2019 ഒക്ടോബർ 2-ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനമാണ്. അദ്ദേഹം മഹാരക്തസാക്ഷ്യം വരിച്ചിട്ട് 2018 ജനുവരി 30-ന്, 70 വർഷം പൂർത്തിയായി. ഹിന്ദു- മുസ്ലിം ഐക്യത്തിനു വേണ്ടി നിലയുറപ്പിച്ചതുകാരണമാണ് മഹാത്മാവ് കൊല്ലപ്പെട്ടത്. നാൾക്കു നാൾ അദ്ദേഹത്തിന്റെ ജീവിതവും ജീവിതദർശനങ്ങളും കൂടുതൽ കൂടുതൽ പ്രസക്തമാവുകയാണ്. ‘എന്റെ ജീവിതം എന്റെ സന്ദേശം’ എന്നാണ് എല്ലായ്പ്പോഴും ജീവിതം കൊണ്ടും മരണം കൊണ്ടും ഗാന്ധിജി തെളിയിക്കാൻ ആഗ്രഹിച്ചത്.
ഗുജറാത്തിലെ സബർമതി തീരത്ത് സ്ഥാപിച്ച ആശ്രമത്തിലാണ് സ്വാതന്ത്യ സമരത്തിന്റെ നിർണ്ണായക കാലയളവിൽ ഗാന്ധിജി, കസ്‌തൂർബായും ഒരുമിച്ച് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ദണ്ഡി കടപ്പുറത്തേക്ക് ഉപ്പുകുറുക്കൽ സമരപ്പുറപ്പാടുണ്ടായത്. സബർമതിക്ക് ഇന്നും ഒരു ആശ്രമത്തിന്റെ ശാന്തതയുണ്ട്. സ്വച്ഛന്ദതയുണ്ട്. വലിയ ബഹളങ്ങളൊന്നുമില്ലാതെ സബർമതി നദി ആശ്രമത്തെ ചുറ്റി ഒഴുകുന്നു. ആശ്രമകവാടം കടന്നാൽ അറിയാതെ ആരും നിശബ്ദരായി പോകും. ശബ്ദം താഴ്ത്തി മാത്രം സംസാരിക്കുന്ന സന്ദർശകർ! കൂടുതലും വിദേശികൾ! നടന്നു ചെന്നെത്തിയത് ഹൃദയകുഞ്ജിലാണ്. ഗാന്ധിജിയും കസ്തൂർബായും 12 കൊല്ലം പാർത്തിരുന്ന സ്ഥലം! മുറ്റത്ത് വേപ്പുമരം പടർന്നു പന്തലിച്ചു നിന്നിരുന്നു. ആ ശാന്ത ഗംഭീരതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് തത്തകളുടെ ശബ്ദം. സൂക്ഷ്മമായി നോക്കണം വേപ്പിലകൾക്കിടയിൽ അവയെ കണ്ടെത്തണമെങ്കിൽ.
അവിടവിടെയായി ചിതറിക്കിടക്കുന്ന കുറെ ചെറിയ കെട്ടിടങ്ങളുടെ സമുച്ചയമാണ് സബർമതി ആശ്രമം. ഗാന്ധിജിയുടെ ജീവിത കഥ ചിത്രങ്ങളായും ശിൽപ്പങ്ങളായും പകർന്നുവെച്ചിരിക്കുന്ന ചുവരുകൾ! ആ ചുവരുകൾ പറയുന്ന കഥയിൽ ഉരുത്തിരിയുന്നത് ഇൻഡ്യൻ സ്വാതന്ത്യ സമരത്തിന്റെ ചരിത്രം കൂടിയാണ്. ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന ഒരു കാലത്ത് ദളിതരെയും സ്ത്രീകളെയും സംഘടിപ്പിച്ച് ഒരു വലിയ സാമ്രാജ്യത്തെ അട്ടിമറിച്ച കഥ! അഹിംസാ സമരത്തിലൂടെ മാതൃരാജ്യത്തെ സ്വതന്ത്രമാക്കിയ കഥ! ഇൻഡ്യയിൽ നിന്ന് കെട്ടുകെട്ടിച്ച കഥ!
എല്ലാ ജനങ്ങളും ജാതിഭേദമില്ലാതെ ഒന്നിച്ചു ജീവിക്കുന്ന ഇൻഡ്യയാണ് ഗാന്ധിജിയുടെ സങ്കൽപ്പത്തിലുണ്ടായിരുന്നത്. അതിന് വീഴ്ചവരുന്ന സന്ദർഭങ്ങൾ ഏറിയേറി വരുന്ന ഈ കാലഘട്ടത്തിൽ മതസഹിഷ്ണുതയും മനുഷ്യസ്നേഹവും ബാല്യത്തിൽ തന്നെ ജീവിതപാഠങ്ങളായി കുട്ടികൾ ശീലിക്കണം. ബാപ്പു എന്ന് കുഞ്ഞുങ്ങൾ വിളിച്ച് സ്നേഹിച്ചിരുന്ന ഗാന്ധിജിയുടെ ആത്മകഥ ഒരിക്കലെങ്കിലും ഓരോ കുട്ടിയും വായിച്ചിരിക്കണം. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും സ്വന്തം ജോലി ചെയ്യാൻ പ്രാപ്തി നേടണമെന്ന് ഗാന്ധിജി സ്വന്തം ജീവിതം കൊണ്ട് ലോകത്തെ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഒരിക്കൽ കോൺഗ്രസിന്റെ വലിയ നേതാവായിരുന്ന ലാലാ ലജ്പത് റായി ഗാന്ധിജിയോടൊപ്പം മറ്റൊരു നേതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ആദ്യ ദിവസം ലാലാജി കുളിച്ചിട്ട് മുഷിഞ്ഞ വസ്ത്രങ്ങൾ കുളിമുറിയിൽ ഊരിയിട്ടു. അടുത്ത ദിവസം ആ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി മടക്കി തന്റെ കിടക്കയിലിരിക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചു. സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ധാരാളം യാത്രകൾക്ക് ശേഷമുണ്ടായ ഒരു വിശ്രമസങ്കേതമായിരുന്നു അത്. ലാലാജി ഗൃഹനാഥനെ വിളിച്ച് ബാക്കി വസ്ത്രങ്ങൾകൂടി കഴുകി കിട്ടുമോന്ന് ചോദിച്ചു. താമസമില്ലാതെ അദേഹത്തിന് എല്ലാ വസ്ത്രങ്ങളും വൃത്തിയാക്കി കിട്ടി. മടക്ക നേരം ലാലാജി ആ സേവകന് എന്തെങ്കിലും പ്രതിഫലം കൊടുക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി നിർബന്ധിക്കുകയും ചെയ്തു. ഈ വസ്‌ത്രങ്ങൾ വ്യത്തിയാക്കിയ സേവകനെ അവിടെയെല്ലാം അന്വേഷിച്ചു, കണ്ടെത്തിയത് ഗാന്ധിജിയെ! തന്റെ വസ്ത്രങ്ങളെല്ലാം വൃത്തിയാക്കിയ സേവകനെ കണ്ട് ലാലാജി ഞെട്ടി. ഓരോരുത്തരും സ്വയം പ്രാപ്തരായാലെ ഒരു സ്വയം പര്യാപ്തത രാഷ്ട്രത്തെ നിർമ്മിക്കാനാകൂ എന്ന് ഗാന്ധിജി കരുതിയിരുന്നു.
പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ചീഫ് എഡിറ്റർ