരു വർത്തമാനകാല ചിന്ത

വ്യക്തിയും, ഭരണകൂടവും തമ്മിലുള്ള ഇടപെടലുകളിൽ മതത്തെ പൂർണ്ണമായും ഒഴിച്ചുനിർത്തുന്ന ആധുനിക സങ്കൽപ്പത്തെ മതനിരപേക്ഷത എന്ന പദം കൊണ്ട് വിവക്ഷിക്കാം. മതവും രാഷ്ട്രീയവും വേറിട്ടുനിൽക്കണമെന്ന ഈ വീക്ഷണത്തിന്റെ സ്വാഭാവികമായ തുടർച്ചയെന്ന നിലയാണ് ഭരണകൂടം മതമുക്തമായിരിക്കണം എന്ന നിലപാട് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അവതരിപ്പിക്കുന്നത്. ഒരു രാജ്യത്തിലെ മുഴുവൻ ആളുകളും ഓരേ മതത്തിൽ വിശ്വസിച്ചാലും, ഭരണകൂടത്തിന് മതം ആവശ്യമില്ല എന്നതായിരുന്നു ഗാന്ധിജിയുടെ വീക്ഷണം.

മതം തികച്ചും വ്യക്തിപരമായ ഒരു കാര്യമാണെന്നും അതിനെ വ്യക്തിപരമായ തലത്തിൽ നിലനിർത്തുന്നതിൽ നാം വിജയിച്ചാൽ നമ്മുടെ രാഷ്ട്രീയ ജീവിതത്തിൽ മറ്റെല്ലാം നന്നായിത്തീരുമെന്നും ഗാന്ധിജി പ്രസ്താവിച്ചിട്ടുണ്ട്. എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാൻ കഴിയുക എന്നതാണ് മതനിരപേക്ഷത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആധുനിക കാലത്ത് മതം വ്യക്തിബന്ധങ്ങളിൽ മാത്രമല്ല രാജ്യന്തര ബന്ധങ്ങളിലും സ്പർദ്ധയും തർക്കങ്ങളും വളർത്തുന്നത് നമ്മൾ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. നാനത്വങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ഇതര തർക്കങ്ങളും പരിഹരിച്ച് ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് മതനിരപേക്ഷത അനിവാര്യമാണ്.

വിഭജനത്തോട് അനുബന്ധിച്ച് ബംഗാളിലെ നവഖാലിയിലുണ്ടായ കലാപം ശാന്തമാക്കാൻ ഗാന്ധിജി ഗ്രാമീണരോട് സംസാരിക്കുന്നു

മതവും മതാധിഷ്ഠിത രാഷ്ട്രീയവും ഇന്ത്യയെ വിഴുങ്ങരുത് എന്നതായിരുന്നു ഗാന്ധിജിയുടെ അവസാനകാല സ്വപ്നം. മതത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി പ്രഖ്യാപിച്ച ആദ്യകാല നിലപാടുകളിൽ നിന്നും മതത്തെയും രാഷ്ട്രീയത്തേയും സമ്പൂർണ്ണമായും വേർപെടുത്തണം എന്ന നിലപാടിലേക്ക് അപ്പോഴേക്കും അദ്ദേഹം എത്തിച്ചേർന്നിരുന്നു. സ്വതന്ത്ര ഇന്ത്യ ഒരു ‘ഹിന്ദു രാജ് ‘ ആയിക്കൂടെന്നും അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭൂരിപക്ഷത്ത അടിസ്ഥാനപ്പെടുത്താത്ത ‘ ഇന്ത്യൻ രാജ് ‘ ആയിരിക്കുമെന്നും പാക്കിസ്ഥാൻ വാദം ഉയർന്നുവന്ന ഘട്ടത്തിൽ അദ്ദേഹം വ്യക്തമാക്കി. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗാന്ധിജിയുടെ ആലോചനകൾ പരസ്പരഭിന്നമായ 3 ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയാം.

രാഷ്ട്രീയവും മതവും പരസ്പരപൂരകമാണെന്നും മതമില്ലാത്ത രാഷ്ട്രീയം അധാർമികമാണെന്നുമുള്ള നിലപാടാണ് തന്റെ പൊതുജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഗാന്ധിജി കൈകൊണ്ടിരുന്നത്. മതത്തെ സാമ്പ്രദായിക മതത്തിൽ നിന്നും വേർപ്പെടുത്തുകയും അതിനെ ധാർമ്മികമായ ഒരടിസ്ഥാനമായി കാണുകയും ചെയ്യുന്നതാണ് രണ്ടാമത്തെ നിലപാട്. ഇവിടെ മതത്തിന്റെ ധാർമ്മികമായ ഉള്ളടക്കം ഗാന്ധിജി ഉയർത്തി പിടിച്ചിരുന്ന ഒരു മൂല്യമാണെന്ന കാര്യം മറന്നുകൂടാ. മതവും രാഷ്ട്രീയവും തികച്ചും വ്യത്യസ്തങ്ങളായ വീക്ഷണങ്ങളാണെന്നും അവ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാകരുത് എന്നുമുള്ള ഖണ്ഡിതമായ നിലപാടിലേക്ക് അവസാനം അദ്ദേഹം എത്തിച്ചേർന്നു.

മൂന്ന് പതിറ്റാണ്ടോളം താൻ പിന്തുടർന്ന ഈ നിലപാടിനെ ഗാന്ധിജി പിന്നീട് വിമർശനാത്മകമായി മറികടക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിൽ വർഗ്ഗീയതയും മത്രഭാന്തും പടർന്നു പിടിച്ചതോടെയാണ് അദ്ദേഹം പുനരലോചനയ്ക്ക് തയ്യാറെടുത്തത്. രണ്ട് സവിശേഷ പ്രമേയങ്ങളാണ് ഗാന്ധിജി ഇക്കാലത്ത് പ്രത്യേകം അഭിസംബോദനചെയ്തത്. ദേശീയതയെ മതവുമായി ബന്ധപ്പെടുത്തി നിർവചിക്കാനുള്ള ശ്രമമാണ് അതിൽ ആദ്യത്തേത്. മധ്യകാലത്തെ ഇസ്ലാമിക ഭരണത്തെ വൈദേശികമായും വിഭജനശക്തിയായും അവതരിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാമത്തേത്. മതമോ മതാധിഷ്ഠിതമായ മൂല്യങ്ങളോ ആണ് ദേശിയതയുടെ അടിസ്ഥാനമെന്ന വാദത്തെ ഗാന്ധിജി പൂർണ്ണമായും നിരസിച്ചു. ദേശീയതയുടെ യഥാർത്ഥമായ മൂല്യ പരിശോധന മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പൊതുവായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജിന്നയ്ക്ക് എഴുതിയ കത്തിൽ അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

മതത്തെക്കുറിച്ചുള്ള ഔപചാരിക ധാണകൾക്കപ്പുറം കടന്ന് അതിനെ ഒരു നൈതിക പ്രമാണമായി ഉറപ്പിക്കാൻ ഗാന്ധിജി ഈ സന്ദർഭത്തിൽ കൂടുതൽ ശ്രമിക്കുന്നതായി കാണാം. 1940-ന്റെ മധ്യത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിക്കായി തയ്യാറാക്കിയ കരട് പ്രമേയത്തിൽ തന്റെ രാഷ്ട്രീയ പ്രേരണകളുടെ പ്രഭവം മതവും നൈതികതയുമാണെന്ന് ഗാന്ധിജി ചേർത്ത് പറയുന്നുണ്ട്. അക്കാലത്ത് തന്നെ മറ്റൊരു സന്ദർഭത്തിൽ തന്റെ മത സങ്കൽപ്പം ഔപചാരിക മത വിഭജനങ്ങളെ മാനിക്കുന്ന ഒന്നല്ലെന്ന് ഗാന്ധിജി വ്യക്തമാക്കുന്നു. മതത്തെ അതിന്റെ സാമ്പ്രദായിക ചട്ടക്കൂടുകൾക്കപ്പുറം കൊണ്ട് വന്ന് അതിനെ ഒരു ഗാർഹിക പ്രമാണമായി പുനർ വിഭാവനം ചെയ്യാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളുടെ ഉയർന്നതലമാണ് നാമിവിടെ കാണുന്നത്.

മുഹമ്മദ് അലി ജിന്നയും ഗാന്ധിജിയും

വിഭജനത്തിന്റെ അരങ്ങൊരുങ്ങുകയും, രാജ്യം മത്രഭാന്തിന്റെ പിടിയിലേക്ക് വഴുതിത്തുടങ്ങുകയും ചെയ്ത 1940-കളിൽ ഗാന്ധിജി തന്റെ നിലപാടുകൾ വീണ്ടും പുതുക്കിപ്പണിയുന്നുണ്ട്. മതത്തിന്റെ ധാർമ്മിക സ്വരൂപം എന്ന ആശയം അദ്ദേഹം ഇക്കാലത്തും കൈവെടിഞ്ഞില്ല. തന്നെ മതം തീർത്തും വ്യക്തിഗതമായ കാര്യമാവണമെന്നും രാഷ്ട്രീയത്തിൽ അതിന് ഇടമുണ്ടാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. 1946 സെപ്റ്റംബർ 16-ന് ഒരു ക്രൈസ്തവ മിഷണറിയുമായി നടത്തിയ സംഭാഷണത്തിൽ താൻ ഈ രാജ്യത്തിന്റെ പരമാധികാരിയായി മാറുകയാണെങ്കിൽ മതത്തെയും, ഭരണകൂടത്തെയും വേർപെടുത്തിയിരിക്കും എന്നദ്ദേഹം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നതുകാണാം.

മതാധിഷ്ഠിത രാഷ്ട്രീയം അന്തിമമായി എത്തിച്ചേരാൻ ഇടയുള്ളത് ഭരണകൂടത്തിന്റെ മതവത്ക്കരണത്തിലായിരിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. എന്തു വിലകൊടുത്തും ചെറുക്കപ്പെടേണ്ട ഒന്നായാണ് ഗാന്ധിജി മതാധിഷ്ഠിത ഭരണകൂടത്തെ കണ്ടത്. മതാധിഷ്ഠിതമായി ഇസ്രായേൽ എന്ന രാജ്യം രൂപവത്ക്കരിക്കുന്നതിനെ അദ്ദേഹം എതിർത്തതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.

വാസ്തവത്തിൽ ഗാന്ധിജിയെ വധിച്ചത് ഗോഡ്സേ എന്നൊരാൾ മാത്രമല്ല. മതവും രാഷ്ട്രീയവുമായി കൂട്ടിയിണക്കാനും, മതരാഷ്ട്രത്തിലേക്ക് ഇന്ത്യയെ ആനയിക്കാനുമുള്ള പതിറ്റാണ്ടുകൾ നീണ്ട കാര്യപരിപാടിയുടെ ഭാഗമായിരുന്നു അത്. രാഷ്ട്രപിതാവിന്റെ കൊലപാതകം മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വിനാശകരമായ വളർച്ചയെ തടഞ്ഞു നിർത്താനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളായിരുന്നു ആ രക്തസാക്ഷിത്വത്തിന്റെ യഥാർത്ഥ ഹേതു.

1948 ജനുവരി 30-ന് വെയിൽ ചായുന്ന വേളയിൽ, നാഥുറാം ഗോഡ്സെയുടെ മതഭ്രാന്തമായ കൈത്തോക്കിൽ നിന്നുതിർന്ന മൂന്നു വെടിയുണ്ടകളേറ്റുവാങ്ങി ഇന്ത്യകണ്ട എക്കാലത്തെയും മഹിതമായ ജീവിതങ്ങളിലൊന്ന് വിടവാങ്ങി. ജീവിതത്തിന്റെ അവസാന നാളുകളിൽ ഗാന്ധിജി ഏകാകിയും, അശരണനുമായിരുന്നു. വിഭജനം ചോരപ്പുഴയൊഴുക്കിയ വഴികളിലൂടെ പതിഞ്ഞ ചുവടുകൾവെച്ച് പരിക്ഷീണനായി അദ്ദേഹം നടന്നു. അക്കാലത്ത് പ്രാർത്ഥനാ യോഗങ്ങളിൽ നിങ്ങൾ പറയുന്നത് ആരും കൈക്കൊള്ളുന്നില്ലെങ്കിൽ തനിയെ നടക്കുക; തനിയെ നടക്കുക എന്ന ടാഗോറിന്റെ വരികൾ ഗാന്ധിജി ആവർത്തിക്കുമായിരുന്നു. സ്വാതന്ത്യലബ്ദിയോടൊപ്പം അരങ്ങേറിയ വിഭജനവും ഒഴുകിയ ചോരപ്പുഴകളും ഗാന്ധിജിയെ ഹതാശനാക്കി.

ഗാന്ധിജിയുടെ അടുത്ത സുഹൃത്തും ക്രൈസ്‌തവ മിഷനറിയുമായ ദേശബന്ധു എന്നറിയപ്പെടുന്ന സി.എഫ് ആൻഡ്രൂസ്

എല്ലാ മതങ്ങളും ഓരോയൊരു ഈശ്വരനിൽ നിന്നാണ് ആവിർഭവിക്കുന്നതെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഓരോ ലക്ഷ്യത്തിൽ ചെന്നുചേരേണ്ട വ്യത്യസ്ത പാതകളാണ് വിവിധ മതങ്ങൾ. അപൂർണ്ണരായ മനുഷ്യരിൽക്കൂടിയാണ് മതങ്ങൾ ഉത്ഭവിക്കുന്നതും, ആചരിക്കപ്പെടുന്നതുമെന്നതുകൊണ്ട് അതിൽ പല തെറ്റുകുറ്റങ്ങളുമുണ്ടാകാം. അപ്പോൾ മനുഷ്യന് ആവശ്യം ഒരു മതമല്ല, വിവിധ മതങ്ങളുടെ അനുയായികൾ തമ്മിലുള്ള പരസ്പര ബഹുമാനവും, സഹിഷ്ണതയുമാണ്. ഗാന്ധിജി എല്ലാ മതങ്ങളേയും സമഭാവനയോടെയാണ് കണ്ടിരുന്നത്. മതങ്ങളിൽ ഒളിഞ്ഞിരുക്കാവുന്ന കാപട്യത്തെയും, അസ്സാന്മാർഗികത്വത്തേയും, സ്വമത ശാഠ്യത്തേയും അദ്ദേഹം എതിർത്തു. ഇംഗ്ലണ്ടിൽ വച്ച് പരിചയപ്പെട്ട സാർവ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന തിയോസഫിക്കൽ സൊസൈറ്റി അംഗങ്ങളിലൂടെ ഹിന്ദുത്വം, ബുദ്ധമതം, ബ്രഹ്മണ സാഹിത്യം തുടങ്ങിയവ ഗാന്ധിജി പഠിക്കാൻ ഇടയായി.

ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവത്ഗീത വായിക്കുന്നത്. അന്നുവരെ മതകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന ഗാന്ധിജി ബൈബിൾ, ഖുർആൻ തുടങ്ങിയ മത്രഗ്രന്ഥങ്ങളും പഠിച്ചു. ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു.

“അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്‌ത്യാനിയും മുസൽമാനും യഹൂദനുമാണ്.”

മനുഷ്യന്റെ അന്തഃസത്ത ദിവ്യമായ ഒന്നാണ് വ്യക്തിതലത്തിലും, സമൂഹതലത്തിലും അത് സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും, സാമൂഹ്യനീതിയും, അർഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും, പ്രയോഗത്തിലും ഈ അത്യന്തിക ലക്ഷ്യമായ ആവിഷ്ക്കരണത്തിന് ഇണങ്ങുന്നതും, അതിനെ സഹായിക്കുന്നതുമാവണം എന്നതാണ് ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ.

ഗാന്ധിജിയുടെ ജീവിതവും, ജീവത്യാഗവും കൂടുതൽ പ്രസക്തമാവുന്ന കാലമാണിത്. ഗാന്ധിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയെന്നത് മാനവരാശിയുടെ അതിജീവനം താൽപ്പര്യപ്പെടുന്ന ഏതൊരു ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്. മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് മഹാത്മാഗാന്ധിക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മാനുഷികാവകാശങ്ങൾക്കൊപ്പം ഗാന്ധിജി നിലകൊണ്ടു. മാനവികതയിൽ ഊന്നിയുള്ള അതിവിശാലമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യരാകെ ഒന്ന് എന്ന ബോധമാണ് ഗാന്ധിജിയെ നയിച്ചത്. വ്യക്തി, രാഷ്‌ട്രം, ലോകം എന്നിവയെ വെള്ളം കടക്കാത്ത അറയായി കാണുന്നതിനുപകരം ലോകം തന്നെ തറവാടെന്ന ദർശനമായിരുന്നു ഗാന്ധിയുടേത്. മതനിരപേക്ഷത എന്ന വലിയ സന്ദേശമാണ് സമൂഹത്തിൽ പടരേണ്ടത്. തൊട്ടുകൂടായ്മ ജീവിച്ചു കൂടായ്മയായി മാറിയ അവസ്ഥയാണിന്ന്. അതിക്രൂരമായി ദളിതരെ കൊലപ്പെടുത്തുന്നതും, ഭേദ്യം ചെയ്യുന്നതുമായ വാർത്തകളാണ് ഇന്ന് കാണുന്നത്. സാർവ്വദേശീയ ക്ഷേമബോധം നമ്മൾ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

നിശ്ചയമായും, ഈ മതനിരപേക്ഷ നിലപാടിനു നൽകിയ വിലയായിരുന്നു ഗാന്ധിജിയുടെ രക്തസാക്ഷിത്വം. എല്ലാ മതങ്ങളുടെയും അന്തഃസത്ത സത്യവും, സ്നേഹവും ആണെന്ന് ഗാന്ധിജി വിശ്വസിച്ചു. ഓരോ മനുഷ്യന്റെയുള്ളിൽ ഗാന്ധിജിയും, ഗോഡ്സേയും ഉണ്ട്. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന തലത്തിലേക്ക് മനുഷ്യമനസ്സുകൾ മാറണം. ഗാന്ധിജി ഉയർത്തിപിടിച്ചത് കളങ്കമില്ലാത്ത ആത്മീയതയായിരുന്നുവെങ്കിൽ ഗോഡ്സേയുടേത് വിഷലിപ്തമായ കപട ആത്മീയതയായിരുന്നു. വെറുപ്പ്, കൊല, ആക്രമം എന്നിവയിൽ നിന്ന് മനസ്സിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഓരോ മനുഷ്യനും നടത്തേണ്ടതുണ്ട്. ഏതിരാളിയെപ്പോലും സ്നേഹിക്കുക എന്ന ഗാന്ധിയൻ ആശയത്തിന് പ്രാമുഖ്യം നൽകണം.

മതനിരപേക്ഷത എന്നത് ആധുനിക കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം തികച്ചും പ്രഹസനമായി മാറിയിരിക്കുകയാണ്. മതത്തെ വോട്ട് ബാങ്കായും, മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ രാഷ്ട്രീയ ലാഭത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഏതൊരു രാഷ്ട്രത്തിന്റേയും പുനരുദ്ധീകരണത്തിന് മതനിരപേക്ഷത അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. മതത്തെ സാമ്പത്തിക ലാഭത്തിന് ഉപയോഗിക്കാതെ പവിത്രമായ രാഷ്ട്ര നിർമ്മാണത്തിന് ഉതകും വിധത്തിലാണ് പ്രയോജനപ്പെടുത്തേണ്ടത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം നാനാത്വത്തിൽ ഏകത്വം നിലനിർത്താൻ വേണ്ടി മതനിരപേക്ഷത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ജാതിമതഭേദമന്യേ എല്ലാവരും ഐക്യത്തോടെ നിലകൊണ്ടതിന്റെ ഫലമാണ് നമ്മുടെ സ്വത്രന്ത ഇന്ത്യ. വ്യക്തിയും, ഭരണകൂടവും തമ്മിലുള്ള ഇടപെടലുകളിൽ മതത്തെ പൂർണ്ണമായും ഒഴിച്ചുനിർത്തുന്ന ആധുനിക സങ്കൽപ്പത്തെ മതനിരപേക്ഷത എന്ന പദം കൊണ്ട് വിവക്ഷിക്കാം. മതഗ്രൂപ്പുകളുടെ കൂട്ടായ്മയിലുള്ള അഭിനിവേശത്തിനു പകരം വ്യക്തികളുടെ ധാർമിക നിലവാരത്തിൽ ഊന്നിയുള്ള ഒരു സമീപനത്തിലേക്ക് പൗരന്മാർ വളർന്നുവരുന്ന കാലത്തോളം രാഷ്‌ട്രീയ കക്ഷികൾ സ്വന്തം നിലപാടുകളിൽ സാരമായ വീഴ്ചകൾ വരുത്തിക്കൊണ്ടിരിക്കും. 2019 ജനുവരി 30-ാം തീയതി നമ്മൾ മഹാത്മഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വദിനം ആചരിക്കുകയാണ്. ഈ അവസരത്തിൽ ഏതൊരു ഇന്ത്യക്കാരനും ഗാന്ധിജിയുടെ ചിന്തകളും, പ്രവർത്തനമാർഗ്ഗങ്ങളും ഉപയോഗിച്ച് മതനിരപേക്ഷത ഉറപ്പിക്കേണ്ടതാണ്.

ജനങ്ങളെയാകെ ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ മതനിരപേക്ഷ മൂല്യബോധത്തിലേക്ക് വളർത്തികൊണ്ടു വരാൻ പ്രതിജ്ഞ ബദ്ധമായി വളരെയേറെ പ്രവർത്തനങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ വ്യക്തതയോടെ ഒരു പുതിയ ഉണർവ്വിന് ജനങ്ങളെ സമീപിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാനുള്ള കടമ ഉന്നതമായ പൗരബോധം വ്യക്തികളിൽ നിന്നും ആവശ്യപ്പെടുന്നു. മതഭീകരതയുടെ ബീഭത്സമുഖം കണ്ടുകഴിഞ്ഞ നമുക്ക് നമ്മുടെ തന്നെ സുരക്ഷിതത്വത്തിനും, നിലനിൽപ്പിനും മതനിരപേക്ഷതയുടെ വക്താക്കളും, പ്രചാരകരുമായി സജീവമായി പ്രവർത്തന രംഗത്തിറങ്ങേണ്ട സന്ദർഭം ആസന്നമായിരിക്കുന്നു. സമാനശൈലിയിലും, ലക്ഷ്യത്തിലും പ്രവർത്തിക്കുന്ന ധാരളം വ്യക്തികളും, ഗ്രൂപ്പുകളും, സംഘടനകളും ഇന്ന് നിലവിലുണ്ട്. അവരുമായി സാധ്യാമായ രീതികളിലെല്ലാം സഹകരിച്ചുകൊണ്ട് പുതിയ മാനവികതയുടെ സുവിശേഷ പ്രഘോഷകരമായി നമുക്ക് മാറാം.

0 Comments

Leave a Comment

FOLLOW US