മോഹം

പുലരിയില്‍ വിരിയുന്ന പുതുമലര്‍ കാണുകില്‍
പൂമ്പാറ്റയാകുവാന്‍ ഉള്ളില്‍മോഹം
അഴകാര്‍ന്ന ചിറകുകള്‍ വീശിപറക്കണം
അരുമയായ് അങ്ങനെ ആരാമത്തില്‍

ചന്തം നിറയ്ക്കുന്ന ചാരുതയാര്‍ന്നൊരു
വെണ്‍മേഘതുണ്ടാകാനേറെ മോഹം
കാറ്റിന്‍ തലോടലില്‍ പൂമഴയായിടാം
മണ്ണിന്റെ മാറിലലിഞ്ഞുചേരാം

വിണ്ണില്‍ ചിറകുകള്‍ വീശി പറക്കുന്ന
പക്ഷിയായ് മാറാനുമേറെമോഹം
കാണാത്ത ദൂരങ്ങള്‍ പാറി പറന്നിടാം
കാണാത്ത കാഴ്ചകള്‍ കണ്ടണയാം

സുന്ദരമായിടും ചെന്താമര പൂക്കള്‍
ചാമരം വീശുമാ പൊയ്കതന്നില്‍
ആഴങ്ങള്‍ നീന്തും പരല്‍മീനായ്മാറണം
അജ്ഞാതസുന്ദരലോകം കാണാന്‍

മോഹങ്ങള്‍കൊണ്ടൊരു ആകാശകൊട്ടാരം
ഞാനെന്റെയുള്ളില്‍ പടുത്തുയര്‍ത്തി
തോരാതെ പെയ്യുന്ന കണ്ണീര്‍മഴയത്ത്
മോഹങ്ങളൊക്കെയലിഞ്ഞുപോയി

മിനി ജോയ്‌ തോമസ്
സൂര്യകാന്തി, സില്‍വാസ

0 Comments

Leave a Comment

FOLLOW US