മണ്ണില്ലെങ്കിൽ നാമില്ല
മനുഷ്യാ നീ മണ്ണാവുന്നു, മണ്ണിലേക്കു തന്നെ മടങ്ങിപ്പോവുന്നു എന്ന് സാധാരണ പറയാറുണ്ടല്ലോ. മണ്ണില്ലാത്ത ഒരു ലോകം നമുക്ക് സങ്കല്പിക്കാനാവില്ല. അത്രയ്ക്കുണ്ട് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം. മനുഷ്യൻ മണ്ണിൽ കൃഷി ചെയ്യാനാരംഭിച്ചതോടെയാണ് മാനവ ചരിത്രത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായത്. മണ്ണില്ലെങ്കിൽ നാമില്ല. അദ്ധ്വാനത്തിന്റെയും കാർഷികവൃത്തിയുടെയും ജീവജാലങ്ങൾ തമ്മിലുള്ള പാരസ്പര്യത്തിന്റെയും പാഠങ്ങളാണ് മണ്ണ് നമുക്കു പഠിപ്പിച്ചു തരുന്നത്. അതുകൊണ്ട് തന്നെ മണ്ണിലിറങ്ങി, മണ്ണിൽക്കളിച്ച്, മണ്ണിന്റെ ഗന്ധമറിഞ്ഞു വളരണം കൂട്ടുകാർ. എന്നാൽ എത്ര പേർക്ക് അതിനുള്ള സമയവും അവസരവും കിട്ടുന്നുണ്ട്?
വിസ്മയങ്ങളുടെ അക്ഷയഖനി തന്നെയാണ് മണ്ണ്. നമ്മൾ ചവിട്ടിനിൽക്കുന്ന ഒരടി മണ്ണിൽപ്പോലും എന്തെന്തു കൗതുകങ്ങളും അത്ഭുതങ്ങളുമാണ് ഒളിച്ചിരിക്കുന്നതെന്നോ! അതിൽ എണ്ണിയാലൊടുങ്ങാത്ത സൂക്ഷ്മജീവികളടക്കം ഒരുപാടൊരുപാട് ജീവ വിസ്മയങ്ങളുണ്ട്. ജൈവ പദാർഥങ്ങളുണ്ട്. മൂലകങ്ങളും ധാതുക്കളും ജലാംശവും ചെളിയുമുണ്ട്. ഉറുമ്പും കുഴിയാനയും മണ്ണിരയുമുണ്ട്. സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങളുണ്ട്. പൊടിമണ്ണ്, ചരൽ മണ്ണ്, കരിമണ്ണ്, എക്കൽ മണ്ണ്, കളിമണ്ണ് തുടങ്ങി മണ്ണ് പല തരത്തിലുണ്ട്. ലോകത്തിന്റെ പല ഭാഗത്തുള്ള മണ്ണിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും. എങ്ങനെയാണീ മണ്ണുണ്ടാവുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? പാറകൾക്കും കല്ലുകൾക്കും ധാതുക്കൾക്കുമൊക്കെ അപക്ഷയം സംഭവിച്ചും അവയിൽ മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ പ്രവർത്തനഫലമായിട്ടുമാണ് മണ്ണുണ്ടാവുന്നത്. ഇതൊക്കെ ഒന്നോ രണ്ടോ ദിവസം കൊണ്ടു സംഭവിക്കുന്നതാണെന്നു കരുതല്ലേ. പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങളുടെ കഥയാണ് ഓരോ മൺതരിക്കും പറയാനുള്ളത്. മണ്ണിന്റെ രൂപീകരണം, വിവിധ തരം മണ്ണുകൾ, അവയുടെ വർഗ്ഗീകരണം എന്നിവയെക്കുറിച്ചൊക്കെ പഠിക്കുന്ന ശാസ്ത്രശാഖയാണ് പെഡോളജി.
ഭൂമിയുടെ ത്വക്ക് ആണ് മണ്ണ്. നഷ്ടപ്പെട്ടു പോയിക്കഴിഞ്ഞാൽ ഇങ്ങിനി തിരിച്ചു കിട്ടാത്ത അമൂല്ല്യ നിധിയാണത്. നമുക്ക് കൃഷി ചെയ്യാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ആരോഗ്യമുള്ള മണ്ണു തന്നെ വേണം. പുൽക്കൊടി മുതൽ മാമരങ്ങൾ വരെ മണ്ണിൽ വേരുറപ്പിച്ചാണ് വളരുന്നത്. ജീവവിസ്മയങ്ങളുടെ കളിത്തൊട്ടിലായ മണ്ണ് വിസ്മയകരമായ ആവാസവ്യവസ്ഥയാണ്. ജലസംഭരണത്തിലും കാലാവസ്ഥാ നിയന്ത്രണത്തിലുമൊക്കെ മണ്ണിനു സുപ്രധാന പങ്കുണ്ട്. വിവിധ മൂലകങ്ങളുടെ ചാക്രിക സഞ്ചാരത്തിനും അയോണുകളുടെ വിനിമയത്തിനുമൊക്കെ മണ്ണ് വേണം.
എന്നാൽ കടലോളം പ്രശ്നങ്ങൾക്കു നടുവിലാണിപ്പോൾ മണ്ണ്. ഇതിനു പ്രധാന കാരണം മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ തന്നെ. രാസകീടനാശിനികളും വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളുമൊക്കെ മണ്ണിനെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. അമിത രാസവളപ്രയോഗമാണെങ്കിൽ മണ്ണിന്റെ രാസഘടന തന്നെ മാറ്റുന്നു. ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കുന്നതും കാട്ടുതീയുമൊക്കെ മേൽമണ്ണിനു ദോഷകരമാണ്. മണ്ണു മലിനമാവുമ്പോൾ കുടിവെള്ളത്തിലേക്കു കൂടിയാണ് ആ മാലിന്യങ്ങൾ എത്തുന്നത് എന്നു മറക്കരുത്. മണ്ണിലേക്ക് വലിച്ചെറിയപ്പെടുന്നതും സ്വാഭാവികമായി മണ്ണിൽ എത്തുന്നതുമായ പദാർഥങ്ങളുടെ ജീർണ്ണനത്തിൽ മുഖ്യപങ്കു വഹിക്കുന്നത് സൂക്ഷ്മജീവികളാണ്. എന്നാൽ അമ്ലാംശം കൂടിയ മണ്ണിലും ക്ഷാരാംശം കൂടിയ മണ്ണിലും സൂക്ഷ്മജീവികളുടെ നിലനില്പ് ദുഷ്ക്കരമാണ്. സൂക്ഷ്മജീവികൾ ഇല്ലാതായാൽ മണ്ണ് മാലിന്യക്കൂമ്പാരമായി മാറിയതു തന്നെ. ജീർണ്ണനത്തിലൂടെ ലഭ്യമാവുന്ന പോഷകങ്ങളുടെ അഭാവം സസ്യവളർച്ചയെയും ദോഷകരമായി ബാധിക്കും. അശാസ്ത്രീയമായ കൃഷിരീതികളും വിവേചനരഹിതമായ വികസനപ്രവർത്തനങ്ങളും നിർമ്മാണപ്രവർത്തനങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ.
ആഗോളതാപനവും ഗുരുതരമായ കാലാവസ്ഥാവ്യതിയാനങ്ങളുമൊക്കെ മണ്ണിനെയും വല്ലാതെ പൊള്ളിക്കുന്നുണ്ട്. ഭൂമിയമ്മയ്ക്ക് ചുട്ടുപൊള്ളിപ്പനിക്കുമ്പോൾ മണ്ണിന്റെ പല സ്വാഭാവിക പ്രവർത്തനങ്ങളും കൂടിയാണ് അവതാളത്തിലാവുന്നത്. കാർബൺ ചംക്രമണം അടക്കമുള്ള പല മൂലക വിനിമയ പ്രക്രിയകളുടെയും താളം തെറ്റും. കാടും മേടും കുന്നും വയലേലകളുമൊക്കെ ഇല്ലാതാക്കിക്കൊണ്ടുള്ള വിവേചനരഹിതമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി മണ്ണിന്റെ ജലസംഭരണശേഷി കുറയും. ശുദ്ധജലം അത്യപൂർവ്വ വസ്തുവായി മാറും. അവശേഷിക്കുന്ന പച്ചപ്പിനും കത്തിവയ്ക്കുമ്പോൾ അത് മണ്ണൊലിപ്പിന് ആക്കം കൂട്ടും. ഫലഭൂയിഷ്ഠമായ മേൽമണ്ണിനൊപ്പം ഒലിച്ചുപോവുന്നത് മണ്ണിന്റെ ആരോഗ്യം തന്നെയാണ്. പതിനായിരക്കണക്കിനു വർഷങ്ങളിലൂടെ രൂപംകൊണ്ട അമൂല്ല്യ വിഭവമാണ് ഇങ്ങനെ പല തരത്തിൽ നഷ്ടമാവുന്നത്. കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോവുമ്പോൾ അത് സർവ്വജീവജാലങ്ങളെയും വരും തലമുറകളെയും ദോഷകരമായി ബാധിക്കുമെന്ന് നാം മറന്നുകൂടാ. വരും തലമുറകളിൽ നിന്നു നമുക്കു കടമായിക്കിട്ടിയ ഈ മണ്ണിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. മണ്ണുസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകമെങ്ങും അവബോധമുണ്ടാക്കാൻ ഐക്യരാഷ്ട്രസഭ 2015 അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചിരുന്നു. മണ്ണിന്റെ സുസ്ഥിര ഉപയോഗത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അത് പ്രാവർത്തികമാക്കിയാലേ ഇനി നമുക്കു രക്ഷയുള്ളൂ.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി