കുഞ്ഞുപൂവ്
‘പൂ പറിക്കാന്‍ പോരുന്നോ
പോരുന്നോ അതി രാവിലെ ‘
കുട്ടിക്കൂട്ടം പൂ പറിക്കാന്‍ അതിരാവിലെ വരികയാണ്. കുഞ്ഞു പൂവ് ഞെട്ടി വിറച്ചു. ‘അമ്മേ’
ഇല്ല. അമ്മപ്പൂവിനെ ഇന്നലെത്തന്നെ അവര്‍ കൊണ്ടു പോയി. ഓണപ്പൂക്കളം തീര്‍ക്കാനാണത്രേ. ഇന്നവര്‍ തന്നെ ഇറുത്തെടുക്കും. അവള് പേടിച്ചു വിറച്ചു.
കുഞ്ഞിതളുകള്‍ മുറിയും.
അതുകണ്ട് ചെടി മുത്തി കരയും.
കുഞ്ഞു പൂവിന്റെ കണ്ണില്‍ മഞ്ഞു തുള്ളികള്‍ കണ്ണീരായി.
വലിയ പൂമരം… പിശുക്കി പൂമരം… ഒരു പൂ പോലും ആര്‍ക്കും കൊടുക്കാപ്പൂമരം, അവളെത്തന്നെ നോക്കിനിന്നു.
‘ദാ…ചുവന്ന കുഞ്ഞു പൂവ്. എന്തൊരു ഭംഗി. ഞാനിതിനെ നുള്ളാന്‍ പോകുകയാ’. കുട്ടി പറഞ്ഞു.
‘അയ്യോ’. നീണ്ടു വരുന്ന വിരലുകള്‍.
കുഞ്ഞു പൂവ് കണ്ണുകള്‍ പൂട്ടി.
പെട്ടെന്ന്
ആഹാ… അതാ വലിയ പൂമരം ചില്ല കുലുക്കുന്നു.
നിറയെ നിറയെ പൂക്കള്‍ ചുറ്റിലും.
കുട്ടികള്‍ അങ്ങോട്ടോടി.
വട്ടി നിറയെ പൂക്കള്‍
അവര്‍ മടങ്ങി.
പൂങ്കിളി ചിലച്ചു.
‘ഓണം കഴിഞ്ഞു ഓണം കഴിഞ്ഞു പേടിക്കേണ്ട ചുന്ദരിപ്പൂവേ.’
കുഞ്ഞു പൂവ് നൃത്തമാടി.
വലിയ പൂമരം തലയാട്ടി ചിരിച്ചു.
ചെടിമുത്തി കുഞ്ഞു പൂവിന് ഉമ്മ കൊടുത്തു.
– വി എസ് ബിന്ദു, അധ്യാപിക.