പ്ലാനിമോ
അമ്മേ സോപ്പില്ല.
സോപ്പിവിടെ ഉണ്ട്.
ഞാന്‍ കുളിമുറിയിലാ…
ഞാനിവിടെ തിരക്കിലാ വന്ന് എടുത്തോ…
ഡ്രസ്സ് ഊരി. എങ്ങനെ വരും?
ഡ്രസ്സ് ഇട്ട് വന്നോളൂ.
ഡ്രസ്സ് നനഞ്ഞു.
അത് സാരല്യ.
ഞാന്‍ ഡ്രസ്സ് ഇടാതെ വരും.
ഉം
ഞാന്‍ ഡ്രസ്സ് ഇടാതെ വരുവേ…
ഞാന്‍ നിന്നെ പ്രസവിച്ചപ്പോള്‍ മുതല്‍ കാണുന്നതല്ലേ.
അടുക്കളയില്‍ നിന്നും സോപ്പെടുത്ത് കുളിമുറിയിലേക്ക് ഒരോട്ടമായിരുന്നു. സോപ്പിന്റെ കവര്‍ തുറന്നപ്പോള്‍, അതിനകത്ത് മറ്റൊരു പ്ലാസ്റ്റിക് കവറിലാണ് സോപ്പുള്ളത്.
പ്ലാസ്റ്റിക് കവര്‍ തുറക്കുമ്പോഴാണ് ഓര്‍ത്തത്. ഇതിനെന്തിനാ വീണ്ടും ഒരു പ്ലാസ്റ്റിക് കവര്‍. ഇത് ഒഴിവാക്കാവുന്നതാണല്ലോ?
ഇന്ന് ലോകം മുഴുവന്‍ നേരിടുന്ന പ്രധാന ഭീഷണികള്‍ ഏതെന്നു ചോദിച്ചാല്‍ കിട്ടുന്ന ഒരു ഉത്തരം പ്ലാസ്റ്റിക് മാലിന്യം എന്നാവും. ഇതിനെതിരായി ഒരോ വ്യക്തിക്കും പ്രവര്‍ത്തിക്കാനാവണം. എങ്കില്‍ മാത്രമേ നാടിനു വേണ്ടി നാം നമ്മുടെ കടമ നിര്‍വഹിക്കുന്നു എന്ന് പറയാന്‍ കഴിയൂ.
പ്ലാസ്റ്റിക് മാലിന്യം കുറക്കാനായി മുന്നോട്ട് വക്കുന്ന ആശയങ്ങള്‍ പരിശോധിക്കാം.
Refuse വേണ്ടെന്നു വക്കുക
Reduce ഉപയോഗം കുറക്കുക
Reuse പുനരുപയോഗിക്കുക
Recycle പുനചക്രമണം ചെയ്യുക
ഇവിടെ ഉത്തരവാദിത്തം മുഴുവനും വാങ്ങുന്നവരുടെത് മാത്രമാണ് എന്ന സങ്കല്പമാണ്. എന്നാല്‍ പ്ലാസ്റ്റിക് ഉല്പാദിപ്പിക്കുന്നവര്‍ക്കും ചുമതല വേണ്ടതല്ലേ?
നാം വാങ്ങുന്ന ഓരോ ഉല്പന്നത്തിലും ആവശ്യത്തിനും അനാവശ്യമായും പ്ലാസ്റ്റിക് നിറക്കുന്ന കമ്പനിക്കാരോട് നമുക്ക് എന്താണ് പറയാന്‍ കഴിയുക. ‘പ്ലാനിമോ’ എന്ന് പറയാന്‍ കഴിയണം.
‘പ്ലാനിമോ’ എന്നത് പ്ലാസ്റ്റിക്കില്‍ നിന്നും മോചനം എന്നതിന്റെ ചുരുക്കമാണ്. ഇംഗ്ലീഷില്‍ Hit the Plastic Trash (HPT) എന്നും പറയാം. പ്ലാനിമോ എന്നത് നാം പുതുതലമുറ പ്ലാസ്റ്റിക് ധാരാളം ഉപയോഗിക്കുന്ന കമ്പനികളോട് പറയുന്ന പുതിയ വാക്കാണ്. ഓരോ ഉല്പന്നം വാങ്ങിയാലും അതിന്റെ പാക്കിംഗ് ഉള്‍പ്പെടെ ഏതെല്ലാം തരത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കണമെന്ന് ഉല്പാദകര്‍ക്ക് കത്തെഴുതലാണ് ഇതിന്റെ ഒരു ഘട്ടം. പ്ലാസ്റ്റിക് ഉല്പാദന ഘട്ടത്തില്‍ തന്നെ കുറവു വരുത്താനുള്ള നമ്മുടെ ഇടപെടല്‍.
കടലാസുപെട്ടിയില്‍ വച്ച സോപ്പിന് വീണ്ടും ഒരു പ്ലാസ്റ്റിക് ആവരണം ആവശ്യമില്ലെന്ന് കമ്പനിയെ അറിയിക്കുക. അതിനായി സോപ്പിന്റെ കവര്‍ പരിശോധിച്ചാല്‍ നിര്‍മ്മിച്ച കമ്പനിയുടെ അഡ്രസ്സ് ഉണ്ടാവും. അതിലേക്ക് കത്തോ ഇമെയിലോ അയക്കുക. ഒപ്പം ഇതുപോലെ നിരവധി പേര്‍ ആവശ്യപ്പെടുമ്പോഴാണ്, നിര്‍ദ്ദേശം പ്രാവര്‍ത്തികമാവുക. അതിനായി നമ്മുടെ കണ്ടെത്തലുകള്‍ സമൂഹ മാധ്യമങ്ങളിലും മറ്റ് സാധ്യമായ എല്ലാരീതികളിലും ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കണം.
നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം പ്ലാസ്റ്റിക്കിന്റെ വിപത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍. പ്ലാനിമോ.
– രാധാകൃഷ്ണന്‍ ആലുവീട്ടില്‍