നാടന്‍ സര്‍ക്കസുകാരുടെ ഓണം
ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓണക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെത്തിയിരുന്ന നാടന്‍ സര്‍ക്കസുകാരെയാണ് ഞാനോര്‍ക്കുന്നത്. കുട്ടികളെല്ലാം കാത്തിരിക്കും. സൈക്കിള്‍ യഞ്ജം നടത്തുന്ന തടിയന്‍, ട്യൂബ് ലൈറ്റുകള്‍ കടിച്ചു പൊട്ടിക്കുന്ന മീശക്കാരന്‍, കുരങ്ങനുമായി അഭ്യാസം നടത്തുന്ന പെണ്‍കുട്ടി, ചില്ലറ മാജിക്കുകള്‍ കാട്ടുന്ന ഒരുവന്‍ അങ്ങനെ ഒരു ചെറിയ സംഘമായി അവര്‍ ഗ്രാമത്തിലെത്തും. ഓണത്തുമ്പികളും ഓണവെയിലും പറന്നുകളിക്കുന്ന മലഞ്ചെരുവില്‍ അവര്‍ പഴയ സാരികള്‍ കൊണ്ടൊരു കളമുണ്ടാക്കും ഒരു സ്‌റ്റേജ് കെട്ടും. തെങ്ങില്‍ കോളാമ്പികള്‍ കെട്ടി സിനിമാപ്പാട്ട് വെയ്ക്കും. ഇടയ്ക്ക് അനൗണ്‍സ്‌മെന്റ് മുഴക്കും. അതോടെ പത്തനംതിട്ടയിലെ ഞങ്ങളുടെ മലയോരഗ്രാമം ഓണക്കാലത്തേക്കുണരും. കുരങ്ങും തത്തയും ഒന്ന് രണ്ട് പട്ടികളുമായി ഒരു മെലിഞ്ഞ പെണ്‍കുട്ടി വന്ന് വീടുകളിലെല്ലാം കയറി അവരുടെ കലാപരിപാടി കാണാന്‍ വിളിക്കും. മെലിഞ്ഞു കറുത്ത പെണ്‍കുട്ടിയെ മുഖം ഞാനിപ്പോഴും ഓര്‍ക്കുന്നു. മുഷിഞ്ഞ കുപ്പായവും മുടിയും വിശന്നുവലഞ്ഞവളെപ്പോലുളള അവളുടെ ഭാവവും. ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അമ്മച്ചി അവള്‍ക്കെന്തേലും തിന്നാന്‍ കൊടുത്തിരുന്നു. എനിക്കവളോട് അസൂയ്യയാണ് തോന്നിയത്. സ്‌ക്കൂളിലൊന്നും പോകാതെ സദാസമയം ഇങ്ങനെ സര്‍ക്കസിനൊപ്പം നടക്കാമല്ലോ..അവളുടെ കൂടെ പോയാലോ എന്നുവരെ ഞാനാലോചിച്ചു.
ഓണക്കാലത്ത് പത്ത് ദിവസം വരെ ഈ സംഘം മലഞ്ചെരിവില്‍ തമ്പടിക്കും വൈകുന്നേരം അഞ്ച് മണിയോടെയാണ് കലാപരിപാടി ആരംഭിക്കുന്നത്. അഭ്യാസികളുടെയും കുരങ്ങന്റെയും പ്രകടനം കഴിഞ്ഞാല്‍ നാടകവും ഡാന്‍സുമൊക്കെയുണ്ടാകും. നിഷ്‌കളങ്കമായ രീതിയില്‍ തമാശകളൊക്കെ ഉള്‍പ്പെടുത്തി സ്‌ക്കിറ്റുപോലെയാണ് നാടകം. ഇതിനിടയില്‍ നാട്ടുകാരെ മുഷിപ്പിക്കാതിരിക്കാനായി നാട്ടുകാര്‍ക്കും തങ്ങളുടെ കലാപരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കും. രാത്രി പതിനൊന്ന് മണിയൊക്കെ വരെ നീണ്ടുപോകുന്ന ഈ കലാപരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും ഗ്രാമത്തിന്റെ ഉത്സവം പോലെ പങ്കുചേരും. പരിപാടികള്‍ക്കൊടുവില്‍ പെണ്‍കുട്ടിയും കുരങ്ങനും കൂടെ വന്ന് ഒരു പൊളിഞ്ഞ ബക്കറ്റില്‍ പണം വാങ്ങും, കൂടുതലും ചില്ലറത്തുട്ടുകളാണ് വീഴുന്നത്. പിന്നീടവര്‍ നാട്ടുകാരുടെ സാധനങ്ങള്‍ വാങ്ങി ലേലം വിളി നടത്തുന്ന പരിപാടി നടത്തി. കോഴിമുട്ട, വാഴക്കുല, തേങ്ങ തുടങ്ങിയവയൊക്കെയായിരുന്നു ലേല വസ്തുക്കള്‍. ഈ പരിപാടി ശരിക്കും ശ്രദ്ധിക്കപ്പെട്ടു. ആളുകളുടെ പേരും വീട്ടുപേരുമൊക്കെ മൈക്കിലൂടെ വീളിച്ചുപറഞ്ഞാണ് ലേലം. അങ്ങനെ ഓരോ ഓണക്കാലത്തും നാടന്‍ സര്‍ക്കസുകാര്‍ വന്നുപോകുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ വേദനിച്ചു.
ഒരു ഓണക്കാലത്ത് നടന്ന ഒരു അടിപിടി മൂലം സര്‍ക്കസുകാര്‍ പരിപാടി നിര്‍ത്തിവെച്ചിരുന്നു. നാട് വിട്ടുപോകാതെ പട്ടിണിയും പരിവട്ടവുമായി അവര്‍ ക്യാമ്പില്‍ കൂടി. കുരങ്ങനും തത്തയുമായി ആ തിരുവോണത്തിന് പെണ്‍കുട്ടി ഞങ്ങളുടെ വീട്ടില്‍ വന്നു അമ്മച്ചിയോട് കുറച്ച് അരി കടം വാങ്ങാനായിരുന്നു ആ വരവ്. മീനും ഇറച്ചിയുമൊക്കെ വെക്കുന്ന ഞങ്ങളുടെ അമ്മച്ചി തിരുവോണത്തിന് സദ്യ ഒരുക്കും. ഞാന്‍ പറമ്പില്‍ നിന്നും ഇലവെട്ടി വരുമ്പോഴാണ് പെണ്‍കുട്ടി വന്നത്. അവള്‍ക്കു കൂടി ഇല വെയ്ക്കാന്‍ അമ്മച്ചി പറഞ്ഞു. ഞാനും ചേട്ടനും പെണ്‍കുട്ടിയ്‌ക്കൊപ്പമിരുന്നു. പപ്പടം പൊട്ടിച്ച് കുഴച്ച് തിരുവോണസദ്യ ഉണ്ടപ്പോള്‍ അവള്‍ എന്നെ നോക്കിച്ചിരിച്ചു. ആ മനോഹരമായ ചിരിയാണ് ഇന്നും ഓണക്കാലത്തെ നിറമുളള ഓര്‍മ്മ.

ജേക്കബ് ഏബ്രഹാം