ഓണം സ്‌മൃതി – കെ. പി. രാമനുണ്ണി

ണം തിരുവോണമാകുന്നത് ജാതിമത പദവികൾക്കുപരി മാനുഷരെല്ലാരുമൊന്നു പോലെ എന്ന പരിഗണന പണ്ടേ പുലർത്തിപ്പോന്ന പൊന്നാനിയിലായിരുന്നു ഞാനെന്റെ ഓണബാല്യം അനുഭവിച്ചത്. ഓണത്തിന്റെ കേളികൊട്ട് കുട്ടിയായ എന്റെ ചെവിയിലെത്തുന്നത് തൃക്കാക്കരപ്പനെപ്പിടിക്കാൻ വീട്ടിലേക്ക് കടന്നുവരുന്ന തിയ്യ സമുദായത്തിൽപ്പെട്ട കൃഷ്ണന്റെ ചിരിയിലൂടെയാണ്.

അല്ലാ, തൃക്കാക്കരപ്പനെ പിടിക്കേണ്ടേ, തൃക്കാക്കരപ്പനെ പിടിക്കേണ്ടേ എന്ന ജഗപൊകയുണ്ടാക്കിക്കൊണ്ട് കൃഷ്ണൻ ഉരൽപ്പുരയിലേക്ക് ചെല്ലും. കൈക്കോട്ടെടുത്ത് പടിക്കലുള്ള പാടത്തേക്കിറങ്ങും. നല്ല കളിമണ്ണ് കൊത്തിയെടുത്ത് വിവിധ വർണ്ണത്തിലും നീളത്തിലുമുള്ള ഏഴ് തൃക്കാക്കരപ്പന്മാരെ പിടിക്കും.

“ഏറ്റവും വലുപ്പമുള്ളത് അച്ഛൻ, രണ്ടാം വലുപ്പക്കാരി അമ്മ, ബാക്കിയുള്ളത് കുട്ടികൾ.”
കരുമാടിക്കുട്ടന്മാരായി തൃക്കാക്കരപ്പന്മാർ ഉയിർത്തെഴുന്നേറ്റാൽ കൃഷ്ണൻ അവരെ നീളമുള്ള പലകയിൽ സ്ഥാപിക്കും. ചരൽക്കല്ലുകൾ പൊടിച്ചു ചുകചുകങ്ങനെ കലക്കി തൃക്കാക്കരപ്പന്മാരെ തേച്ച് പിടിപ്പിക്കും. കരുമാടിക്കുട്ടന്മാർ ചുകന്ന വേഷങ്ങളായി അലറി നിൽക്കും.
“തൊടരുത്ട്ടാ, ഉണ്യേ തൊടരുത്.”
തൃക്കാക്കരപ്പന്മാരെ വെയിലത്ത് ഉണക്കാൻ വെക്കുമ്പോൾ കൃഷ്ണൻ എന്നെ ഓർമ്മപ്പെടുത്തും.

                                                                തൃക്കാക്കരപ്പൻ

അത്തമെത്തിയാൽ പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും പൂവട്ടികളുമായി കുട്ടികൾ ഇറങ്ങും. ഞാൻ അവരോടൊപ്പം പൂവറുക്കാൻ കൂടും. അയൽപക്കത്തെ മുസ്ലീംകുട്ടികളും ക്രിസ്ത്യൻകുട്ടികളും പുഷ്പശേഖരണത്തിന് ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കും. ഒട്ടുമേ പീഡനപേടിയില്ലാതായിരുന്നു ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘം വലിയ ആണുങ്ങൾ പണിയെടുക്കുന്ന ഞാറ്റുപുരയിലും ഇഷ്ടികകളത്തിലും അന്ന് കയറിച്ചെന്നിരുന്നത്.

ഓണമടുക്കുന്തോറും എന്നാണ് കാഴ്ചക്കുലയുമായി താമിയെത്തുക എന്ന ചിന്ത എന്നെ ത്രസിപ്പിച്ചുകൊണ്ടിരിക്കും. കാരണം കാഴ്ചക്കുലക്കൊപ്പം വാകമരത്തിൽ നിർമ്മിച്ച് ചായം പൂശിയ കളിക്കോപ്പുകളും ദളിതനായ താമി എനിക്കു വേണ്ടി കൊണ്ടുവരും. താമിയെ കണ്ടയുടൻ ഞാൻ ഓടിച്ചെന്ന് കളിക്കോപ്പുകൾ കരസ്ഥമാക്കും. നീട്ടിപ്പിടിച്ച അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് ആഹ്ലാദത്തോടെ സ്വയം സമർപ്പിക്കും. പിതൃതുല്യമായ, എന്നാൽ ഇന്നാണെങ്കിൽ പോക്സോ പ്രകാരം കേസ്സ് ആരോപിക്കാവുന്ന, താമിയുടെ ശരീരമാസകലമുള്ള തടവലിന് സുഖസുന്ദരമായി വഴങ്ങിക്കൊടുക്കും. കാരണം തഴമ്പുറ്റ, ഉരത്ത ആ വിരലുകൾകൊണ്ടുള്ള സ്പർശം എനിക്ക്എത്ര ഇഷ്ടമായിരുന്നെന്നോ.

തിരുവോണത്തിന്റെ നാലഞ്ച് നാൾ മുൻപാണ് തൃക്കാക്കരപ്പനെ പൂജിക്കാൻ തുടങ്ങുക. കുളിച്ച്, കുറിയിട്ട്, കസവുമുണ്ടും ചുറ്റി ഞാൻ തൃക്കാക്കരപ്പനെ പൂജിക്കുന്നത് കാണാൻ അയൽവീട്ടിൽനിന്ന് പൊന്നുചങ്ങാതിയായ അബ്ദുൾ ഖയ്യുമും എത്തിയിട്ടുണ്ടാകും. അടുത്ത് നിൽക്കുന്ന അമ്മയുടെ നിർദ്ദേശപ്രകാരം പൂവും ചന്ദനവും തിരിയും മുമ്മൂന്ന് വട്ടമുഴിഞ്ഞ് ഞാൻ ഓരോ തൃക്കാക്കരപ്പനെയും പൂജിക്കും.

“അതാ, ചന്ദനം കൊണ്ടുള്ളത് നാലു പ്രാവശ്യമായി. തിരി കൊണ്ടുള്ളത് രണ്ടു പ്രാവശ്യമേ ആയുള്ളൂ.”
ഇടക്ക് ഉഴിച്ചിലിന്റെ എണ്ണം തെറ്റിപ്പോകുന്ന എന്നെ കണ്ണ് കൂർപ്പിച്ച് നിൽക്കുന്ന ഖയ്യും അപ്പപ്പോൾ തിരുത്തും.
“അയ്യയ്യേ – ഖയ്യൂമിനെക്കൊണ്ട് പൂജിപ്പിച്ചാൽ അവൻ ഇതിലും നന്നായി ചെയ്യുമായിരുന്നു.”
പരിഹാസത്തോടെ അമ്മ എന്നെ ശകാരിക്കും. ഉടൻ ഇങ്ങനെയും കൂട്ടിച്ചേർക്കും.
“പക്ഷെ, ഖയ്യൂമിന് തൃക്കാക്കരപ്പനെ പൂജിക്കാൻ പാടില്ലല്ലോ. വേണ്ട വേണ്ട.”
ഖയ്യൂമിന്റെ മതവിശ്വാസത്തെ സംരക്ഷിക്കാനുള്ള ബദ്ധപ്പാടായിരുന്നു അപ്പോൾ അമ്മയിൽ ഉണർന്നത്.
അതെ മാനവരെല്ലാരും ഒന്നാകുമ്പോൾ തന്നെ ഓരോരുത്തർക്കും തങ്ങളുടെ വ്യതിരിക്തത സൂക്ഷിക്കാൻ കഴിയുമ്പോൾ മാത്രമേ ഓണം തിരുവോണമാകുകയുള്ളൂ.

കെ.പി. രാമനുണ്ണി

1 Comment

Meera krishnankutty September 20, 2019 at 9:48 am

നല്ല രചനകൾ

Leave a Comment

FOLLOW US