പ്രിയപ്പെട്ടവരേ,

ദി ഗ്രേറ്റ് ബനിയന്‍ ട്രീ

മലയാളം മിഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പോയപ്പോഴാണ് ‘നടക്കുന്ന മരങ്ങളെ’ പരിചയപ്പെട്ടത്. ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്‍ഡ്യന്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ‘ദി ഗ്രേറ്റ് ബനിയന്‍ ട്രീ’ ആണ് അതിന്റെ വകതിരിവുള്ള നടത്തം കൊണ്ട് വര്‍ത്തമാന സമസ്യകളെ മറികടക്കുന്നത് കണ്ടത്. നാല് ദിക്കുകളിലേക്കും പടര്‍ന്ന് പന്തലിച്ച് വലുതായിക്കൊണ്ടിരുന്ന ഈ മഹാ അരയാല്‍ മരം കുറെക്കാലമായി ഒരു ദിക്കു ലാക്കാക്കി മാത്രം നടക്കുന്നു. ഓരോ ആയത്തിലും അതിന് ഒരു പുതിയ കാല് മുളയ്ക്കും. എന്താണീ ചുവടുമാറ്റത്തിന് കാരണം? മൂന്നുദിക്കിലും വളര്‍ന്നുവരുന്ന നഗരത്തെ മരം തിരിച്ചറിയുന്നു. ഒരു ഭാഗത്ത് പൊന്തിവരുന്ന ഫ്‌ളാറ്റ് സമുച്ചയത്തെയും മാമരം കാണുന്നു. മരത്തിന് ഇങ്ങനെയൊക്കെയുള്ള കഴിവുകളുണ്ടോ?

ആചാര്യ ജഗദീഷ് ചന്ദ്രബോസ്

‘ദി നേര്‍വസ് മെക്കാനിസം ഓഫ് പ്ലാന്റ്‌സ്’ (1926) എന്ന പുസ്തകം എഴുതിയ ശാസ്ത്രജ്ഞനായ ജെ.സി ബോസ് ചെടികള്‍ വികാരവിചാരങ്ങളും തിരിച്ചറിവുകളും ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച മഹാപ്രതിഭാശാലിയാണ്! പീറ്റര്‍ ഹോളെബെന്‍ (Peter Whohlleben) എഴുതിയ ദി ഹിഡന്‍ ലൈഫ് ഓഫ് ട്രീസ് (The hidden life of trees) എന്ന രചന ജീവിലോകത്തിന്റെ രഹസ്യങ്ങളിലേക്ക് തുറക്കുന്ന വാതായനമെന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കുന്നുണ്ട്.

ജീവിലോകത്തെ ഏറ്റവും മുതിര്‍ന്ന, പൗരാണികവും പ്രാചീനവുമായ ജീവികളാണ് മരങ്ങള്‍. നിശബ്ദരായ സഹജീവികളായി ജന്തുലോകത്തിനൊപ്പവും മനുഷ്യരെന്ന വികസിത ജന്തുക്കള്‍ക്കൊപ്പവും വിശ്വസ്ത സുഹൃത്തുക്കളായി മരങ്ങള്‍ ലോകത്തെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാടോടിക്കഥകളെയും ഫാന്റസികളെയും എന്നും എക്കാലത്തും നാടോടിക്കഥകളിലും ഭ്രമാത്മക കഥയിലും നിലകൊണ്ടുകൊണ്ട് മരങ്ങള്‍ എക്കാലത്തും ഈ പ്രപഞ്ചജീവിതത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നു. ഹെര്‍മന്‍ ഹെസെ എന്ന നൊബേല്‍ സമ്മാന ജേതാവ് ‘ഉള്ളിന്റെ ഉള്ളിലേക്ക് തുളച്ചുകയറുന്ന പ്രവാചകര്‍’ എന്നാണ് മരങ്ങളെ വിശേഷിപ്പിച്ചത്. അവര്‍ നമ്മുടെ മനസിനോട് സംസാരിക്കും. അവര്‍ നിരന്തരം നമ്മെ ജീവിതം പഠിപ്പിച്ചുകൊണ്ടിരിക്കും.

”ഓരോ മരവും ഒറ്റയ്ക്കുനില്‍ക്കുന്ന ഒരു തുരുത്തല്ല. അവയ്ക്ക് സാമൂഹിക ജീവിതമുണ്ട്. അവര്‍ക്ക് കുടുംബമുണ്ട്. അവര്‍ അച്ഛനും അമ്മയും മക്കളുമായി ജീവിക്കുന്നു. മക്കളെ വളര്‍ത്തി വലുതാക്കുന്നതില്‍ ഈ മാതാപിതാക്കള്‍ ശ്രദ്ധചെലുത്തുന്നു. മരങ്ങള്‍ പരസ്പരം സഹായിക്കുകയും പങ്കുവയ്ക്കുകയും ചെയ്യും.”

പീറ്റര്‍ മരങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുന്നത് വായിക്കുമ്പോള്‍ അത്ഭുതം തോന്നും. പീറ്റര്‍ ഹോളെബെന്‍ ഒരു ജര്‍മ്മന്‍ ഫോറസ്റ്ററാണ്. ഒരു ഫോറസ്റ്റര്‍ എന്ന നിലയിലുള്ള വനത്തിലെ ഓരോ ദിവസവും ഒരു പുതിയ കണ്ടെത്തലിന്റെ ദിനം കൂടിയാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. മരങ്ങള്‍ക്ക് വേദന അനുഭവിക്കാനും സന്തോഷം അനുഭവിക്കാനുമുള്ള കഴിവുണ്ട്. അവര്‍ക്ക് വസ്തുതകള്‍ പഠിക്കാനും എണ്ണാനും അറിയുമത്രെ. പഠിക്കുന്നതെല്ലാം ഓര്‍മ്മവയ്ക്കാനും കഴിയുമത്രെ. എന്തായാലും നാം നടന്നുപോകുന്ന വഴിയില്‍ നില്‍ക്കുന്ന മരങ്ങളും വീടിന്റെയും തൊടിയിലും നില്‍ക്കുന്ന മരങ്ങളും വെറുതെ നിസംഗരായി നില്‍ക്കുകയല്ല എന്ന് അറിയുക. അവരെ നമുക്ക് സ്‌നേഹിക്കാനും സുഹൃത്തുക്കളാക്കാനും കഴിയും….

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഒ.വി. വിജയന്റെ ‘മധുരം ഗായതി’, മനുഷ്യരും പ്രകൃതിയും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന മനോഹരമായ നോവലാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അതിമനോഹരമായ ലയമാണ് പ്രപഞ്ചത്തിന്റെ അതിജീവനതാളം. ഈ നോവലിലെ സുകന്യ എന്ന പെണ്‍കുട്ടിയും ആല്‍മര മുത്തശ്ശനും തമ്മിലുള്ള ചേര്‍ച്ച മധുരമായ ഗാനം പോലെ ആസ്വദിക്കാന്‍ കഴിയും.

‘അവര്‍ക്ക് തലചായ്ക്കാന്‍ ആല്‍മരത്തിന്റെ വേര്‍ചുരുളുകള്‍ മെത്തയൊരുക്കി. ആ മെത്തയില്‍ സുകന്യയും അവര്‍ക്കുമുകളില്‍ പടര്‍ന്നുനിന്ന് ആല്‍മരവും ഉറക്കമായി. മരത്തിന്റെ ഉറക്കം, ബോധിസസ്യത്തിന്റെ സ്വപ്നാന്വേഷണം, മനുഷ്യനെത്താനാവാത്ത തീരങ്ങള്‍! അങ്ങനെയൊരു സ്വപ്നത്തിലേക്ക് ആല്‍മരം യാത്രയായി.’ (മധുരം ഗായതി).

 

പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ചീഫ് എഡിറ്റർ

 

1 Comment

sudhi August 5, 2019 at 11:31 am

സന്തോഷത്തോടെ ……

മലയാളം മിഷൻ പൂക്കാലം നൽകുന്ന വിഭവങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഉപകാരം നൽകുന്നു

നന്ദി

സുധി
ബഹ്‌റൈൻ

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content