മൗഷ്മി
മൗഷ്മി ആരാണെന്നല്ലേ? പറയാം. പട്ടണത്തിലെ അനേക മുഖങ്ങളില്‍ നിന്ന് മനസ്സില്‍ പതിഞ്ഞ ചിലമുഖങ്ങളില്‍ ഒന്ന്. പായുന്ന മുംബൈ. മുഖത്ത് ചായം തേച്ചും മുടി ഇസ്തിരി ഇട്ടു വലിച്ചു നീട്ടിയും ഉള്ള നാല് കൂന്തലില്‍ നിറം പിടിപ്പിച്ചും ഞാന്‍ കൂടുതല്‍ സുന്ദരിയായി എന്ന് വരുത്തി തീര്‍ക്കാന്‍, ശ്വാസം വിടാന്‍ നേരമില്ലെങ്കിലും ഇവിടുത്തെ സ്ത്രീകള്‍ ഓടിപ്പാഞ്ഞെത്തുന്ന ഒരു സ്ഥലമുണ്ട്; ‘ബ്യൂട്ടി പാര്‍ലര്‍’. അങ്ങിനൊരു കൊച്ചു പാര്‍ലര്‍ മൗഷ്മി യ്ക്കും ഉണ്ട്.
പട്ടണത്തിലെ വീഥിയിലൂടെ ഞാന്‍ നടന്നു നീങ്ങി. ഈ പട്ടണം എന്റെ മുന്നിലേയ്ക്ക് പല കഥാപാത്രങ്ങളെയും തന്നിട്ടുണ്ട്. ചിലരെക്കുറിച്ച് നമുക്കൊന്നും പിടികിട്ടില്ല. പല ചോദ്യങ്ങളും ഉത്തരങ്ങളും വാഗ്വാദങ്ങളും തേങ്ങലും അമര്‍ഷവും ഒക്കെ സമ്മാനിച്ച് അവര്‍ മുന്നിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ചില ഉത്തരമില്ലാത്ത നൊമ്പര ക്കാഴ്ചകളും പേറി ഞാനും നിശബ്ദയായി മനസ്സിന്റെ കോണിലെ കോലാഹങ്ങളില്‍ വീര്‍പ്പുമുട്ടി!
ശരാശരിയിലും സൗന്ദര്യം കുറഞ്ഞ മൗഷ്മിക്ക് തടിച്ച പ്രകൃതമാണ്. പുരികക്കൊടികള്‍ സുന്ദരമാക്കാന്‍ അവള് ‘എക്സ്പെര്‍ട്ട് ‘ ആണ് . കാഴ്ചയില്‍ മുപ്പതു മുപ്പത്തിരണ്ട് വയസ് തോന്നിയ്ക്കും. പുരികക്കൊടികള്‍ ഭംഗിയാക്കാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് അവളുടെ പാര്‍ലറിലെ സന്ദര്‍ശകയായി. കുശലാന്യോഷണത്തില് ഞാന്‍ ചോദിച്ചു ‘മൗഷ്മിയ്ക്കെത്ര കുട്ടികളാ?’. അവള് പറഞ്ഞു: ‘ അതിനു എന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ… കല്യാണം , ഉടനെ തന്നെയുണ്ടാകും. ഡിസംബറില്‍.’ കേട്ടപ്പോള്‍ സന്തോഷം തോന്നി. അഭിനന്ദനങ്ങള്‍ അറിയിച്ചു ഞാന്‍ പാര്‍ലറില്‍ നിന്നിറങ്ങി .
മൗഷ്മി പതിവായി യോഗ ചെയ്യാന്‍ ആരംഭിച്ചു. അവളുടെ മുഖത്ത് തിളക്കം കണ്ടു തുടങ്ങി. അതെ മണവാട്ടിയാവുന്നതിന്റെ സ്വപ്നം കാണുന്ന മൗഷ്മി. അവള് ചേര്‍ന്ന അതേ യോഗാ ക്ലാസ്സില്‍ ഞാനും ചേര്‍ന്നു.
‘ഇന്ന് മൗഷ്മിയെ കണ്ടില്ലല്ലോ’ ഞാന്‍ യോഗ ടീച്ചറിനോട് ചോദിച്ചു. ‘അവള് കുറച്ചു ദിവസം കഴിഞ്ഞേ വരൂ, ഇപ്പോള്‍ കല്യാണത്തിരക്കാ’ ‘ഓ അത് ശരി’ വാട്സാപ്പില്‍ അവളുടെ സന്തോഷം നിറഞ്ഞ ‘ഡി.പി’ മാറി മാറി വരുന്നത് കണ്ടു ഞാനും സന്തോഷിച്ചു. കുറച്ചു ദിവസങ്ങള്‍ കടന്നു പോയി. അന്നും ഞാന്‍ പതിവ് പോലെ യോഗ ക്ലാസ്സില്‍ ചെന്നു. ‘നിങ്ങള്‍ മൗഷ്മിയുടെ കല്യാണത്തിനു പോയായിരുന്നോ’ ഞാന്‍ ചോദിച്ചു. ‘അതിനു കല്യാണം നടന്നില്ലല്ലോ’
‘ആ കല്യാണം നടന്നില്ല, ഇനി അവള് വിവാഹം കഴിക്കില്ല എന്നും പറഞ്ഞു.!!’. എന്റെ മുഖം വാടി. സൗന്ദര്യക്കുറവോ ആരോഗ്യമോ പ്രായമോ നോക്കാതെ അവളെ വിവാഹം കഴിക്കാമെന്നേറ്റ പയ്യനോട് തോന്നിയ എല്ലാ ബഹുമാനവും ഒറ്റ നിമിഷത്തില്‍ ഇല്ലാതായി. യോഗ ക്ലാസും കഴിഞ്ഞു തിരിച്ചു വീട്ടിലേയ്ക്ക് നടന്നപ്പോള്‍ വല്ലാത്തൊരു വിങ്ങലായി മൗഷ്മിയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. അച്ഛന്റെയോ അമ്മയുടെയോ തുണ എങ്ങിനെയോ നഷ്ടപ്പെട്ട മൗഷ്മി ഒറ്റയ്ക്കാണത്രെ താമസിക്കുന്നത്. മൗഷ്മി അവളുടെ ഫ്ലാറ്റില്‍ തനിച്ചാണ്. പാര്‍ലറില്‍ വരുന്നവരെ സുന്ദരിയാക്കിക്കൊണ്ട് അവളുടെ ദിവസങ്ങള്‍…
ഞാന്‍ പാര്‍ലറില്‍ പോയി അവളെക്കണ്ടെങ്കിലും ഈ വിഷയം ചോദിക്കാതെ അവള്‍ക്കു നിറഞ്ഞ ചിരിയും പോസിറ്റീവ് എനര്‍ജിയുണ്ടാക്കുന്ന കുശലങ്ങളും പറഞ്ഞു അവളുടെ ആ നിമിഷത്തെ ധന്യമാക്കി. അത്രയെങ്കിലും എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലേ… അവളെ കാണുമ്പോള്‍ മനസ്സ് പിടയ്ക്കും. ജീവിത വഴിത്താരയില്‍ ഒറ്റപ്പെട്ടു പോയ ഒരു പാവം പെണ്ണിനെ ഓര്‍ത്ത്! മനസ്സിന്റെ സൗന്ദര്യം കാണാന്‍ സാധിക്കാത്ത ചില പുരുഷന്മാര് ഉള്ളിടത്തോളം കാലം മൗഷ്മിമാര് ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാത്തിനും അളവുകോലുകള്‍ തിട്ടപ്പെടുത്തിയിരിക്കുന്ന നഗരത്തില്‍ തന്റെ അളവുകോലുകള്‍ ത്രാസ്സില്‍ അളന്നു വയ്ക്കണമെന്ന് നഗരം നിന്നെ ഓര്‍മ്മിപ്പിച്ചോ മൗഷ്മി ?
– നിഷ മധു. ദിവാകര്‍