പത്തുനാളെണ്ണി…

അത്തമെത്തിയ തേരിലായി
ഉത്സവക്കൊടി പാറിടുന്നു,
പത്തുനാളിനിയെണ്ണുവാനായ്
കൈരളീ മനമൊന്നുണര്‍ന്നു.

ചിത്തിരക്കു വിളക്കു വെയ്ക്കാന്‍
ചിത്തമാകെയുമൊളി പരത്താന്‍,
ചിന്നിമിന്നി വിളങ്ങിടുന്നു
മിന്നാമിന്നികളെങ്ങുമെങ്ങും

ചോദ്യമെങ്ങും ഉയര്‍ന്നുകേട്ടു
ചോതിനാളിതില്‍ നാടുനീളെ,
ചൊക്കലിംഗമിതെങ്ങു പോയി?
പൂക്കളത്തിന് പൂക്കള്‍ നുള്ളാന്‍.

ഈ വിഷാദ വിഹായസ്സിൽ
വിണ്ടുകീറിയ പഴുതിലൂടെ
വീണ്ടുമിത്തിരി അമൃതുമായി
ഹാ! വിശാഖമണഞ്ഞിടുന്നു.

അരികില്‍, അനിഴ നിലാവിലായി
അരുമസഖി നീ വന്നു നിന്നു
അലിഖിതമിതൊരു മന്ത്രവാക്കില്‍
സുമദലമതൊരു പുഷ്പമായി.

കാത്തു കാത്തു മടുത്തു ഞാന്‍
തൃക്കേട്ട നാളിലിന്നോര്‍ത്തുപോയി
മാബലി തന്‍ പാതാള വാതില്‍
മാളികകളാല്‍ മൂടിയെന്നോ?

മഞ്ജുരാഗ വിപഞ്ചി മീട്ടി
മഞ്ജുളാംഗികളൊത്തുപാടി,
മൂലം നാളിലിതെന്തു പാടാന്‍
പൂരാടത്തിനു കാത്തുനില്‍ക്കാം

ഉച്ചവെയിലിനു മൂര്‍ച്ചയേറും
ഉത്രാടത്തിനു ലോകരാകെ
പാഞ്ഞലഞ്ഞു വലഞ്ഞിടുന്നു
പായസത്തിന്റെ കൂട്ടുവാങ്ങാന്‍.

തിങ്ങിടുന്നു, നിരത്തിലെങ്ങും
തോരണങ്ങള്‍, ആര്‍പ്പുവിളികള്‍
തിന്മയെങ്ങുമിതില്ല നാട്ടില്‍
തിരുവോണമലരിതളിട്ടുവല്ലോ.

ഓണമുണ്ടു മടുത്തവര്‍ തന്‍
കോടി മുണ്ടഴിയുന്നു മെല്ലെ
ഓടിയെങ്ങോ പോയി വീണ്ടും
ഓര്‍ത്തിരിക്കാന്‍ അവധിക്കാലം.

വിഷ്ണു വി
സൂര്യകാന്തി വിദ്യാര്‍ത്ഥി,
അക്ഷരാലയം പഠനകേന്ദ്രം,
വികാസ്‌ പുരി, ന്യൂഡല്‍ഹി

2 Comments

Akhil s nair September 20, 2019 at 2:49 pm

💓🔥

Vineeth September 28, 2019 at 1:49 pm

ആശംസകൾ വിഷ്ണു……..

Leave a Reply to Akhil s nair Cancel reply

FOLLOW US