കുന്നിൻ മുകളിൽ കയറാലോ കണ്ണാന്തളി പറിക്കാലോ

കുട്ടിക്കാലത്ത് മല എന്നു പറഞ്ഞാൽ അത് കുറുങ്ങാട്ടുകുന്നായിരുന്നു. അതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഉയരമുള്ള കുന്ന്. വീട്ടിൽ നിന്ന് നോക്കിയാൽ അമ്പലത്തിൽ നിന്നും സ്കൂളിൽ നിന്നും നോക്കിയാലും കുന്നങ്ങനെ തലയുയർത്തി നിൽക്കുന്നതു കാണാം.

രാവിലെ നോക്കിയാൽ ആദ്യം കാണുന്നത് കുറുങ്ങാട്ടു കുന്നാണ്. മുകളിൽ കയറിയാൽ മേഘം അടുത്താവുമെന്നും തൊടാൻ കഴിയുമെന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഓണക്കാലത്ത് കുട്ടികള്‍ കുന്നിൽ കയറി കണ്ണാന്തളി പൂക്കള്‍ കൊണ്ടുവരുമായിരുന്നു. എനിക്കും ഒരിക്കൽ അതിൽ കയറി കണ്ണാന്തളി പറിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. വീട്ടിൽ പറഞ്ഞാൽ അത്ര ദൂരത്ത് പോകേണ്ട എന്നു പറയും. മാത്രമല്ല കുന്നിൻ മുകളിൽ കുറുനരികള്‍ (കുറുക്കൻ) ഉണ്ടെന്ന ഭയപ്പെടുത്തലും.

മുകളിൽ ഉയർന്നു തള്ളി നിൽക്കുന്ന പാറയിൽ കയറിയാൽ അകലെ അറബിക്കടൽ കാണാമെന്നൊക്കെ കുട്ടികള്‍ പറയാറുണ്ട്. കുന്നിൻെറ നടുവിലായുള്ള ഉയർന്നഭാഗത്ത് അമർത്തി ചവിട്ടിയാൽ കമഴ്ത്തിയിട്ട ചെമ്പുപാത്രത്തിൻെറ മുകളിൽ ചവിട്ടുന്ന ശബ്ദം ഉണ്ടാകുമത്രെ. ഞങ്ങള്‍ കുട്ടികളെ മാടി വിളിച്ചുകൊണ്ട് കുറുങ്ങാട്ടുകുന്നങ്ങനെ ചിരിച്ചു നിന്നു.

കണ്ണാന്തളി

ഒരു ദിവസം ഞാനും കുന്നിൽ കയറുമെന്ന് വീട്ടിൽ പറയാറുണ്ടായിരുന്നു. ഒരോണക്കാലത്ത് ഞങ്ങള്‍ കുറച്ചുപേർ കുന്ന് കയറാൻ പുറപ്പെട്ടു. ടാറിട്ട റോഡിൽ നിന്നും ചെറിയ ഒരു ചെമ്മൺ പാത മുകളിലേക്ക് കയറുന്നിടത്താണ് വഴി തുടങ്ങുന്നത്. ഇരു വശത്തും കൈതകള്‍ വരിയായി തള്ളി നിൽക്കുന്നുണ്ട്. അറ്റത്ത് കറുത്തിരുണ്ട മൂർച്ചയുള്ള മുള്ളുമായി കൈതകളുടെ നിൽപ്പ് തന്നെ ഭീകരന്തരീക്ഷം സൃഷ്ടിക്കാൻ പര്യാപ്തമാണ്.

റോഡ് തീരുന്നിടത്തു നിന്നും ചെറിയ നടവഴി തുടങ്ങുന്നു. വഴി എന്നൊന്നും പറയാൻ കഴിയില്ല. ആരൊക്കയോ നടന്ന് പോയതിൻെറ പാട് പുൽച്ചെടികള്‍ക്കിടയിൽ വഴിയായി കാണാം. കുറച്ച് പോയാൽ അല്പം നിരന്ന സ്ഥലമാണ്. അങ്ങിങ്ങായി ഞാവൽ മരങ്ങള്‍ നിൽക്കുന്നു. ഓടികളിക്കാൻ പറ്റിയ സ്ഥലം. നിൽക്കാൻ സമയമില്ലാത്തതുകൊണ്ട് വേഗം നടന്നു.

അവിടുന്നങ്ങോട്ട് കുത്തനെയുള്ള കയറ്റമാണ്. ഈ വഴി വർഷക്കാലത്ത് വെള്ളമൊഴുകുന്ന തോടാവണം. മനുഷ്യരും കന്നുകാലികളും മുകളിലേക്ക് കയറി പോയിട്ടുണ്ട്. കാലികളുടെ കുളമ്പടയാളങ്ങള്‍ മണ്ണിൽ പതിഞ്ഞു കിടപ്പുണ്ട്. ചിലയിടങ്ങളിൽ കാൽ ഉരസിപ്പോയതായും പാടുകളിൽ നിന്നും മനസ്സിലാക്കാം. ആരൊക്കയോ കയറ്റത്തിനിടയിൽ കാൽ വഴുതി വീണിട്ടുണ്ടെന്ന് ഉറപ്പിക്കാം. പലപ്പോഴും കൈകള്‍ മണ്ണിൽ അമർത്തിയാണ് കയറുന്നത്. ഇരുവശത്തുമുള്ള ചെടികളിൽ പിടിച്ചും കയറാം. ഞാൻ പിടിച്ചത് അരിപ്പൂ ചെടിയിലായിരുന്നു. മുള്ളുകള്‍ കൈയ്യിൽ തുളച്ചു കയറി.

ഒരു വിധം കുണ്ടനിടവഴി കയറിചെന്നാൽ കുന്നിൽ നിന്നും ചെരി‍ഞ്ഞു കിടക്കുന്ന പുൽപ്രദേശമാണ്. അവസാനിക്കുന്നിടത്ത് ഉയർന്നു നിൽക്കുന്ന വലിയ പാറ. മുന്നിലൂടെ പാറയിൽ കയറാൻ കഴിയില്ല. പാറയുടെ അടിവശത്താണ് പുലിമട. സാമാന്യം വലിയ ഒരു ഗുഹയാണിത്. പണ്ടിവിടെ പുലികള്‍ ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. ഇപ്പോള്‍ കുറുനരികള്‍ ഉണ്ടാവാനിടയുണ്ട്.

ചെരിഞ്ഞ പ്രദേശം മുഴുവനും തുമ്പയും കാശിതുമ്പയും മറ്റ് പേരറിയാത്ത അനവധിചെടികളും നിറഞ്ഞു നിൽക്കുന്നു. ചെടികള്‍ക്കിടയിൽ ഉരുണ്ട കല്ലുകളാണ്. കല്ലിൽ ചവിട്ടുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിൽ കല്ല് ഉരുളും ഒപ്പം ചവിട്ടിയ ആളും ഉരുണ്ട താഴേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഞാൻ കണ്ണാന്തളിയാണ് തിരഞ്ഞത്. അവിടവിടെയായി ഉയർന്നു നിൽക്കുന്ന ചെടിയാണ് കണ്ണാന്തളി. നീലയും വെളുപ്പും കലർന്ന പൂക്കള്‍ കുറച്ചു ശേഖരിച്ചു. പൂക്കള്‍ പറിക്കുന്നതിനേക്കാള്‍ പാറയിൽ കയറാനായിരുന്നു എനിക്ക് താൽപ്പര്യം.

മറുവശത്തുകൂടെ നടന്ന് മുന്നിലേക്ക് ഉന്തി നിൽക്കുന്ന പാറയിൽ കയറി. പാറയുടെ മുകളിൽ നിരവധി കുഴികളുണ്ട്. ചിലതിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. പടിഞ്ഞാറു ഭാഗത്തായതുകൊണ്ട് ദൂരെ ചക്രവാളത്തിൽ നീല നിറത്തിൽ കാണുന്നത് അറബിക്കടലാണെന്ന് കരുതാം. തണുത്ത കാറ്റിൽ അങ്ങനെ ലയിച്ചു നിന്നാൽ ചുറ്റും താഴെ ദൂരെയായി കൊച്ചുകൊച്ചു മലകള്‍ പരസ്പരം കൈകോർത്ത് നിൽക്കുന്നതുകാണാം. ചുറ്റുപാടും ചക്രവാളം കാണുമ്പോള്‍ ആകാശം കമഴ്ത്തിവച്ച ഒരു കുട്ടയായി തോന്നും. അപ്പോള്‍ ഭൂമി ഉരുണ്ടതാണെന്നു കരുതാൻ എളുപ്പമാണ്.

പരിചിതമായ ഒരു സ്ഥലത്തെ കുറിച്ച് ഒരു വിവരണം തയ്യാറാക്കൂ. മികച്ചവ പൂക്കാലത്തിലേക്ക് അയച്ചു തരിക.

– പി.രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US