പൂക്കളെവിടെ?
അത്തമായല്ലോ നാട്ടില്‍
മത്തപ്പൂ തന്നെ വേണം
പൂക്കളം തീര്‍ത്തു തൃപ്തിയാകാതെ
ചിണുങ്ങുന്നു പെണ്‍കിടാവ്
നട്ട വിത്തൊന്നും മുളച്ചതില്ല
മുളച്ചതൊന്നും പൂത്തതില്ല
ഇത്തിരി തേന്‍തേടി പറക്കും
പാപ്പാത്തി പയ്യാരങ്ങള്‍
അത്തം തൊട്ടിങ്ങെണ്ണുവേഗം
ഓണം വരേക്കുള്ള പത്ത് നാളുകള്‍
ഓരോ നാളിനും വേണം പൂക്കള്‍
വണ്ടി കേറിയിങ്ങെത്തും ചന്തം
കാക്കപ്പൂവ് കണ്ണാന്തളി കാശിത്തുമ്പ
മുക്കുറ്റി മന്ദാരം മഞ്ഞക്കോളാമ്പി
നാട്ടു നന്മപോല്‍ ചിരിച്ചു കാണിക്കും
പൂക്കളെങ്ങുപോയ് ഒളിച്ചിരിപ്പൂ
വിറവാലന്‍ ശലഭം പരിഭ്രമിച്ചു പാറും
ഹനുമാന്‍ കിരീടത്തിന്‍ കണിയില്ല തെല്ലും
നന്ത്യാര്‍വട്ടത്തില്‍ നന്ദികാണിക്കാതെ
പുച്ഛിക്കുന്നു ആന്തൂറിയങ്ങള്‍
പൂവായാല്‍ മണം വേണം
പൂമാനായാല്‍ ഗുണം വേണം
നാട്ടുപാട്ടിന്‍ മൊഴി
ചേര്‍ത്തുവയ്ക്കാതെ നില്‍പൂ
പുത്തന്‍ പൂവുകള്‍ നിറം തേച്ച ചട്ടിയില്‍
വിരിഞ്ഞാല്‍ മതി പിന്നെ
എത്രനാള്‍ കഴിഞ്ഞാലും
കൊഴിയാതെ നില്‍ക്കും
വാടാമലരുകള്‍
വീണപൂവിന്‍ വ്യഥ പാടാന്‍
ഒരു കവിക്കുമാകാത്ത മട്ടില്‍
അമരത്വമാര്‍ന്ന മലരുകള്‍
കാലത്തിന്‍ പേക്കോലങ്ങള്‍
പൂമ്പൊടിയില്ല പൂന്തേനൊട്ടുമില്ല
വണ്ടും തേനീച്ചയുമില്ല
ഒന്നുമില്ലാതെ നില്‍പൂ
വറ്റാത്ത നിറയൗവ്വനം
അതിരുകള്‍ക്കപ്പുറത്തുള്ള
പാഴ് മുളകളില്‍ പിറക്കുന്നു
ജീവിതത്തിന്റെ തുടിപ്പും കിതപ്പും
അടയാള വാക്യങ്ങളും
പി.ടി മണികണ്ഠന്‍ പന്തലൂര്‍