കവിതയുടെ ഗണിതം

ചാക്കുണ്ണിയുടെ ചാക്കില്‍ എത്രത്തോളം കവിത നിറച്ചു, അവ തലയിലേറ്റി നടക്കാനും ആവശ്യം വരുമ്പോള്‍ പുറത്തെടുത്തു നിരത്താനും സാധിക്കണം. കവിത ചൊല്ലുമ്പോഴും പാട്ടുപാടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.

താളത്തില്‍, ഈണത്തില്‍, അക്ഷരസ്ഫുടതയില്‍, ഭാവത്തില്‍, വാക്കുകള്‍ മുറിക്കേണ്ടിടത്ത് മുറിച്ച്, അര്‍ത്ഥവും ആശയവും ദീക്ഷിച്ച്, അങ്ങനെ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനെ ചുരുക്കി ഇങ്ങനെ എഴുതി നോക്കൂ.

നന്നായി താളത്തില്‍ പാട്ടുകള്‍ പാടിടാം. ചിഹ്നങ്ങള്‍, ചില്ലക്ഷരങ്ങള്‍, അനുസ്വാരം, വിസര്‍ഗ്ഗം എന്നിവ ഒഴിവാക്കിയാല്‍ മൂന്നക്ഷരങ്ങളുള്ള നാലുവാക്കുകളാണിവ. ഇതിനെ ക്രമം മാറ്റി എത്ര വിധത്തില്‍ എഴുതാമെന്നു നോക്കൂ. ആവര്‍ത്തനം വരരുത്.

ആദ്യം നമുക്കൊന്നു ചൊല്ലിനോക്കാം…

നന്നായി താളത്തില്‍ പാട്ടുകള്‍ പാടിടാം
താളത്തില്‍ പാട്ടുകള്‍ പാടിടാം നന്നായി
പാട്ടുകള്‍ പാടിടാം നന്നായി താളത്തില്‍
പാടിടാം നന്നായി താളത്തില്‍ പാട്ടുകള്‍

വാക്കുകള്‍ വേറിട്ട രീതിയില്‍ വെച്ച് ഇനിയുമുണ്ടാക്കാം വരികള്‍. നാലു വാക്കുകള്‍ കൊണ്ട് ആകെ എത്ര വരികളെന്ന് കണ്ടുപിടിക്കാമോ. അതിനൊരു വിദ്യയുണ്ട്. വാക്കുകള്‍ക്ക് 1,2 എന്നിങ്ങനെ നമ്പര്‍ കൊടുക്കാം.
രണ്ടു വാക്കുകളെങ്കില്‍ രണ്ടു വിധത്തില്‍. വെക്കാം. 12,21 എന്നിങ്ങനെ. മൂന്നു വാക്കുകളെങ്കില്‍ 123,231,321,312,213,132 എന്നിങ്ങനെ ആറുവിധത്തില്‍ വെക്കാമല്ലോ. എങ്കില്‍ നാലുവാക്കുകള്‍ കൊണ്ട് എത്ര വരികള്‍. അതു കണ്ടു പിടിക്കാന്‍ വീണ്ടും എളുപ്പവഴി ഉപയോഗിക്കാം.

ഒരു വാക്കിന് 1 x 1 = 1
രണ്ടു വാക്കിന് 1 x2 = 2
മൂന്നു വാക്കിന് 1 x2 x3 = 6
നാല് വാക്കിന് 1 x2 x3 x 4 = 24

എങ്കില്‍ പത്തു വാക്കുകള്‍ കൊണ്ട് ഉണ്ടാക്കാവുന്ന വരികള്‍ കണ്ടു പിടിക്കാമോ.
ആദ്യം ഒന്ന് ഊഹിച്ചു പറഞ്ഞു നോക്കൂക.
അഞ്ഞൂറോ, ആയിരമോ, അയ്യായിരമോ, പതിനായിരമോ ഒക്കെ മനസ്സില്‍ വന്നേക്കാം. എന്നാല്‍ ചെയ്തു നോക്കുമ്പോള്‍ അറിയാം സംഖ്യയുടെ വലിപ്പം. നമ്മളെ തീര്‍ത്തും അത്ഭുതപ്പെടുത്തിക്കൊണ്ട് ലക്ഷങ്ങളിലേക്ക് വളര്‍ന്നു വളര്‍ന്നു പോകുന്നതു നോക്കുക.

മൂന്നക്ഷരമുള്ള എത്ര കവികളുടെ പേരറിയാം. എഴുതി നോക്കൂ
പൂന്താനം, കുഞ്ഞുണ്ണി, വയലാര്‍, ഒ.എന്‍.വി,
ഈ നാലു കവികളുടെ പേര് ക്രമം മാറ്റിയെഴുതി ആവര്‍ത്തനം വരാതെ എത്ര വരി ഉണ്ടാക്കാമെന്നു നോക്കൂ.
താളത്തില്‍ ചൊല്ലുകയുമാകാം

പൂന്താനം, കുഞ്ഞുണ്ണി, വയലാര്‍, ഒ.എന്‍.വി
കുഞ്ഞുണ്ണി, വയലാര്‍, ഒ.എന്‍.വി, പൂന്താനം
വയലാര്‍, ഒ.എന്‍.വി, പൂന്താനം, കുഞ്ഞുണ്ണി
ഒ.എന്‍.വി, പൂന്താനം, കുഞ്ഞുണ്ണി, വയലാര്‍

മൂന്നക്ഷരമുള്ള കൂട്ടുകാരുടെ, വീട്ടുകാരുടെ, ആരുടെയായാലും പേര് കൊണ്ട് ഇങ്ങനെ വരികള്‍ രചിക്കാന്‍ കഴിയുമോ എന്നു നോക്കുക. ചൊല്ലാനുള്ള സുഖം പ്രത്യേകം പരിഗണിക്കണം.
അതുകഴിഞ്ഞാല്‍ മൂന്നക്ഷരമുള്ള പൂക്കളുടെ പേരു കൊണ്ടാകാം. പഴങ്ങളുടെ പേരു കൊണ്ടാകാം. പച്ചക്കറികളുടെ പേരുകൊണ്ടാകാം. ആദ്യം എഴുതി നോക്കുക. പിന്നീട് ഈണത്തില്‍ ചൊല്ലുകയുമാകാം.
ഒരു ഉദാഹരണം നോക്കൂ

മുക്കുറ്റി, കോളാമ്പി, പിച്ചകം, മന്ദാരം
കോളാമ്പി, പിച്ചകം, മന്ദാരം, മുക്കുറ്റി
പിച്ചകം, മന്ദാരം, മുക്കുറ്റി, കോളാമ്പി
മന്ദാരം, മുക്കുറ്റി, കോളാമ്പി, പിച്ചകം

വാക്കുകള്‍ പൂക്കളാകട്ടെ
പൂക്കള്‍കൊണ്ട് മാല കോര്‍ക്കാം.
അതിന്റെ മണവും മധുവും ആവോളം ആസ്വദിക്കാം.

– എടപ്പാള്‍ സി സുബ്രഹ്മണ്യന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content