ആമ്പല്‍ പാഠാസൂത്രണം

പ്രിയപ്പെട്ട അധ്യാപകര്‍ക്ക്,

പാഠാസൂത്രണ മാതൃക തുടരുന്നു. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സമ്പുഷ്ടമാക്കുമല്ലോ. അധ്യാപികയുടെ വിലയിരുത്തല്‍ പേജ് പ്രത്യേകം എഴുതി സൂക്ഷിക്കണം (തീയതി സഹിതം ഒരു പുസ്തകത്തിലാവുന്നതാണ് നല്ലത്. നിരന്തര മൂല്യനിര്‍ണയത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്നതാണിത്). ആമ്പല്‍ കൈപുസ്തകത്തിലെ 12-ാം പേജില്‍ പഠനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ എന്ന ഭാഗം മനസിരുത്തിക്കൊണ്ടുവേണം അധ്യാപിക ക്ലാസ് മുറിയില്‍ പ്രവേശിക്കേണ്ടത്. ഓരോ ക്ലാസിന് ശേഷവും കുട്ടികളേറ്റെടുക്കേണ്ടുന്ന തുടര്‍പ്രവര്‍ത്തനം അധ്യാപികയ്ക്ക് തീരുമാനിക്കാം. ഇത് ഒരു ഗൃഹപാഠത്തിന്റെ നിര്‍ബന്ധിതാവസ്ഥയിലേക്ക് മാറേണ്ടതില്ല. മറിച്ച് അടുത്ത ക്ലാസില്‍ നടത്തേണ്ടുന്ന കൂട്ടായ പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കമായി കണക്കാക്കാം. ഉദാഹരണത്തിന് കഥാരചന, കവിതാരചന, ആസ്വാദനം തയാറാക്കുക, കഥാപാത്ര നിരൂപണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തരത്തില്‍ തുടര്‍ പ്രവര്‍ത്തനം നിര്‍ദേശിക്കാവുന്നതാണ്. ക്ലാസ് മാഗസിന്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മുന്നില്‍ക്കണ്ടും തുടര്‍ പ്രവര്‍ത്തനമാകാം.

സ്‌നേഹത്തോടെ

എം.ടി. ശശി ഭാഷാധ്യാപകന്‍, മലയാളം മിഷന്‍

 

 

 

 

 

 

അധ്യാപികയുടെ പേര് :
സമയം : 2 മണിക്കൂര്‍
കോഴ്‌സ് : ആമ്പല്‍
യൂണിറ്റ് : ഒന്നല്ലേ ചോര
പാഠഭാഗം: ഒക്കത്തുകുഞ്ഞുണ്ട്………..
ചൊവ്വറ് കുലം പിശക്ന്ന്

ആശയപരമായ സവിശേഷതകള്‍

 • കേരളത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ജാതീയവും വംശീയവുമായ വിവേചനങ്ങളും അതിനെതിരായ പ്രതികരണങ്ങളും.
 • ഐതിഹ്യകഥകള്‍ മനസ്സിലാക്കുന്നതിന്.
 • ജനകീയാനുഷ്ഠാനമായ തെയ്യത്തെ അറിയുന്നതിന്.

ഭാഷാപരമായ സവിശേഷതകള്‍

 1. വായിച്ചും കേട്ടതുമായ ആശയങ്ങളില്‍ നിന്ന് കഥാപാത്രനിരൂപണം തയ്യാറാക്കുന്നതിന്
 2. ചര്‍ച്ച,സംവാദം, വിവരണം എന്നീ വ്യവഹാര രൂപങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന്
 3. കഥകള്‍വായിച്ച് ആസ്വദിക്കുന്നതിനും അവയുടെ ആശയം ഉള്‍ക്കൊണ്ട് ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്.

പഠനസഹായികള്‍

 1. ‘പൊലിക പൊലിക’യുടെ ഓഡിയോ.
 2. പ്ലക്കാര്‍ഡുകള്‍:-
  • ഞാന്‍ തുഴയുന്ന തോണിയില്‍ക്കയറി നിങ്ങള്‍ അക്കരെ കടന്നില്ലേ?
  • ഞാന്‍ തന്ന തേങ്ങ നിങ്ങള്‍ ഉടച്ചില്ലേ?
  • ഞാന്‍ നട്ട വാഴയിലെ പഴമല്ലെ നിങ്ങള്‍ ദേവന് നേദിച്ചത്?
  • ഞാന്‍ തന്ന തുളസിപ്പൂമാലയല്ലേ നിങ്ങള്‍ ദേവന് ചാര്‍ത്തിയത്?

എന്ന ചോദ്യങ്ങള്‍ ഉള്ളവയും

”ഞാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര
നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര”

എന്നിങ്ങനെയുള്ള മുദ്രാവാക്യ സമാനമായവയും പ്ലക്കാര്‍ഡുകളില്‍ ഉള്‍പ്പെടുത്താം. പാഠഭാഗത്തിനനുസരിച്ച് ഏതു തരത്തിലുള്ള പഠനസഹായികളുമാകാം.
അധ്യാപിക ”നമസ്‌ക്കാരം” പറഞ്ഞ്‌കൊണ്ട് ക്ലാസ്സില്‍ പ്രവേശിക്കുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം.
ആരെങ്കിലും പൊലിക പൊലിക ചൊല്ലാമോ?
– എന്ന അന്വേഷണം നടത്തുന്നു. കുട്ടികള്‍ പലരും തയ്യാറാകുന്നു. അധ്യാപിക എല്ലാവര്‍ക്കും അവസരം കൊടുക്കുന്നു. (രണ്ടോ മൂന്നോ വരി പാടിപ്പിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ സമയം നഷ്ടപ്പെടും)

”ഇനി നമുക്ക് ഒത്തൊന്നു പാടി കേട്ടുനോക്കാം”
-എന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ പൊട്ടന്‍ തെയ്യത്തിലെ വരികള്‍ കേള്‍പ്പിക്കുന്നു. അധ്യാപികയും കുട്ടികളും കൂടെപ്പാടുന്നു. ആസ്വദിക്കുന്നു.

അധ്യാപിക : ആരെങ്കിലും കഴിഞ്ഞ ക്ലാസ്സില്‍ പറഞ്ഞതുപോലെ വായിച്ചതോ കേട്ടതോ ആയ കാര്യങ്ങള്‍ എഴുതികൊണ്ടു വന്നിട്ടുണ്ടോ?
ചിലര്‍ കൊണ്ടുവന്നിട്ടുണ്ടാകും. ആ സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ സമയം കൊടുക്കണം. (വലിയ രചനകളാണെങ്കില്‍ പിന്നീട് ക്ലാസ്സ് മാഗസിനില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പറഞ്ഞ് മാറ്റി വെക്കുക.) എഴുതാതിരിക്കുന്നവരോട്
”ആരൊക്കെയാണ് വീട്ടില്‍പോയി പൊട്ടന്‍ തെയ്യത്തിന്റെ കാര്യം പറഞ്ഞത്?”
– എന്നന്വേഷിച്ച് മറുപടി പറയിപ്പിക്കുന്നു. പലരും പല അഭിപ്രായങ്ങളും പറയുന്നു.

അധ്യാപിക : ശരി നമുക്ക് ഇന്നും ഒരു കഥ പറയാം. ആരൊക്കെയാണ് നാറാണത്തു
ഭ്രാന്തന്റെ കഥ കേട്ടിട്ടുള്ളത്?
കുട്ടികള്‍ പലവിധ അഭിപ്രായങ്ങള്‍ പറയുന്നു. ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ കഥ അധ്യാപിക സാമാന്യമായി പറയുന്നു. നാറാണത്തുഭ്രാന്തനെ വിശേഷിച്ചും. (അതിനുമുമ്പായി കൈപുസ്തകത്തില്‍ നിന്ന് അധ്യാപിക ഈ കഥ വ്യക്തമായി മനസ്സിലാക്കണം. രസകരമായി പറയണം)
കഥയ്ക്ക് ശേഷം, അധ്യാപിക കുട്ടികളെ മൂന്നോ നാലോ ഗ്രൂപ്പുകളായി തിരിക്കുന്നു. ഇനി ഈ കഥയിലെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുവായി നിഗമനങ്ങള്‍ അവതരിപ്പിക്കണം.

ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍:

ഗ്രൂപ്പ് 1. നാറാണത്ത് ഭ്രാന്തന്റെ ഇഷ്ടവിനോദം എന്തായിരുന്നു?
ഗ്രൂപ്പ് 2. എന്തിനാണ് നാറാണത്തുഭ്രാന്തന്‍ കല്ല് ഉരുട്ടിക്കയറ്റുന്നതും തള്ളിയിടുന്നതും
ഗ്രൂപ്പ് 3. എന്തിനാണ് അദ്ദേഹം ശ്മശാനത്തില്‍ കിടന്നുറങ്ങിയത്
ഗ്രൂപ്പ് 4. ഇടതുകാലിലെ മന്ത് വലത് കാലിലാക്കാന്‍ ആവശ്യപ്പെട്ടതിലൂടെ എന്തൊക്കെയാണ് അദ്ദേഹം തെളിയിക്കുന്നത്.

15 മിനിറ്റ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കുശേഷം പൊതുചര്‍ച്ച നടക്കണം. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ നിന്ന് പ്രധാന നിഗമനങ്ങള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു. അധ്യാപിക ഇക്കാര്യങ്ങളെ ജീവിതത്തോട് ബന്ധപ്പെടുത്തി വിശദീകരിക്കണം.

വിശദീകരണം ഇപ്രകാരമാകാം

 • നേട്ടങ്ങള്‍ കൈവരിക്കാന്‍ മനുഷ്യന്‍ നടത്തുന്ന അധ്വാനം.
 • നിമിഷനേരം കൊണ്ട് അതില്ലാതാകാം എന്ന അറിവ് എപ്പോഴും വേണം.
 • എല്ലാവരും ഒടുക്കം ശ്മശാനത്തിലാണ് എത്തേണ്ടത്.
 • അതിനാല്‍ മത്സരങ്ങള്‍ വേണ്ട.
 • ജീവിതത്തിന് ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുക
 • എല്ലാ വരങ്ങളും നല്‍കാന്‍ കഴിയുന്ന ശക്തി ആര്‍ക്കും തന്നെയില്ല. ഇങ്ങനെ ജീവിതത്തിന്റെ അര്‍ഥമില്ലായ്മ തെളിയിക്കുന്ന കഥയാണ് നാറാണത്ത് ഭ്രാന്തന്റേത്.

കഥയെ അടിസ്ഥാനമാക്കി ഇനിയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ട്. തുടര്‍ന്ന് പാഠഭാഗത്തെ വരികള്‍ രസകരമായി ചോദ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുക.

‘ഞങ്ങളും നിങ്ങളും എന്നില്ല നമ്മളെല്ലാവരും ഒന്നാണ്’
– എന്ന കാര്യം തോണി, വെള്ളം, തേങ്ങ, വാഴപ്പഴം, പൂജ, കുപ്പ, തുളസിപ്പൂമാല, വീരാളിപ്പട്ട്, മഞ്ചട്ടി, ആനപ്പുറം, പോത്തിന്‍പുറം, പെരിയോന്റെ കോയിക്കല്‍, തുടങ്ങിയവ വിശദീകരിച്ച് എല്ലാവരും ഒരേ ചോരയാണ് എന്ന നിഗമനത്തിലെത്തണം.

‘പിന്നെന്തിനാണ് യജമാനന്‍ ജാതി പറഞ്ഞ് കേമത്തം കാണിക്കുന്നത്?’
– എന്നത് വിശദമാക്കണം.

യജമാനന്‍ വഴി മാറാന്‍ പറയുമ്പോള്‍ എങ്ങനെ വഴിമാറണം? എന്തിനു വഴിമാറണം? എന്ന് അടിയാളവര്‍ഗ്ഗ പ്രതിനിധിയായ തെയ്യം പറയുന്ന ഈ സന്ദര്‍ഭത്തില്‍ നിന്ന് വലിയവനും ചെറിയവനും അന്തരമില്ലെന്നും ഒരാള്‍ ഉണ്ടെങ്കിലേ മറ്റെയാള്‍ക്കും നിലനില്‍പ്പുള്ളു എന്ന് തെളിയുന്നു.

ഈ സംഭാഷണങ്ങള്‍ സാധാരണ സംസാരിക്കുന്ന രീതിയില്‍ ചോദ്യോത്തരങ്ങള്‍ക്കായി എഴുതിയ പ്ലക്കാര്‍ഡുകള്‍ കാണിക്കുന്നു. തുടര്‍ന്ന് പൊട്ടന്‍ തെയ്യം പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലേ എന്ന പൊതു ചര്‍ച്ച നടത്തണം.

അധ്യാപിക : കവിതയിലെ പൊട്ടന്‍ തെയ്യം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് എല്ലാവര്‍ക്കും മനസിലായല്ലോ?
നമുക്ക് ഒരു കാര്യം ചെയ്യാം. നമ്മള്‍ ഇന്ന് രണ്ട് കഥാപാത്രങ്ങളെ പരിചയപ്പെട്ടു. കവിതയിലെ പൊട്ടന്‍ തെയ്യം, ഞാന്‍ പറഞ്ഞ കഥയിലെ നാറാണത്തുഭ്രാന്തന്‍ എന്നിങ്ങനെ. നമ്മള്‍ കണിക്കൊന്നയിലും സൂര്യകാന്തിയിലും കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ടല്ലോ. അതുപോലെ ഈ കഥാപാത്രങ്ങളുടെ സ്വഭാവം, രൂപം, പ്രത്യേകത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ വിശദമായ കുറിപ്പ് ഉണ്ടാക്കണം. അതിനായി നിങ്ങളെ ഞാന്‍ 2 ഗ്രൂപ്പാക്കുകയാണ്. ഗ്രൂപ്പ്-1 നാറണത്ത്ഭ്രാന്തനെക്കുറിച്ചും ഗ്രൂപ്പ്-2 പൊട്ടന്‍ തെയ്യത്തെക്കുറിച്ചും എഴുതണം. ഇങ്ങനെ കഥാപാത്രത്തിന്റെ രൂപത്തെയും സ്വഭാവത്തെയും കുറിച്ച് കഥയിലെ ആശയങ്ങളുമായി ചേര്‍ത്ത് എഴുതുന്നതിന് കഥാപാത്ര നിരൂപണം എന്നാണ് പറയുക.

കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ചില സൂചനകള്‍ അധ്യാപിക നല്‍കണം. നേരത്തെ നടത്തിയ ചര്‍ച്ചകളുടെ ക്രോഡീകരണം കൂടിയാകണം ഈ നിരൂപണം. പൊട്ടന്‍ തെയ്യത്തിന്റെ ഒക്കത്ത് കുഞ്ഞ്, തലയില് കള്ള്…. നാറാണത്ത് ഭ്രാന്തന്റെ കാലിലെ മന്ത്, ശ്മശാനത്തിലെ കിടപ്പ് എന്നതുപോലെയുള്ള പ്രത്യേകതകളെല്ലാം അധ്യാപികയുടെ സൂചനകളില്‍ വരണം.

തുടര്‍ന്ന് ഗ്രൂപ്പുകള്‍ കഥാപാത്രനിരൂപണക്കുറിപ്പുകള്‍ തയ്യാറാക്കുന്നു, അവതരിപ്പിക്കുന്നു. പൊതുചര്‍ച്ചയ്ക്ക് ശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നു.

അധ്യാപിക : ഇനിയും ചില രസകരമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് അടുത്ത ക്ലാസ്സില്‍ നടത്താനുണ്ട്. ഇന്നത്തെ ക്ലാസ് നമുക്ക് അവസാനിപ്പിക്കാം.

അധ്യാപികയുടെ ക്ലാസ് വിലയിരുത്തല്‍:

മികച്ച പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരി പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരിക്ക് താഴെ പ്രകടനം കാഴ്ച വെച്ചവര്‍:

ആമ്പല്‍ പാഠാസൂത്രണം 2: pdf

2 Comments

ambikapmenon@gmail.com October 14, 2019 at 12:49 pm

വളരെ നന്ദിയും സന്തോഷവുമുണ്ട് മാഷെ.. ഈ ശ്രമത്തിന്…
ഇന്നലെ പഠനയാത്ര ആയിരുന്നു. അതുകൊണ്ട് മറ്റു ഭാഷാരൂപങ്ങൾ എഴുതുന്ന തിരക്കിലാണ് കുട്ടികൾ..
നാറാണത്തുഭ്രാന്തൻ നാടകമായി അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസ്സിലും പിന്നീട് സ്റ്റേജിലും..
ഈ പാഠ)സൂത്രണം തിരക്കിനി ടയിൽ പലർക്കും വളരെ ഗുണം ചെയ്യും.
നന്ദി..

എം.സി. അരവിന്ദൻ October 23, 2019 at 5:51 pm

മാഷെ, പാഠാസൂത്രണം പംക്തി വളരെ ഉപകാരപ്രദമാണ്. പല അധ്യാപകർക്കും എങ്ങനെ പാഠഭാഗങ്ങൾ ഫലപ്രദമായി അവതരിപ്പിച്ച് ഫലിപ്പിക്കാം, എന്തൊക്കെ പഠനപ്രവർത്തനങ്ങൾ നടത്താൻ സാധിക്കും എന്ന കാര്യത്തിൽ വ്യക്തതയുണ്ടാവുകയില്ല. ഇത് എല്ലാ കോഴ്‌സുകൾക്കും ഒരുപോലെ സഹായകമാവും, വളരെ നന്ദി .

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content