കുഞ്ഞിപ്പെണ്ണും കറുമ്പിയുടെ കുറുമ്പും

തിവുപോലെ രാവിലെ എഴുന്നേറ്റ്, ഉറക്കച്ചടവു മാറുംമുന്നേ കുഞ്ഞിപ്പെണ്ണ് തൊഴുത്തിലേക്കോടി. ഇളം മഞ്ഞ നിറത്തിലുള്ള പെറ്റിക്കോട്ടുമിട്ട് മുഖം പോലും കഴുകാതെയുള്ള ഈ ഓട്ടം മണിക്കുട്ടനെ കാണാനാണ്.

കുഞ്ഞിപ്പെണ്ണിന്റെ വീട്ടിലെ കറുമ്പി പശുവിന്റെ കുഞ്ഞാണ് മണിക്കുട്ടന്‍. മണിക്കുട്ടന്‍ പിറന്നിട്ട് ഒരാഴ്ചപോലും തികഞ്ഞിട്ടില്ല. എങ്കിലും മണിക്കുട്ടനും കുഞ്ഞിപ്പെണ്ണും വലിയ ദോസ്തുക്കളാണ്. ചെരുപ്പിടാതെ ചേറിലും മഴവെള്ളത്തിലും ചാടിത്തുള്ളി കുഞ്ഞിപ്പെണ്ണ് തൊഴുത്തിലെത്തിയപ്പോഴുണ്ട് ദാ നിക്കണു അമ്മ. തൊഴുത്തെല്ലാം വൃത്തിയാക്കി പാല്‍ കറക്കാനുള്ള ഒരുക്കത്തിലാണ്.

‘ ഉയ്യോ… ഇപ്പൊ വഴക്ക് കിട്ടുമല്ലോ’ കുഞ്ഞി കാലിലേക്കു നോക്കി. ചെരുപ്പിടാതെ മുറ്റത്തേക്കു പോലും ഇറങ്ങരുതെന്ന് അമ്മയുടെ കര്‍ശന നിര്‍ദേശമുള്ളതാണ്. ഇതിപ്പോ കാലേതാ ചേറേതാന്ന് അറിയാത്ത പരുവത്തിലാണ്. കാല് കഴുകണമെങ്കില്‍ അമ്മയുടെ മുന്നിലൂടെ വേണം പൈപ്പിനടുത്തേക്കു പോകാന്‍. അതിലുംഭേദം അമ്മയുടെ കണ്ണില്‍പ്പെടാതെ എവിടേക്കെങ്കിലും മാറുന്നതാണ്. അവള്‍ ചുറ്റും നോക്കി. പെട്ടെന്നാണ് വൈക്കോല്‍ കൂന ശ്രദ്ധയില്‍പ്പെട്ടത്. അതിനു പിന്നിലേക്കു മാറിയാല്‍ അമ്മ തന്നെ കാണുകയില്ല. കുഞ്ഞി ഒച്ചയുണ്ടാക്കാതെ പമ്മിപ്പമ്മി വൈക്കോല്‍ കൂനയ്ക്കരികിലേക്കു പോകാന്‍ ഒരുങ്ങി.

കുഞ്ഞ്യേ… തൊഴുത്തില്‍ നിന്ന് അമ്മ നീട്ടി വിളിച്ചു. എന്താവിടെ? അമ്മ ചോദിച്ചു.
കുഞ്ഞിപ്പെണ്ണ് കൈരണ്ടും പെറ്റിക്കോട്ടിന്റെ ഇരുവശത്തുമായി പിടിച്ചു. എന്നിട്ട് കാലിലേക്കു നോക്കി. ‘ഇന്നിനി നല്ല ശേലാവും. എന്നാലും എന്തേലും ഒപ്പിക്കാം.’ അവളുടെ കുറുമ്പുണര്‍ന്നു. ‘അതില്ലേ അമ്മേ, കുഞ്ഞി അമ്മേനേ കാണാഞ്ഞിട്ടു വന്നെയാണ്. ഞാന്‍ എവിടെല്ലാം തിരഞ്ഞു.’
‘ഒന്നും പറയണ്ട കുഞ്ഞ്യേ നാരായണേട്ടന്‍ ഇന്നു വന്നില്ല. പനിയാണെന്ന് വിളിച്ചു പറഞ്ഞു. അതുകൊണ്ട് കറുമ്പിയെ കറക്കാന്‍ വന്നതാ. നമ്പൂരിയച്ചന്റെ വീട്ടില്‍ പാല് കൊടുക്കണ്ടേ. നേരം ഇപ്പഴേ വൈകി.’ അമ്മ തിടുക്കത്തില്‍ കറുമ്പിയെ കറന്നു പാലുമായി അടുക്കളയിലേക്കു നടന്നു.
എന്നും നാരായണേട്ടനാണ് കറുമ്പിയെ കറക്കുന്നത്. നാരായണേട്ടന്‍ അവധിയെടുക്കുന്ന ദിവസം അമ്മയുടെ ഊഴമാണ്. ഇവരു രണ്ടുപേരുമല്ലാതെ ആരും അടുത്ത് ചെല്ലുന്നത് കറുമ്പിക്ക് ഇഷ്ടമല്ല.

കുറച്ചു മാസം മുന്‍പ് അമ്മാമ്മയെ കാണാന്‍ അമ്മ ‘അമ്മാച്ചന്‍ വീട്ടില്‍’* പോയ ദിവസം കുഞ്ഞിപ്പെണ്ണ് ഓര്‍ത്തു. കൊല്ലപ്പരീക്ഷ നടക്കുന്ന സമയം ആയതുകൊണ്ട് കുഞ്ഞിയെ കൂട്ടാതെയാണ് അമ്മ പോയത്. അന്ന് എന്തോ കാരണത്താല്‍ കറുമ്പിയെ കറക്കാന്‍ നാരായണേട്ടനു വരാന്‍ സാധിച്ചില്ല. നമ്പൂരിയച്ചനു പാലു കൊടുക്കേണ്ടതു കൊണ്ട് അമ്മയെ സഹായിക്കാന്‍ നിക്കുന്ന ദേവുമ്മായിയാണ് കറുമ്പിയെ കറക്കാന്‍ ചെന്നത്. അച്ഛന്റെ അകന്ന ബന്ധുവാണ് ദേവുമ്മായി. കുഞ്ഞി ജനിച്ച സമയത്ത് അമ്മയ്ക്ക് സഹായത്തിനായി കൊണ്ടുവന്നതാണ് ദേവുമ്മായിയെ. അമ്മയ്ക്കു സഹായമാണെങ്കിലും ആള് കുഞ്ഞിപ്പെണ്ണിനു പാരയാണ്. അവളെന്തു കുറുമ്പു കാണിച്ചാലും ദേവുമ്മായി അത് അമ്മയുടെ കാതിലെത്തിക്കും. കാതിലെത്തിക്കുക മാത്രമല്ല പറ്റിയാല്‍ നല്ല തല്ലും വാങ്ങിക്കൊടുക്കും.
അന്ന് ദേവുമ്മായി പാലു കറക്കാന്‍ ചെന്നപ്പോള്‍ കുഞ്ഞിയും കൂടെപോയി. ‘ദേവുമ്മായി കറുമ്പി തൊഴിക്കുവേ…’ കുഞ്ഞി മുന്നറിയിപ്പു നല്‍കിയെങ്കിലും ദേവുമ്മായി അതു കാര്യമാക്കിയില്ല.

‘ഞാന്‍ കുറേ പശുക്കളെ കണ്ടിട്ടുണ്ട് കുഞ്ഞിപ്പെണ്ണേ… എന്റെ വീട്ടിലെ മൂന്നു പശുക്കളേയും ഈ ദേവു ഒറ്റയ്ക്കാ കറക്കണേ.’ ദേവുമ്മായി വീമ്പിളക്കിക്കൊണ്ട് കറുമ്പിയെ കറക്കാന്‍ ഇരുന്നതും കറുമ്പി ദേവുമ്മായിയ്ക്കിട്ട് ഒറ്റ തൊഴി കൊടുത്തതും ഒരുമിച്ചായിരുന്നു. ദേവുമ്മ അയ്യോന്നു വിളിച്ച് പിന്നിലേക്കു വീണു. പിന്നെ അച്ഛനും കൊച്ചച്ഛനും ഒക്കെ ചേര്‍ന്നാണ് ദേവുമ്മയെ എടുത്തു പോക്കിയത്. അന്നു കുറേ കുഴമ്പും തൈലോം ഒക്കെ ഇട്ടാണ് നടുവിലെ വേദന മാറിയത്. ദേവുമ്മായിയുടെ നടുവിനു വേദന മാറിയെങ്കിലും ആ ദിവസവും അടുത്ത ദിവസങ്ങളും കുഞ്ഞിപ്പെണ്ണിനു മറക്കാന്‍ പറ്റില്ല. ദേവുമ്മ വീണപ്പോ ചിരിച്ചതിന് അച്ഛന്റെ കൈയില്‍ നിന്നു പൊതിരെ തല്ലു കിട്ടി. കൊച്ചച്ഛനാണ് അടിയില്‍ നിന്ന് അവളെ രക്ഷിച്ചത്.

പക്ഷേ അവിടംകൊണ്ടും കാര്യങ്ങള്‍ അവസാനിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് അമ്മ മടങ്ങി എത്തിയപ്പോഴേ ദേവുമ്മായി കാര്യങ്ങള്‍ അമ്മയോടു വിശദീകരിച്ചു. ചിരിച്ചെന്നു മാത്രമല്ല കൈയടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും മതിയല്ലോ അമ്മയ്ക്ക്. കൈയില്‍ കിട്ടിയ പേരവടി എടുത്തായിരുന്നു തല്ല്. ഒടുവില്‍ അമ്മ പറഞ്ഞതനുസരിച്ച് കുഞ്ഞിപ്പെണ്ണ് ദേവുമ്മായിയോടു മാപ്പു പറഞ്ഞപ്പോഴാണ് വീട്ടിലെ സംഘര്‍ഷാവസ്ഥ ഒന്ന് അടങ്ങിയത്.

കാര്യം അന്ന് തല്ലു കുറേ കൊണ്ടെങ്കിലും ദേവുമ്മ വീഴുന്ന രംഗം ഓര്‍ക്കുമ്പോള്‍ കുഞ്ഞിപ്പെണ്ണിന് ഇപ്പോഴും ചിരിയടക്കാന്‍ പറ്റാറില്ല. പക്ഷേ ചിരിച്ചു തുടങ്ങുമ്പോള്‍ തന്നെ അവള്‍ അമ്മ അന്നു പറഞ്ഞ വാക്കുകള്‍ ഓര്‍ക്കും- ‘ ആര്‍ക്കെങ്കിലും എന്തെങ്കിലും ആപത്തു പിണയുമ്പോള്‍ ചിരിക്കാന്‍ പാടില്ല. മാത്രമല്ല അവരെ സഹായിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. അങ്ങനെയാണ് നല്ല കുട്ട്യോള്. അല്ലാത്തോരെ ആര്‍ക്കും ഇഷ്ടാവില്ല.’

*അമ്മയുടെ വീടിനെ കുഞ്ഞിപ്പെണ്ണ് അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.

 

അഞ്ജലി അനില്‍കുമാര്‍

0 Comments

Leave a Comment

FOLLOW US