ആമ്പല്‍ പാഠാസൂത്രണം
പ്രിയപ്പെട്ട അധ്യാപകര്‍ക്ക്,
ഓരോ പാഠഭാഗത്തെയും സമയബന്ധിതമായും രസകരമായും കുട്ടികളുടെ പങ്കാളിത്തത്തോടെയും എങ്ങിനെ നടപ്പാക്കാം എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നല്ലോ? ഇതിനായി പാഠാസൂത്രണം തയ്യാറാക്കുന്നതിനുവേണ്ടി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പലര്‍ക്കും മുന്‍മാതൃകകളില്ലാത്തതിനാല്‍ അക്കാര്യം പ്രയാസകരമാണെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് പരിഹരിക്കുന്നതിനായി പാഠാസൂത്രണത്തിന്റെ മാതൃക ഈ ലക്കം മുതല്‍ പൂക്കാലത്തിലൂടെ പരിചയപ്പെടുത്തുകയാണ്. ആമ്പല്‍ പാഠപുസ്തകത്തിലെ ആദ്യത്തെ പാഠമായ ‘പൊലിക പൊലിക’യിലെ തുടക്കത്തിലെ ആറ് വരികള്‍ക്ക് ആവശ്യമായ പാഠാസൂത്രണമാണ് നല്‍കുന്നത്. ഇതൊരു മാതൃക മാത്രമാണ്. യുക്തിസഹമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. പഠനനേട്ടങ്ങള്‍, പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍, വ്യവഹാരരൂപങ്ങള്‍, പഠനതന്ത്രങ്ങള്‍ എന്നിവയില്‍ ഊന്നിനില്‍ക്കണമെന്നുമാത്രം. പാഠം ആവശ്യപ്പെടുന്ന ഭാഷാപരവും ആശയപരവുമായ സവിശേഷതകള്‍ കുട്ടികളിലേക്ക് സന്നിവേശിപ്പിക്കാനുതകുന്ന ഏതുതരം പഠനസഹായികളും കൂട്ടായ പ്രവര്‍ത്തനങ്ങളും അധ്യാപകര്‍ക്ക് ഒരുക്കാവുന്നതാണ്. അധ്യാപികയുടെ വിലയിരുത്തല്‍ എന്ന ഭാഗത്ത് കുട്ടികളില്‍നിന്നുണ്ടായ മുഴുവന്‍ പ്രതികരണങ്ങളും രേഖപ്പെടുത്തിവയ്‌ക്കേണ്ടതാണ്. ഈ രേഖയാണ് നിരന്തര മൂല്യനിര്‍ണയത്തിന്റെ ഉപാധിയായി പരിഗണിക്കേണ്ടത്.
സ്‌നേഹത്തോടെ

എം.ടി. ശശി ഭാഷാധ്യാപകന്‍, മലയാളം മിഷന്‍
അധ്യാപികയുടെ പേര് :
സമയം : 2 മണിക്കൂര്‍
കോഴ്‌സ് : ആമ്പല്‍
യൂണിറ്റ് : ഒന്നല്ലേ ചോര
പാഠം : പൊലിക പൊലിക
പാഠഭാഗം :
പൊലിക പൊലിക………………….
……………………………………………………..
എങ്ങനാ അടിയന്‍ വഴി തിരിയേണ്ടു.
(പൊലിക പൊലിക… ഗാനം കേൾക്കാനായി താഴെ ക്ലിക്ക് ചെയ്യുക. ശബ്‌ദം: മണികണ്ഠൻ പന്തലൂർ)
ആശയപരമായ സവിശേഷതകള്‍
- കേരളത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ജാതീയവും വംശീയവുമായ വിവേചനങ്ങളും അതിനെതിരായ പ്രതികരണങ്ങളും.
- ഐതിഹ്യകഥകള്‍ മനസ്സിലാക്കുന്നതിന്.
- ജനകീയാനുഷ്ഠാനമായ തെയ്യത്തെ അറിയുന്നതിന്.
ഭാഷാപരമായ സവിശേഷതകള്‍
സംഘചര്‍ച്ച, സംവാദം, പ്രസംഗം, വായ്ത്താരികള്‍, നാടന്‍പാട്ടുകള്‍ എന്നിവയില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന്. (കുട്ടികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്ന നൂതനമായ പഠനതന്ത്രങ്ങള്‍ ഉപയോഗിക്കാം)
പഠനസഹായികള്‍
- ‘പൊലിക പൊലിക’യുടെ ഓഡിയോ.
- ജാതീയമായ ഉച്ചനീചത്വങ്ങള്‍ അച്ചടിച്ചുവന്ന പത്രറിപ്പോര്‍ട്ടുകള്‍.
- വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഗുരുവായൂര്‍, വൈക്കം സമരങ്ങളെ സംബന്ധിച്ച സാമഗ്രികള്‍.
- കേരളത്തിലെ ആചാരഭാഷകള്‍ എഴുതിയ ചാര്‍ട്ടുകള്‍.
അധ്യാപിക:
നമസ്‌കാരം
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?
ഇന്ന് നമുക്ക് ഒരു കഥപറയാം അതിനു മുമ്പായി ആ കഥയുമായി ബന്ധപ്പെട്ട ഒരു പാട്ട് പാടുന്നുണ്ട്? ഞാന്‍ തുടങ്ങിവെക്കാം. ബാക്കി നിങ്ങള്‍ പൂരിപ്പിക്കണം. നിങ്ങള്‍ക്കറിയാവുന്ന പാട്ടാണ്.
മാവേലി നാടുവാണീടും കാലം
………………………………………………………..
ആരാണ് മാവേലിയുടെ കഥ പറയുക?
കുട്ടികള്‍ പലതരത്തില്‍ പറയുന്ന കഥകള്‍ അധ്യാപിക ക്രോഡീകരിക്കുന്നു.
ഇതില്‍നിന്നും എന്തു മനസ്സിലായി? സ്‌നേഹസമ്പന്നനും ജനങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്നതുമായ ഒരു ഭരണാധികാരിയും, എല്ലാ മനുഷ്യരും ഒരുപോലെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് ഇങ്ങനെയാണോ?
പണ്ടുകാലത്തോ?
(അധ്യാപിക ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നു. താഴെ പറയുന്ന നിഗമനത്തിലെത്തിച്ചേരുന്നു)
വലിയവനും ചെറിയവനും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസത്തിനനുസരിച്ച് ജീവിച്ചിരുന്ന കാലവും നമുക്ക് ഉണ്ടായിരുന്നു. ഇത് തെളിയിക്കുന്ന പല കഥകളും കാര്യങ്ങളും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.
(പഠനസഹായികള്‍ 2, 3 ഇവിടെ കാണിക്കണം.)
അത്തരത്തിലൊന്നാണ് നമ്മുടെ ഒന്നാമത്തെ പാഠമായ ‘പൊലിക പൊലിക’.
(തുടര്‍ന്ന് ആദ്യത്തെ 6 വരി ഈണത്തിലും താളത്തിലും പാടുന്നു. ഓഡിയോയും ഉപയോഗിക്കാം)
ഇനി നമുക്ക് ഒന്നിച്ചൊന്ന് പാടിനോക്കാം.
ഇത് ‘തെയ്യം’ എന്ന കലയുടെ ഭാഗമായ പാട്ടാണ്. തോറ്റംപാട്ട് എന്നാണ് പറയുക.
(തെയ്യത്തെക്കുറിച്ചും പാഠഭാഗത്തിലെ കഥയെ സംബന്ധിച്ചും സാമാന്യമായി പറയുന്നു. കൈപുസ്തകത്തില്‍ കൊടുത്തിട്ടുള്ള വിശകലനങ്ങള്‍, പുതിയ വിവരങ്ങള്‍ എല്ലാം ഉപയോഗിക്കുന്നു. കൈപുസ്തകം നേരിട്ട് ക്ലാസ്സില്‍ കൊണ്ടുവരേണ്ടതില്ല.)
തുടര്‍ന്ന് ”എങ്ങനെ അടിയന്‍ വഴിതിരിയേണ്ടു” എന്ന ഭാഗംവരെ ഈണത്തില്‍ വായിക്കുന്നു. ആവര്‍ത്തിക്കുന്നു. കഠിനപദങ്ങളുടെ അര്‍ഥം സാന്ദര്‍ഭികമായി വിശദീകരിക്കുന്നു.
ഇനി പട്ടികയുണ്ടാക്കി ഒരു കാര്യം അറിയണം. അതിനായി നമുക്ക് ഗ്രൂപ്പായി തിരിയേണ്ടതുണ്ട് (കുട്ടികളെ രണ്ടോ മൂന്നോ ഗ്രൂപ്പുകളാക്കുന്നു).
ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഇപ്പോള്‍ നാം പാടിയ പാട്ടില്‍ കേട്ടുപരിചയമില്ലാത്ത വാക്കുകളുണ്ട്, പ്രയോഗങ്ങളുണ്ട്. അവ പട്ടികപ്പെടുത്താന്‍ ശ്രമിക്കണം. പകരമായി ഇന്ന് പ്രചാരത്തിലുള്ള പദങ്ങള്‍, വാക്കുകള്‍ പട്ടികപ്പെടുത്തണം.
(പട്ടികപ്പെടുത്തിയതിനു ശേഷം ആചാരവാക്കുകള്‍ എഴുതിയ ചാര്‍ട്ട് കാണിക്കുക)
എന്തൊക്കെ മാറ്റങ്ങളാണ് ഭാഷയില്‍ സംഭവിച്ചത് ? ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്തി കൂട്ടായ ചര്‍ച്ച നടത്തി അധ്യാപിക ഗ്രൂപ്പ് പ്രവര്‍ത്തനം ക്രോഡീകരിക്കുന്നു.
ഗൃഹപാഠം
പൊട്ടന്‍ തെയ്യത്തില്‍ കാണുന്ന അസമത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ? വായിച്ചതോ കേട്ടതോ ആയ അനുഭവങ്ങള്‍ എഴുതിക്കൊണ്ടുവന്നു ക്ലാസില്‍ അവതരിപ്പിക്കണം.
അധ്യാപികയുടെ ക്ലാസ് വിലയിരുത്തല്‍
മികച്ച പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരി പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരിക്ക് താഴെ പ്രകടനം കാഴ്ച വെച്ചവര്‍: