രണ്ടാമന്റെ വ്യഥ
(എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ അവലോകനം)

വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ല മലയാള സാഹിത്യത്തിന് ‘എം.ടി’യെ പരിചയപ്പെടുത്താന്‍. എം.ടി എന്ന രണ്ടക്ഷരത്തിനുള്ളില്‍ എല്ലാം ഉണ്ട്. എഴുത്തുകാരന്‍, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. ജ്ഞാനപീഠം, കേരള-കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ എം.ടി എന്ന എം.ടി. വാസുദേവന്‍ നായര്‍ക്ക് ലഭിച്ച അംഗീകാരങ്ങളാണ്. എം.ടിയുടെ നോവലുകളില്‍ എടുത്തു പറയേണ്ട ഒരു കൃതിയാണ് ‘രണ്ടാമൂഴം’. മഹാഭാരതകഥയില്‍ നിന്നും എം.ടി കണ്ടെത്തിയ മാസ്റ്റര്‍ പീസ്.

മഹാഭാരത കഥയെ പുന:രാഖ്യാനത്തിന് വിധേയമാക്കുകയാണ് എം.ടി ‘രണ്ടാമൂഴ’ത്തിലൂടെ. ഭാരതകഥയില്‍ നിന്ന് അദ്ദേഹം കണ്ടെടുക്കുന്ന നായകന്‍ ഭീമനാണ്. എന്നും എല്ലായിടത്തും രണ്ടാംസ്ഥാനത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട ഭീമന്‍. അയാളുടെ അസ്വസ്ഥമായ ചിന്തകളും വികാരങ്ങളും ‘രണ്ടാമൂഴ’ത്തെ നയിക്കുന്നതായി കാണാം. ഒന്നാമനാകുക എന്നത് എല്ലാ മനുഷ്യരുടെയുള്ളിലേയും ഒരു വ്യഗ്രതയാണ്. അതിലേക്കുള്ള പ്രയാണമാണ് ജീവിതം.

കുന്തി മക്കളോടൊപ്പം ഹസ്തിനപുരത്ത് എത്തുന്നതു മുതലാണ് നോവല്‍ ആരംഭിക്കുന്നത്. അവസാനിക്കുന്നത് ഭാരതം കണ്ട മഹായുദ്ധത്തിലും. കുരുക്ഷേത്ര ഭൂമിയില്‍ നിര്‍ണ്ണയിക്കപ്പെട്ട ജീവിതം സത്യത്തില്‍ എല്ലാകാലത്തും പ്രസക്തമായവയാണ്. മഹാഭാരത കഥയില്‍ യുധിഷ്ഠിരനും അര്‍ജുനനും ശ്രീകൃഷ്ണനുമൊക്കെ പൂര്‍ണ്ണ തേജസ്സോടെ തിളങ്ങി നില്‍ക്കുമ്പോള്‍ ‘രണ്ടാമൂഴ’ത്തില്‍ ഭീമനാണ് ശ്രദ്ധാകേന്ദ്രം.

എം.ടി. വാസുദേവൻ നായർ

”കടം വീട്ടാന്‍ പലതും ബാക്കിയിരിക്കെ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേതീരു…” ഭാരത യുദ്ധത്തില്‍ ഈ സത്യമാണ് പാണ്ഡവ പക്ഷത്തെ നയിച്ചത്. കുരുക്ഷേത്ര യുദ്ധത്തില്‍ ഭീമന്റെ പ്രധാന്യം വളരെ വലുതാണ്. കൗരവപക്ഷത്തെ മഹാബലശാലികളായ രാജാക്കന്മാരെല്ലാം ഭീമന്റെ കൈകളാലാണ് മരിച്ചത്. ഭീമന്‍ യുദ്ധത്തില്‍ ഓരോ വിജയവും കായിക ശക്തികൊണ്ടാണ് ആര്‍ജിക്കുന്നത്. ഈ വസ്തുത മങ്ങിയ ക്യാന്‍വാസിലാണ് ഭാരതകഥയില്‍ ചേര്‍ത്തിരിക്കുന്നത്. മഹാഭാരതകഥയില്‍ അപ്രസക്തനായി അവതരിപ്പിക്കപ്പെട്ട ഈ രണ്ടാംമൂഴക്കാരന്റെ വ്യഥ കണ്ടെടുത്തത് എം.ടി യാണ്. എം.ടിയുടെ ഭീമന്‍ സ്‌നേഹത്തിന്റെ പ്രതീകമാണ്. സ്വന്തം സുഖത്തെക്കാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചവന്‍. ഭീമന്‍ ‘രണ്ടാംമൂഴ’ത്തിലൂടെ വായനക്കാരുടെ മനസ്സില്‍ ഒരസ്വസ്ഥതയായി മാറുന്നു.

കുട്ടിക്കൃഷ്ണമാരാരുടെ ‘ഭാരത പര്യടനം’, പി.കെ ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്നീ കൃതികളും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. കര്‍ണ്ണനും ദുര്യോധനനും ഗാന്ധാരിയുമൊക്കെ ഒരു ദു:ഖമായി ഈ കൃതികളിലൂടെ വായനക്കാരന്റെ മനസ്സിലെത്തുന്നു. അതേ ശ്രേണിയിലാണ് ‘രണ്ടാമൂഴ’വും നില്‍ക്കുന്നത്.

ശ്രുതി മേലത്ത്, മലയാളം മിഷന്‍ അധ്യാപിക, യു.എ.ഇ

0 Comments

Leave a Comment

FOLLOW US