അറിയണം അന്നാമാണിയെ
കുട്ടിക്കാലത്തു തന്നെ പുസ്തകങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി, പെണ്‍കുട്ടികള്‍ ശാസ്ത്രംപഠിക്കാന്‍ മടിച്ചുനിന്ന ഒരുകാലത്ത് ശാസ്ത്രപഠനത്തിലേക്കും തുടര്‍ന്ന് ശാസ്ത്രഗവേഷണത്തിലേക്കും ധൈര്യപൂര്‍വ്വം കടന്നുചെന്നു. കാലാവസ്ഥാ ഗവേഷണത്തില്‍ വിസ്മയങ്ങള്‍ വിരിയിച്ചു ലോകപ്രശസ്തയായി. പറഞ്ഞുവരുന്നത് അന്നാമാണി എന്ന മലയാളി ശാസ്ത്രജ്ഞയെക്കുറിച്ചു തന്നെ. നമ്മുടെ ബഹിരാകാശ ഗവേഷണനേട്ടങ്ങളില്‍ അഭിമാനം കൊള്ളുമ്പോള്‍ നാം തീര്‍ച്ചയായും അന്നാമാണിയെയും സ്മരിക്കേണ്ടതുണ്ട്. കാരണമെന്തെന്നോ? 1963 ല്‍ വിക്രംസാരാഭായ്യുടെ നിര്‍ദേശാനുസരണം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ മീറ്റിയറോളജിക്കല്‍ ഒബ്‌സര്‍വേറ്ററിയും ഇന്‍സ്ട്രുമെന്റേഷന്‍ ടവറും സജ്ജമാക്കുന്നതിന് നേതൃത്വംവഹിച്ചത് അന്നാമാണിയാണ്.
1918 ഓഗസ്റ്റ് 23 ന്പീരുമേട്ടില്‍ സിവില്‍ എഞ്ചിനീയറായ എം.പി.മാണിയുടെയും അധ്യാപികയായ അന്നാമ്മയുടെയും മകളായാണ് അന്നാമോഡയില്‍ മാണിയുടെ ജനനം. കുട്ടിക്കാലത്തുതന്നെ സമപ്രായക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തയായിരുന്നുഅന്ന. പിറന്നാളിന് പുത്തനുടുപ്പും ആഭരണങ്ങളുമൊക്കെ സമ്മാനമായി ലഭിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ എല്ലാപിറന്നാളിനും തനിക്ക് സമ്മാനമായി പുസ്തകങ്ങള്‍ നല്‍കാനാണ് അന്ന മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. നിറപ്പകിട്ടുള്ള വസ്ത്രങ്ങളോതിളങ്ങുന്ന ആഭരണങ്ങളോ ആ പെണ്‍കുട്ടിയെ ഒരിക്കലും പ്രലോഭിപ്പിച്ചില്ല. നാട്ടിലെ വായനശാലയിലും സ്ഥിരസന്ദര്‍ശകയായിരുന്നു അന്ന.
അന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനൊന്നും അവസരം നല്‍കാതെ നേരത്തെതന്നെ വിവാഹം ചെയ്തയക്കുക എന്നതായിരുന്നു മിക്കകുടുംബങ്ങളിലെയും പതിവ്. എന്നാല്‍ ഈ പതിവുരീതികളൊന്നും അംഗീകരിക്കാന്‍ അന്ന തയ്യാറായില്ല. പഠനവും ജോലിയും ഗവേഷണവുമൊക്കെയായിരുന്നു ആ പെണ്‍കുട്ടിയുടെ മനസ്സില്‍. വൈദ്യശാസ്ത്രം പഠിക്കണമെന്ന ആഗ്രഹം നടക്കാതെ വന്നപ്പോള്‍ അന്നയുടെ താല്പര്യം ഊര്‍ജതന്ത്രത്തിലേക്ക് തിരിഞ്ഞു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഊര്‍ജതന്ത്രവും രസതന്ത്രവും മുഖ്യവിഷയങ്ങളായി പഠിച്ച് 1939ല്‍ അന്ന ബി.എസ്സി ബിരുദം നേടി.
1940 ല്‍ സ്‌കോളര്‍ഷിപ്പോടെ ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണത്തിനു ചേര്‍ന്നതോടെ അന്നയുടെ ഗവേഷണ സ്വപ്നങ്ങള്‍ക്കു ചിറകുമുളച്ചു. ഊര്‍ജതന്ത്ര നൊബേലിലൂടെ ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ സി.വി.രാമന്റെ കീഴില്‍ ഗവേഷണം നടത്താനുള്ള അവസരം ഭാഗ്യമായി കരുതിയെങ്കിലും അത്രസുഖകരവും സുഗമവുമൊന്നും ആയിരുന്നില്ല അവിടുത്തെ ഗവേഷണകാലം. സ്ത്രീകള്‍ക്ക് അവിടെ പുരുഷന്മാര്‍ക്കൊപ്പം തുല്ല്യ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. വിവേചനങ്ങള്‍ക്കു നടുവിലും നിശ്ചയദാര്‍ഢ്യത്തോടെ അന്നാമാണി ഗവേഷണം തുടരുകതന്നെ ചെയ്തു. വജ്രത്തിന്റെയും മാണിക്യത്തിന്റെയും പ്രകാശിക സ്വഭാവങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. എന്നാല്‍ ഗവേഷണ പ്രബന്ധം മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചെങ്കിലും ഡോക്റ്ററേറ്റ് നല്‍കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായില്ല. ഗവേഷകയ്ക്ക് ബിരുദാനന്തരബിരുദം ഇല്ല എന്നതായിരുന്നു അവര്‍ പറഞ്ഞ കാരണം.
ഡോക്റ്ററേറ്റ് ലഭിച്ചില്ലെങ്കിലും ഗവേഷണം ഉപേക്ഷിക്കാനൊന്നും അന്നാമാണി തയ്യാറായില്ല. ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരം ലഭിച്ചതോടെ 1945ല്‍ അങ്ങോട്ടുപോയി. കാലാവസ്ഥാ ഗവേഷണത്തിനുള്ള നൂതന ഉപകരണങ്ങളും സംവിധാനങ്ങളും രൂപകല്പന ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടി. 1948 ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നു. പൂണെയിലെ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മീറ്റിയറോളജിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഗവേഷകയായി പ്രവര്‍ത്തനം ആരംഭിച്ചു. 1953 ല്‍ ഈ വിഭാഗത്തിന്റെ മേധാവിയുമായി. കാലാവസ്ഥാപഠനത്തിനുള്ള നൂതന ഉപകരണങ്ങളിലും സംവിധാനങ്ങളിലും ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണം എന്ന് അന്നാമാണി ആത്മാര്‍ഥമായി ആഗ്രഹിച്ചു. അതിനായി അനേകം ഉപകരണങ്ങള്‍ സ്വയംവരച്ചു രൂപകല്പനചെയ്തു.
സൗരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതിലും അന്നാമാണി വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1957-58 കാലത്ത് സൗരവികിരണങ്ങളുടെ തോത് അളക്കാനുള്ള സ്റ്റേഷനുകളുടെ ഒരു ശൃംഖല തന്നെ അവര്‍ യാഥാര്‍ഥ്യമാക്കി. സൗരോര്‍ജത്തിന്റെ തോത്, കാറ്റിന്റെ വേഗത എന്നിവ കണക്കാക്കാനുള്ള ഉപകരണങ്ങളുടെ നിര്‍മ്മിതിക്കായി ബംഗളുരുവില്‍ വര്‍ക്ക്‌ഷോപ്പ് സ്ഥാപിച്ചു. അന്തരീക്ഷ ഓസോണിന്റെ തോത് അളക്കാന്‍ സഹായിക്കുന്ന ഓസോണ്‍ സോണ്‍ഡ് എന്ന ഉപകരണവും വികസിപ്പിച്ചെടുത്തു. ഇന്റര്‍നാഷണല്‍ ഓസോണ്‍ അസോസിയേഷനില്‍ അംഗമായി. ഗവേഷണങ്ങള്‍ക്കും വായനയ്ക്കും ഇടയില്‍ അന്നാമാണി പുസ്തകരചനയ്ക്കും സമയം കണ്ടെത്തി. ദ് ഹാന്‍ഡ് ബുക്ക് ഫോര്‍ സോളാര്‍ റേഡിയേഷന്‍ ഡാറ്റ ഫോര്‍ ഇന്ത്യ, സോളാര്‍ റേഡിയേഷന്‍ ഓവര്‍ ഇന്ത്യ എന്നീ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
1976 ല്‍ ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ ആയിവിരമിച്ചു. എന്നാല്‍ തന്റെ ഗവേഷണങ്ങളില്‍ നിന്നു വിരമിച്ചില്ല! രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിസിറ്റിങ് പ്രഫസറായി തുടര്‍ന്നു. 1993 ല്‍ ഇന്ത്യയില്‍ കാറ്റാടിപ്പാടത്തിനു സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ പങ്കാളിയായി. ശാസ്ത്രത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അന്നാമാണി അവിവാഹിതയായിരുന്നു. 1994 ല്‍ ഉണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് അന്നാമാണിയുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ഒടുവില്‍ 2001 ആഗസ്റ്റ് 16 തിരുവനന്തപുരത്തു വച്ച് ആ ശാസ്ത്രവിസ്മയം നമ്മോടു വിടപറഞ്ഞു. പ്രതിസന്ധികളോടും വിവേചനങ്ങളോടും പടവെട്ടി ശാസ്ത്രഗവേഷണത്തില്‍ വിസ്മയനേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച, ശാസ്ത്രഗവേഷണത്തെ തന്റെ ജീവവായുവായി കരുതിയ ഈ ശാസ്ത്രജ്ഞയെക്കുറിച്ച് നമ്മള്‍ അറിയാതെ പോവരുത്.
ലേഖിക- സീമ ശ്രീലയം
അധ്യാപിക, ശാസ്ത്ര എഴുത്തുകാരി