ഒന്നായൊന്നായ് ഒഴുകും നിറങ്ങളേ....
പെട്ടെന്നുള്ള വീഴ്ചയായിരുന്നു. ഇല്ല… ഒന്നും പറ്റിയിട്ടില്ല. നീലനിറത്തിന് ആശ്വാസമായി. മയിൽ പീലിയൊന്ന് കുടഞ്ഞുടുത്തപ്പോൾ താഴെ വീണതാണ്. നന്നായി. മയിലിന്റെ പീലിക്കെട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന് മാത്രമേ പുറംലോകം കണ്ടിട്ടുള്ളു. ഇനി ഇഷ്ടം പോലെ ചുറ്റി നടക്കണം. ഹൂറേ..നീല ഒറ്റക്കാലിലൊന്ന് കറങ്ങി.
ആരാണ് ആ ചെടിയുടെ മറവിൽ നിന്നും എത്തിനോക്കുന്നത്? ഓ.. പച്ച നിറമാണ്.. കണ്ണടച്ചു തുറന്നപ്പോഴേക്കും ആളടുത്തെത്തിയല്ലോ..
‘ നീല ‘ എന്നല്ലേ പേര് ?
‘പച്ച‘ മുഖം നിറയെ ചിരിയുമായി നീലയെ കെട്ടിപ്പിടിച്ചു. നീലയ്ക്ക് എന്തോ വലിയ സന്തോഷം തോന്നി.. നീല പച്ചയേയും മുറുകെ കെട്ടിപ്പിടിച്ചു..
”ഹേയ്.. ഇതെന്താ.. ” പച്ച അദ്ഭുതത്തോടെ കണ്ണ് മിഴിച്ചു… നീലയ്ക്കും അതിശയമായി. രണ്ടുപേരുടേയും ദേഹത്ത് നിന്ന് എന്തോ അലിഞ്ഞലിഞ്ഞ് പോകുന്ന പോലൊരു തോന്നൽ.. തോന്നലല്ല.. അവരുടെ കൈകൾക്കിടയിലൂടെ പുതിയൊരു നിറം ഊർന്നു താഴേക്കു വീണു..
” ഹേയ്..ഹുറേ.. ഹുറേ ..” നീലയും പച്ചയും തുള്ളിച്ചാടി .. വാത്സല്യത്തോടെ പുതിയ നിറത്തെ നോക്കി.. അതിനേയും അവരുടെ കൂടെ കളിക്കാൻ കൂട്ടി.
”ഓ.. വല്ലാത്തൊരു കലപിലക്കൂട്ടം ..” ഒരു പൂവ് ഇത്തിരി ദേഷ്യത്തിൽ മുഖമുയർത്തി.
പൂവിൽ നിന്നാരോ കൊതിയോടെ എത്തി നോക്കുന്നുണ്ട്.
” വാ..വാ.. ഞങ്ങടെ കൂടെ കൂടാം.. “
പച്ചയും നീലയും പൂവിലേക്ക് നോക്കി മാടിവിളിച്ചു.
വിളി കേട്ടതും, പൂവിന്റെ മിനുമിനുത്ത ഇതളുകളിലൂടെ ഉരുണ്ടുരുണ്ട് ഊർന്നു വീണു ചുവപ്പ് നിറം..
“ഇത് പച്ച… ഇത് സിയൻ… ഞാൻ നീല. “
നീല പരിചയപ്പെടുത്തി.
” ഞാൻ ചുവപ്പ് .. ” ചുവപ്പ് പുതിയ കൂട്ടുകാരെ നോക്കി കൈ നീട്ടി.
പിന്നെ, പച്ച ചുവപ്പിനെ കെട്ടിപ്പിടിച്ചു.. ചുവപ്പ് നീലയെ കെട്ടിപ്പിടിച്ചു..
” ഹായ്.. ഇതാരൊക്കെയാ നോക്കിയേ.” സിയൻ ആർത്തുവിളിച്ചു. ചുവപ്പും നീലയും പച്ചയും സിയൻ കൈചൂണ്ടിയിടത്തേക്ക് നോക്കി.. രണ്ടുപേരതാ നാണിച്ച് ചൂളി താഴെ..
“വാ വാ .. അടുത്തേക്ക് വാ.. ”
“ഞാൻ മഞ്ഞ..”
മഞ്ഞ മുന്നോട്ടുവന്ന് പച്ചയുടേയും ചുവപ്പിന്റെയും കൈ പിടിച്ചു.
” ഞാൻ മജന്ത .. ” മജന്ത നീലയുടേയും ചുവപ്പിന്റെയും കൈ പിടിച്ചു. സിയൻ ഓടി വന്ന് നീലയുടേയും പച്ചയുടേയും കൈപിടിച്ചു. നീലയ്ക്ക് സന്തോഷമായി.. പച്ചയ്ക്കും സന്തോഷമായി.. ചുവപ്പിനും സന്തോഷമായി.. എല്ലാർക്കുമെല്ലാർക്കും സന്തോഷമായി.. സന്തോഷം കൂടിക്കൂടി വന്നപ്പോ അവര് കെട്ടിപ്പിടിച്ചു.. മാറി മാറി കെട്ടിപ്പിടിച്ചു.. ഓരോ കെട്ടിപ്പിടിക്കലിനും പുതിയ പുതിയ നിറങ്ങൾ പിറന്നു.. പിന്നെ വൈകിയില്ല.എല്ലാരും കൂടി കളിക്കാൻ തുടങ്ങി .
കളഞ്ഞു പോയ നീലയെത്തേടി മയിൽ വഴിയായ വഴിയൊക്കെ നടന്നു. നടന്നു നടന്നു കുഴഞ്ഞു. പീലി കുടഞ്ഞുടുത്ത സ്ഥലത്തു കൂടി ഒന്നു നോക്കിയേക്കാം എന്നു കരുതി വന്നപ്പോൾ കണ്ടതോ.. നിറങ്ങളുടെ ഒരു പൂരം ..ഒരു കടലോളം നിറങ്ങൾ തോളിൽത്തോളിൽ കയ്യിട്ട് “പൂ പറിക്കാൻ പോര്ണോ പോര്ണോ അതിരാവിലെ ..” പാടിക്കളിക്കുന്നു.. കളിച്ച് തിമർക്കുന്നു.. അവർക്കിടയിൽ ഒരു മിന്നായം പോലെ നീലയും.
” പാവങ്ങളല്ലേ.. കളിച്ച് കളിച്ച് കൊതിതീരട്ടെ .. എന്നിട്ട് വിളിക്കാം. ” നിറങ്ങളുടെ കളിയിൽ ലയിച്ച് മയിലങ്ങനെ നിന്നു.
പാട്ടും കളിയും കേട്ട് ഒരു മഴനൂല് കൗതുകത്തോടെ ആകാശത്തൂന്ന് എത്തി നോക്കി.. നന്നായി കാണാനായി അല്പം കൂടി എത്തി നോക്കി.. കൈ നീട്ടി..പിന്നേം പിന്നേം കൈ നീട്ടി.
” ഹായ്.. ഹായ്.. “
നിറങ്ങൾ കളിനിർത്തി മഴനൂലിന്റെ വിരൽത്തുമ്പിൽ പിടിച്ചു.. പിന്നെ ഓരോരുത്തരായി ആകാശത്തേക്കു നടന്നു പോയി…
– ഇ എൻ ഷീജ