എങ്ങാണ്ടുന്നോവന്ന ആരാണ്ടൊക്കെ…

പാലക്കാട് ജില്ലയിലെ, പട്ടാമ്പി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറമ്പ് ജി.യു.പി. സ്കൂളിലെ നാല്- ബിയിലെ കുട്ടികളും ഞാനും.

കുട്ടികളെ കണ്ടറിഞ്ഞു പഠന പ്രവർത്തനങ്ങൾ ഒരുക്കുന്ന മനോജ് മാഷുടെ ക്ലാസ്. കുട്ടികളുടെ പ്രസരിപ്പും സർഗ്ഗാത്മകതയും പ്രയോജനപ്പെടുത്താൻ നിലവാരപ്പെട്ട എന്തു പ്രവർത്തനമാണ് നല്കേണ്ടത് ? എന്റെ മനസ്സ് രണ്ടു നിമിഷം ആലോചനയിൽ അലഞ്ഞു.

രണ്ടു ദശകങ്ങൾക്കു മുമ്പ് ഒരു ഡിസംബർ 14,15 തീയതികളിൽ നടന്ന ടെലികോൺഫ്രൻസിനു പറ്റിയ സന്ദർഭങ്ങൾ വീഡിയോവിൽ പകർത്താൻ വേണ്ട സഹകരണം അഭ്യർത്ഥിക്കാനാണ് സ്കൂളിൽ എത്തിയത്.

പഠിതാവ് പഠനത്തിന്റെ കേന്ദ്രബിന്ദു എന്നു തറപ്പിച്ചും, ക്ലാസ് മുറികൾ ജനാധിപത്യത്തിന്റെ പരിശീലന കളരികളാണ് എന്ന് ഊന്നിപ്പറഞ്ഞും, വിമർശനാത്മകവും പ്രക്രിയാധിഷ്ഠിതവും, നിരന്തര മൂല്യനിർണ്ണയത്തിലൂ ന്നിയതുമായ മാറിയ പാഠ്യപദ്ധതിയും, പാഠപുസ്തകങ്ങളും പ്രൈമറിതലത്തിൽ നടപ്പിലായിത്തുടങ്ങിയിട്ടേയുള്ളൂ. രക്ഷിതാക്കളും പൊതുസമൂഹവും ഒരുപാട് ആശങ്കകളുടെ നടുവിലായിരുന്നു. അവ വർദ്ധിപ്പിക്കാനാവശ്യമായ ധാരാളം കല്പിതവാർത്തകൾ മാധ്യമങ്ങളിൽ അക്കാലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. നല്ല ക്ലാസ് മുറികളിൽ നടന്നു വരുന്ന, കുട്ടികൾ അറിവിന്റെ ഉല്പാദകരും ഉടമകളുമാവുന്നതിന്റെ നേർചിത്രങ്ങൾ അദ്ധ്യാപക സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ടെലികോൺഫ്രൻസിനുണ്ടായിരുന്നത്.

അടുത്ത ക്ലാസിലെ യഥാതഥരംഗങ്ങൾ ക്യാമറ ഒപ്പിയെടുത്തു കൊണ്ടിരിക്കുകയാണ്. ക്യാമറാമാനും സംഘത്തിനും പുറത്തുനിന്നും ശബ്ദശല്യം ഉണ്ടാകരുതെന്നു കരുതിയാണ് എനിക്കു തികച്ചും അപരിചിതരായ കുട്ടികളുടെ മുന്നിൽ ഞാനെത്തിയത്. അവർക്ക് താല്പര്യവും വെല്ലുവിളിയും തോന്നുന്ന ഒരു പഠന പ്രവർത്തനത്തിൽ അരമണിക്കൂർ കുറയാത്ത സമയം അവരെ കുരുക്കിയിടണം, തികച്ചും സ്വാഭാവികം എന്ന മട്ടിൽ.

പക്ഷെ, എങ്ങനെ?
എന്തു പ്രവർത്തനം നല്കി?
മുന്നിൽ കുട്ടികൾ ഒരുക്കം.

അഞ്ചു വാക്യങ്ങൾ കണ്ടെത്തി – പെട്ടെന്നു തോന്നിയവ, പരസ്പര ബന്ധം പ്രത്യക്ഷത്തിൽ തീരെ കുറഞ്ഞവ.
1. വേട്ടക്കാരൻ പേടമാൻകുഞ്ഞിനെ വെടിവെച്ചു
2. ഇപ്പോൾ സമയം ആറുമണിയാണ്.
3. ചോഴി മരം മുറിച്ചു
4. 500 രൂപ കൊടുത്തു, 50 രൂപ തിരിച്ചു വാങ്ങി
5. കാലുതട്ടി ചട്ടി പൊട്ടി, ചട്ടി മുട്ടി പട്ടി മോങ്ങി

കുട്ടികൾ അഞ്ചു ഗ്രൂപ്പുകളായി. അവർക്കു ചലനം വച്ചു. ഓരോ ഗ്രൂപ്പും ബോർഡിലെ വാക്യങ്ങൾ വിപരീതാർത്ഥം വരുന്ന വാക്യങ്ങളാക്കി മാറ്റണം. അതും പത്തു മിനിറ്റിനുള്ളിൽ.
• വേട്ടക്കാരൻ പേടമാൻ കുഞ്ഞിനെ ഓമനിച്ചു വളർത്തി/ഉമ്മവച്ചു.
• ഇപ്പോൾ സമയം പന്ത്രണ്ടരയാണ്.
• പട്ടി തട്ടി, ചട്ടി പൊട്ടി, പൊട്ടു തട്ടി, കുട്ടി മോങ്ങി…

ഓരോ ഗ്രൂപ്പും കണ്ടെത്തിയ വാക്യങ്ങളുടെ തിളക്കവും കുറുക്കവും സയുക്തികതയും എന്നെ അത്ഭുതപ്പെടുത്തി. ഈ പ്രവർത്തനം ഇനി എങ്ങനെ മുന്നോട്ടു പോകും?
• ഇപ്പോൾ ആകെ എത്ര വാക്യങ്ങൾ ഉണ്ട്?
• പത്ത്
• ശരി. ഈ പത്തു വാക്യങ്ങളും ഉപയോഗിച്ചുകൊണ്ട് ഒരു കഥ എഴുതാമോ? എത്ര കഥാപാത്രങ്ങളും ആകാം. എത്രസംഭവങ്ങളും ആകാം. സ്ഥലം കാടോ, നാടോ, ആകാശമോ…. എവിടെയും ആകാം…. എന്താ റെഡിയാണോ..?
• റെഡി, മാഷേ – “

കുട്ടികൾ ഉഷാർ. ഓരോ ഗ്രൂപ്പും വീറേറിയ ചർച്ചയിൽ. രൂപപ്പെടുന്ന കഥ പകർത്തുന്ന ആവേശത്തിൽ.സമയം അനുവദിച്ച അരമണിക്കൂറിൽനിന്നും മുക്കാൽ മണിക്കൂറിലേക്കും അതിനു മേലേക്കും അതിക്രമിക്കുന്നു. അതാരും അറിയുന്നില്ല!
കഥ പൂർത്തിയായാൽ കഥയ്ക്കു പറ്റിയ പേരു വേണം.
എന്താ പറ്റിയ പേര്? ഓരോ കുട്ടിയും പേരു കണ്ടെത്തുന്നതിലും ഗ്രൂപ്പിൽ ന്യായീകരിച്ചു അംഗീകരിപ്പിക്കുന്നതിലും തിടുക്കപ്പെടുന്നു. പല പുതിയ പേരുകളും വരുന്നു, തള്ളപ്പെടുന്നു.
ഇടയ്ക്ക് ഒരു ഗ്രൂപ്പിൽനിന്നും തന്റെ പേരിന് എന്റെ പിന്തുണ നേടാനെന്നോണം ഒരു മിടുക്കൻ
• ‘എങ്ങാണ്ട്ന്നോ വന്ന ആരാണ്ടൊക്കെ’ – ഈ പേര് പറ്റില്ലേ മാഷേ?
അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാലോ? തോളിലേറ്റി നൃത്തം ചെയ്താലോ?—
ഒരു നിമിഷം കുട്ടികളുടെ സർഗ്ഗശക്തിയുടെ സാധ്യതയോർത്ത് ആ മിടുക്കനെ അഭിനന്ദിക്കാൻ പോലും മറന്ന് ഞാൻ നിന്നു.

തുടർപ്രവർത്തനം

കീഴെ തന്നിട്ടുള്ള അഞ്ചു വാക്യങ്ങൾ നോക്കൂ
1. ഞാറ്റുവേല തെറ്റിയാൽ നാടാകെ കഷ്ടകാലം
2. പ്രളയത്തിനും മീതെ നുണപ്രളയം
3. കാണം വിറ്റും ഓണം ഉണ്ണണം
4. തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോന്നി
5. ഒരുമ തന്നെ പെരുമ
ഇവ വിപരീതാർത്ഥം വരുന്ന വാക്യങ്ങളാക്കി മാറ്റാമോ? ഇപ്പോൾ ആകെ പത്തു വാക്യങ്ങളായി. ഇവ പ്രയോജനപ്പെടുത്തി ഒരു കഥ എഴുതാമോ? കേരളത്തിൽ ദുരിതം വിതച്ച പ്രളയവും, വരാനിരിക്കുന്ന ഈ ആണ്ടിലെ ഓണവും പശ്ചാത്തലമാക്കാം. എഴുതിത്തീർന്നാൽ, തിരുത്തി മെച്ചപ്പെടുത്തി ‘പൂക്കാല’ത്തിന് അയച്ചു തരണം.

– എം. വി. മോഹനൻ

2 Comments

ambikapmenon@gmail.com October 16, 2019 at 2:31 pm

രസകരം..
ക്ലാസ്സിൽ പരീക്ഷിച്ചു..
കഥ ഗൃഹപാഠം ആയി കൊടുത്തു..
ഏകദേശം സമാന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കാറുണ്ട്.

തുടർപ്രവർത്തനം ചെയ്യിപ്പിക്കുന്നുണ്ട് മാഷെ..

വളരെ നന്ദിയും സന്തോഷവും അറിയിക്കട്ടെ..

Bindu jayan October 18, 2019 at 11:48 am

Mashe ….
Great

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content