കവിത രചിച്ചു പഠിക്കാം – വൃത്തത്തില്‍ നൃത്തം ചെയ്യാം

മൂന്നക്ഷരങ്ങളുടെ വാക്കുകള്‍ ഇറുത്ത് കവിതയുടെ പൂക്കളമൊരുക്കിയില്ലേ. പൂവും പഴവും പച്ചക്കറിയും ആവിപാറുന്ന കവിതയുടെ വിഭവങ്ങളാക്കിയില്ലേ.
ഇത് മലയാളത്തിലെ പ്രസിദ്ധമായ കാകളിയുടെ ആദ്യചുവടുകൂടിയാണെന്ന് ഓര്‍ത്തുവെയ്ക്കാം.
‘ഇന്നു ഞാന്‍ നാളെ നീ ഇന്നു ഞാന്‍ നാളെ നീ’ – എന്നു തുടങ്ങുന്ന ജി. ശങ്കരക്കുറുപ്പിന്റെ കവിത ഈ ഗണത്തില്‍പ്പെട്ടതാണ്.
ഇതില്‍നിന്ന് ചെറിയൊരു മാറ്റമേയുള്ളൂ മലയാളത്തിന്റെ മറ്റൊരു വൃത്തമായ കേകയിലേക്ക്. മൂന്നക്ഷരമുള്ള ഒരു വാക്കും അതിനോട് ചേര്‍ത്ത് രണ്ടക്ഷരമുള്ള രണ്ടു വാക്കുകളും മതി. അതായത് 3 + 2 + 2.
”തത്തമ്മേ പൂച്ച പൂച്ച” എന്ന് ഓര്‍ത്താല്‍ മതി.
നമ്മുടെ സാധാരണ സംഭാഷണത്തില്‍ പോലും ഈ താളം ഉറങ്ങിക്കിടക്കുന്നുണ്ട്. സമയം എത്രയായി എന്നുചോദിക്കുന്നതും സമയം പത്തുമണി എന്നു മറുപടി പറയുന്നതും ഇതിന് ഉദാഹരണം. ഇതിനെ കേകയുടെ താളത്തില്‍ നീട്ടിയെടുക്കുന്നതു നോക്കുക.

 

സമയം എത്രയായി
ഒന്നല്ല രണ്ടുമല്ല
രണ്ടല്ല, മൂന്നുമല്ല
മൂന്നല്ല, നാലുമല്ല
നാലല്ല, അഞ്ചുമല്ല
അഞ്ചല്ല, ആറുമല്ല
ആറല്ല, ഏഴുമല്ല
ഏഴല്ല, എട്ടുമല്ല
എട്ടല്ല, ഒമ്പതുമല്ല
സമയം പത്തുമണി

ഇതേ താളമല്ലേ

പച്ചയാം വിരിപ്പിട്ട
സഹ്യനില്‍ തലവച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം
പാദോപധാനം പൂണ്ടും

എന്നു തുടങ്ങുന്ന വള്ളത്തോള്‍ കവിത
മലയാളത്തിന്റെ പ്രിയ കവിത മാമ്പഴത്തിന്റെ ഇതേ താളമല്ലേ.

അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെപ്പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടുകണ്ണീര്‍

ഈ താളത്തില്‍ പൂക്കളുടെ പേരുനിരത്താം.

മന്ദാരം തെച്ചി തുമ്പ
മുക്കുറ്റി മുല്ല ലില്ലി

രണ്ടക്ഷരമുള്ള രണ്ടു വാക്കുകള്‍ക്കു പകരം നാലക്ഷരമുള്ള ഒരു വാക്കും ഉപയോഗിക്കാം.

ചെമ്പകം ചെണ്ടുമല്ലി
ജമന്തി ചെമ്പരത്തി
താമര ശംഖുപുഷ്പം
പിച്ചകം നന്ത്യാര്‍വട്ടം

പൂക്കളെപ്പോലെ പഴങ്ങളും ഉപയോഗിക്കാം.

മാതളം കശുമാങ്ങ
പേരയ്ക്ക കൈതച്ചക്ക
ഓറഞ്ച് ഞാവല്‍പ്പഴം
ചാമ്പയ്ക്ക നേന്ത്രപ്പഴം

പച്ചക്കറികളും കേകയ്ക്ക് പ്രിയങ്കരമാണ്.

വെണ്ടക്ക, പടവലം
കുമ്പളം, വഴുതിന
മത്തങ്ങ, ചേന, ചേമ്പ്
കോവയ്ക്ക, പച്ചക്കായ

പ്രിയപ്പെട്ട കവികളെയും നമുക്കു കൂട്ടുപിടിക്കാം.

പൂന്താനം, എഴുത്തച്ഛന്‍
വള്ളത്തോള്‍, ചെറുശ്ശേരി
കുഞ്ഞുണ്ണി, കുഞ്ചന്‍ നമ്പ്യാര്‍
അക്കിത്തം, വൈലോപ്പിള്ളി

ഇത് രസകരമായ ഒരു അഭ്യാസമാണ്. വീട്ടുകാരേയും കൂട്ടുകാരേയും നാട്ടുകാരേയും ഉപയോഗിച്ച് ഈ അഭ്യാസം തുടങ്ങാം.

വാക്കിന്റെ പൂക്കള്‍കൊണ്ട്
നമുക്കു തീര്‍ക്കാം കാവ്യം
വാക്കിന്റെ കണ്ണീര്‍ കൊണ്ട്
കവിത രചിച്ചിടാം.

– എടപ്പാള്‍ സി. സുബ്രഹ്മണ്യന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content