എന്തെന്റെ തുമ്പീ തുള്ളാത്തൂ…
പ്രിയപ്പെട്ടവരേ,
ഓണം എന്നോര്‍ക്കുമ്പോഴേ എല്ലാ മുതിര്‍ന്നവരെപ്പോലെയും കുട്ടിക്കാലമാണ് മനസില്‍ തെളിഞ്ഞുനില്‍ക്കുന്നത്. ഓണാട്ടുകരയുടെ തുമ്പായതുകൊണ്ടാണ് തുമ്പമണ്‍ എന്ന് എന്റെ ഗ്രാമത്തിന് പേരുവന്നതെന്നും അതല്ല തുമ്പ ധാരാളമായുള്ള മണ്ണായതിനാലാണ് തുമ്പമണ്‍ ആയതെന്നും വ്യത്യസ്ത വാദങ്ങളുണ്ട്. എന്തായാലും ശരി അതിമനോഹരമായ ഒരു കാര്‍ഷിക ഭൂമി ആയിരുന്നു എന്റെ കുട്ടിക്കാലത്തെ തുമ്പമണ്‍. നെല്ല്, മരച്ചീനി, കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയവയ്ക്കുപുറമെ നിലക്കടലയും കരിമ്പും എള്ളും പഞ്ഞപ്പുല്ലും നൂറുമേനി വിളയുന്ന അച്ചന്‍കോവില്‍ നദീതടത്തിലാണ് എന്റെ ഗ്രാമം.
ഓണക്കാലമായാല്‍ വഴിയിറമ്പുകളും ആറ്റുതീരവും മുറ്റവും തൊടിയുമെല്ലാം കുതിച്ചുതുള്ളും. ഓരോ പുല്‍ക്കൊടിയും പൂത്തുമ്പികളായി വര്‍ണ്ണാഭമാകും. ഓണം വരുന്നേ… എന്നു പിറുപിറുത്തുകൊണ്ട് നൂറുനൂറു ഓണത്തുമ്പികള്‍ വെയില്‍ വെളിച്ചത്തില്‍ ഘോഷയാത്ര നടത്തും. എങ്ങുനിന്നെന്നില്ലാതെ ആഹ്ലാദം മണ്ണിലും മനസിലും വന്നുനിറയും.
കളിയോടുകളി….! അന്തമില്ലാത്ത കളി….! ആറ്റിലും പാടത്തും പറമ്പിലും മുറ്റത്തും – പറ്റുന്നിടുത്തൊക്കെ കളിക്കൂട്ടങ്ങള്‍ നിറയും. രാവും പകലും കളി! ഉത്രാടത്തുനാള്‍ രാത്രി ഉറക്കമില്ലാതെ കളിക്കും! മാവിലും പ്ലാവിലും ഊഞ്ഞാലുകള്‍ കെട്ടും. ഒറ്റയ്ക്കും പെട്ടയ്ക്കും ആടിത്തിമിര്‍ത്ത് മാവിന്‍ തുഞ്ചത്തുനിന്ന് മാവില കടിച്ച് പറിച്ചെടുക്കുന്ന വിരുതു കാണിക്കും. കിളിത്തട്ട്, അടിച്ചേച്ചോട്ടം, സാറ്റ്, അക്ക്, ഇട്ടൂലി – വെച്ചൂലി…. അങ്ങനെയങ്ങനെ എത്രയെത്ര കളികള്‍! വെള്ളത്തിലുമുണ്ട് കളി. ഓണമാകുമ്പോഴേക്ക് കര്‍ക്കിടകപ്പെരുപ്പവും വെള്ളപ്പൊക്കവും കഴിഞ്ഞ് അച്ചന്‍കോവിലാറ് മണല്‍ത്തിട്ടയും ഒഴുക്കുനീറ്റായും അതിസുന്ദരിയായി ഒഴുകുന്നുണ്ടാവും. വലിയ ഉരുളന്‍കല്ല് വെള്ളത്തിലേക്ക് ബ്ലും എന്ന് വലിച്ചെറിഞ്ഞ് പിറകെ കുട്ടിപ്പടയെല്ലാം കൂടി മുങ്ങിത്തപ്പും കല്ലെടുക്കാന്‍. ഒരു വായ്ത്താരിയുമുണ്ട് ഈ കളിക്ക്! എത്ര പേരുണ്ടായാലും അണിനിരക്കാവുന്ന കളികളായിരുന്നു അന്നത്തെ കളികളെല്ലാം.
പശൂ പശൂ പുല്ലിന്നാ
പുലീ പുലീ കല്ലിന്നാ
എന്ന വായ്ത്താരിയോടെയുള്ള ‘പശുവും പുലിയും’ കളിയും
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്കാ
ആരുടെ കയ്യിലാരുടെ കയ്യിലേ മാണിക്യച്ചെമ്പഴുക്കാ
എന്റെ കയ്യിലെന്റെ കയ്യിലേ മാണിക്യച്ചെമ്പഴുക്കാ….
എന്നു പാടി മാണിക്യച്ചെമ്പഴുക്കാക്കളി.
എന്താ തുമ്പീ തുള്ളാത്തേ
ആളുപോരായോ
അലങ്കാരം പോരായോ
കൊട്ടുപോരായോ
കുരവ പോരായോ
പൂ പോരായോ
പൂപ്പട പോരായോ
എന്തെന്റെ തുമ്പീ തുള്ളാത്തൂ
തുമ്പിതുള്ളലിന്റെ വായ്ത്താരിയാണിത്.
ഓണം കുട്ടികളെ സംബന്ധിച്ച് കളികളുടെ ആഘോഷമാണ്. ഒത്തൊരുമയുടെയും പങ്കുവയ്ക്കലിന്റെയും കളികള്‍! ഇവിടെ ആരും ആരേയും തോല്‍പ്പിക്കുന്നില്ല. എല്ലാവരും ചേര്‍ന്ന് എല്ലാവരേയും ജയിപ്പിക്കുന്ന കളികള്‍! ഓണക്കളികളുടെ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കുന്നേയില്ല.
പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ചീഫ് എഡിറ്റർ