മലയാളം മിഷന്‍ അധ്യാപകരുടെ പാഠാസൂത്രണം

ലയാളം മിഷന്‍ അതിന്റെ പാഠ്യപദ്ധതി രൂപീകരിച്ചിട്ടും പഠനപ്രവര്‍ത്തനങ്ങള്‍ ക്രമികമായി വികസിപ്പിച്ചിട്ടും 10 വര്‍ഷമാകുന്നു. പല പഠനകേന്ദ്രങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സമാനമായ രീതിയില്‍ സംഘടിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുണ്ടെങ്കിലും വളരെ കൃത്യമായ ആസൂത്രണ മികവോടെ ലഭ്യമായ സമയത്ത് എല്ലാ കുട്ടികളെയും പരിഗണിച്ചുകൊണ്ട് പാഠാസൂത്രണം ചെയ്യുന്നതിന് പലര്‍ക്കും ഇപ്പോഴും കഴിയുന്നില്ല എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പരിശീലന പരിപാടിയില്‍ പാഠാസൂത്രണത്തെ സംബന്ധിച്ച് ചില ധാരണകള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മലയാളം മിഷന്‍ അധ്യാപകര്‍ക്കും പരിശീലനത്തിലൂടെ കടന്നുപോകാന്‍ സാധിച്ചിട്ടുണ്ട് എന്ന് പറയാനാകില്ല. അതുകൊണ്ട് തന്നെ അധ്യാപകരുടെ ആസൂത്രണത്തില്‍ വലിയ വൈവിധ്യം നിലനില്‍ക്കുന്നു. ഇത് പരിഹരിച്ചെങ്കില്‍ മാത്രമേ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കാനാകൂ. ഈ ഒരു ഉദ്ദേശം മുന്നില്‍ കണ്ടാണ് കണിക്കൊന്നയിലേയും സൂര്യകാന്തിയിലേയും ആമ്പലിലേയും നീലക്കുറിഞ്ഞിയിലേയും അധ്യാപകരുടെ കൈപുസ്തകം ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ കൈപുസ്തകത്തിലൂടെ കടന്നുപോയി പാഠപുസ്തകം ഏതുതരത്തിലാണ് ക്ലാസ്സ് മുറിയില്‍ അവതരിപ്പിക്കേണ്ടത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണ എല്ലാവര്‍ക്കുമില്ല എന്നുള്ളതാണ് വാസ്തവം. അതിന് അധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. കൈപുസ്തകം ഏത് തരത്തില്‍ ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ച് അവര്‍ക്ക് വേണ്ടത്ര ധാരണ കൈവന്നിട്ടില്ല എന്നതാണ് കാരണം. ഈ പംക്തിയിലൂടെ ഞാന്‍ ഉദ്ദ്യേശിക്കുന്നത് വളരെ ലളിതമായി എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും എന്നുള്ളതാണ്.

2018-ല്‍ ക്രമികമായി കുട്ടി കണിക്കൊന്നയിലായാലും സൂര്യകാന്തിയിലായാലും ആമ്പലിലായാലും നീലക്കുറിഞ്ഞിയിലായാലും എന്തെല്ലാം പഠനനേട്ടങ്ങളാണ് നേടേണ്ടത് എന്നതിനെ സംബന്ധിച്ച പഠനനേട്ടങ്ങളുടെ ‘ഗ്രിഡ്’ കരിക്കുലം കമ്മറ്റിയുടെ അംഗീകാരത്തോടുകൂടി പരിഷ്‌ക്കരിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഈ പഠനനേട്ടങ്ങളുടെ ഗ്രിഡ് എന്നുപറയുന്നത് അധ്യാപകരുടെ കൈവശമുള്ള ഒരു ആധാരമാണ് എന്നുവേണമെങ്കില്‍ പറയാം. പഠനനേട്ടങ്ങളുടെ ക്രമികമായ വികാസം അനുസരിച്ചാണ് പാഠപുസ്തകത്തിന്റെ നിര്‍മ്മിതി. ഇപ്പോള്‍ കണിക്കൊന്ന പാഠപുസ്തകം പരിഷ്‌ക്കരണത്തിന്റെ പാതയിലാണ്. അതുമായി ബന്ധപ്പെട്ട അഞ്ചിലധികം ശില്‍പ്പശാലകള്‍ നടന്നുകഴിഞ്ഞു. ഡിസംബറോടുകൂടി കണി ക്കൊന്ന പാഠപുസ്തകം അച്ചടിക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ കണിക്കൊന്ന അധ്യാപകരുടെ കൈപുസ്തകവും തയ്യാറാകും. അധ്യാപകര്‍ കൈപുസ്തകം ക്ലാസ്സില്‍ പോകുന്നതിനുമുമ്പ് പരിശോധിക്കുകയും അതു മനസ്സിലാക്കുകയും ചെയ്യുക എന്നു ള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇന്ന് ഞാന്‍ ക്ലാസ്സില്‍ വിനിമയം ചെയ്യുന്ന പഠനനേട്ടങ്ങള്‍ എന്താണ്? ഒരു പഠനനേട്ടമേ ഉണ്ടാവുകയുള്ളു. ലളിതമായ പദാവലികള്‍ ഉപയോഗിച്ചുകൊണ്ട് സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്, കൊച്ചു കൊച്ചു വാക്കുകള്‍ രേഖപ്പെടുത്തുന്നതിന് എന്നിങ്ങനെയുള്ള പഠനനേട്ടങ്ങള്‍ക്കനുസരിച്ചാണ് പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ ആവിഷക്കരിച്ചിരിക്കുന്നത്. നിലവിലുള്ള പാഠപുസ്തകത്തിനും ഏറെക്കുറെ ഈ സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് അധ്യാപകരുടെ ആസൂത്രണത്തില്‍ ആദ്യം ചെയ്യേണ്ടത് ഇന്ന് ക്ലാസ്സില്‍ വിനിമയം ചെയ്യുന്ന പഠനനേട്ടം എന്താണ് എന്ന് രേഖപ്പെടുത്തുക എന്നുള്ളതാണ്. ഇങ്ങനെ രേഖപ്പെടുത്തുന്ന അധ്യാപകരുടെ പുസ്തകത്തിന് ‘ടീച്ചിംഗ് മാന്വല്‍’ എന്നാണ് പറയുന്നത്.

അടുത്തത് പ്രസ്തുത പഠന നേട്ടങ്ങള്‍ക്കനുസരിച്ച് ക്ലാസ്സില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പഠനപ്രവര്‍ത്തനങ്ങളാണ്. ഈ പഠനപ്രവര്‍ത്തനങ്ങള്‍ എവിടെ നിന്ന് കിട്ടും? ഈ പഠനപ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലും അതുപോലെതന്നെ കൈപുസ്തകത്തിലും ഉണ്ട്. കൈപുസ്തകത്തില്‍ കൊടുത്തിട്ടുള്ള എല്ലാ പഠനപ്രവര്‍ത്തനങ്ങളും ക്ലാസ്സ് മുറിയില്‍ ചര്‍ച്ചചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അത് കുട്ടികളുടെ എണ്ണത്തിനും, വൈവിധ്യത്തിനും, പ്രായത്തിനുമൊക്കെ അനുസരിച്ച് അധ്യാപകര്‍ ഔചിത്യപൂര്‍വ്വം തിരഞ്ഞെടുക്കണം. എന്നാല്‍ ഈ തിരഞ്ഞെടുക്കുന്ന പഠനപ്രവര്‍ത്തനം മുകളില്‍ പരാമര്‍ശിച്ച പഠനനേട്ടങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുന്നതിന് ഉചിതമായ തരത്തില്‍ ക്ലാസ്സ് മുറിയില്‍ ആവിഷ്‌ക്കരിക്കുക എന്നുള്ളതാണ് പ്രധാനം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ ചിലപ്പോള്‍ ചാര്‍ട്ടാകാം, ഗ്ലോബാകാം അല്ലെങ്കില്‍ ചില പക്ഷികളുടെ ചിത്രങ്ങളാകാം, വീടിന്റെ ചിത്രവുമാകാം. പ്രസ്തുത പഠനനേട്ടത്തിന് അനുസരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആവിഷക്കരിച്ച് നടപ്പിലാക്കുന്നതിന് ഉചിതമായ എന്തെല്ലാം പഠനസാമഗ്രികളാണ് ഉപയോഗിക്കേണ്ടത് എന്ന് അധ്യാപകര്‍ മുന്‍കൂട്ടി കണ്ടെത്തി എഴുതിവച്ചാല്‍ അത് വളരെ ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കാന്‍ സാധിക്കും. പരിശീലന പരിപാടികളില്‍ അതൊക്കെ ചര്‍ച്ചചെയ്യുന്നുണ്ട്. ഇങ്ങനെ പഠനനേട്ടങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍, പഠനസാമഗ്രികള്‍ ഇതൊക്കെ ആസൂത്രണം ചെയ്തുകൊണ്ടാണ് മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളില്‍ അധ്യാപകര്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി പോകുന്നത്. ഇങ്ങനെ ക്ലാസ്സില്‍ പഠനപ്രവര്‍ത്തനം നടത്തി കഴിഞ്ഞാല്‍ ടീച്ചിംഗ് മാന്വലിന്റ് വലത്തേപേജില്‍ ക്ലാസ്സ് മുറിയലുണ്ടായ അനുഭവങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതുക. തലക്കെട്ട് ‘എന്തെല്ലാമാണ് ക്ലാസ്സ് മുറിയില്‍ ഉണ്ടായ അനുഭവങ്ങള്‍’ എന്നതാണ്. എന്തെല്ലാമായിരിക്കും ആ അനുഭവങ്ങള്‍. പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോള്‍ ചില കുട്ടികള്‍ അത് പെട്ടെന്ന് സ്വാംശീകരിച്ചു, ചില കുട്ടികള്‍ക്ക് ഒപ്പമെത്താന്‍ സാധിച്ചില്ല. എന്നിങ്ങനെയായിരിക്കും അവ. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ പേര് അവിടെ എഴുതിവയ്ക്കുന്നത് പിന്നീടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആ കുട്ടികളില്‍ കേന്ദ്രീകരിച്ചുകൊണ്ട് നടത്തുന്നതിന് ഏറെ പ്രയോജനം ചെയ്യും അപ്പോഴാണ് വിഭിന്ന നിലവാരത്തിലുള്ള കുട്ടികളെ പരിഗണിക്കുന്ന തരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കഴിയുക. ഇത് ഒരു തുടര്‍പ്രവര്‍ത്തനം ആക്കുകയാണെങ്കില്‍ അത് അധ്യാപകരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രവര്‍ത്തനമായി മാറും എന്നതില്‍ സംശയമില്ല.

ഇങ്ങനെ പഠനപ്രവര്‍ത്തങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ അധ്യാപകര്‍ക്ക് രേഖപ്പെടുത്തി വെയ്ക്കുകയും ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ അവ പൊതുവായി ചര്‍ച്ചചെയ്യുകയും ചെയ്യാം. ഒരു പക്ഷേ ഇതേ പ്രശ്‌നം ഉണ്ടായപ്പോള്‍ വളരെ ഫലപ്രദമായി കൈ കാര്യം ചെയ്ത മറ്റ് അധ്യാപകരുടെ അനുഭവങ്ങള്‍ അവിടെ പങ്കുവെയ്ക്കപ്പെടുമ്പോള്‍ അത് സ്വാംശീകരിച്ച് സ്വന്തം ക്ലാസ്സ് മുറികള്‍ മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് സാധിക്കും. അതുകൊണ്ട് ആസൂത്രണവും തുടര്‍പ്രവര്‍ത്തനവും മികവുറ്റ പ്രവര്‍ത്തനമായി സന്തോഷപൂര്‍വ്വം അധ്യാപകര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങള്‍ ശിശുകേന്ദ്രീകൃതവും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതും അധ്യാപകര്‍ക്ക് സന്തോഷം പകരുന്നതുമായ ഒന്നായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തിലുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഭൂമി മലയാളത്തിലേക്ക് അയച്ചുതരുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സേതുമാഷ്.

 

 

സേതുമാധവന്‍.എം, രജിസ്ട്രാര്‍, മലയാളം മിഷൻ

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content