പെപ്പരപ്പേ….

അപ് ളിപ് ളായാ-
ലിപ് ളപ് ളായാ-
ലെപ് ളെപ് ളാവും.

ചിലര്‍ വെടിപ്പായി ഏറ്റുചൊല്ലി. ചിലര്‍ക്ക് ശ്വാസം മുറിഞ്ഞു. ചിലര്‍ക്ക് നാവു വഴങ്ങിയില്ല. ഇതെല്ലാം കണ്ട് കവിമുഖം നിറയെ ചിരി വിടര്‍ന്നു. അദ്ദേഹം തുടര്‍ന്നു.

ചെറുചിരി, പുഞ്ചിരി, പൊട്ടിച്ചിരിയൊടു
പടകം, പൂത്തിരി, മത്താപ്പൂവൊടു
പപ്പടവും പഴമുപ്പേരിയൊടും
കൊതിയുണ്ടായാലെന്തമ്മേ…?

കൂടെ പാടിയ കുട്ടികള്‍ പൊട്ടിച്ചിരിയന്മാരും, തീറ്റക്കൊതിയന്മാരുമായി മാറി. അവിടെ ചിരിയില്‍ ഓണവും തിരുവാതിരയും വിഷുവും പൂത്തുലഞ്ഞു.

”എന്റെ പേരറ്യൊ നിങ്ങക്ക്…?”
”കുഞ്ഞുണ്ണി മാഷ്…”
”കുഞ്ഞുണ്ണീച്ചാലോ…?”
”കുഞ്ഞ്… ഉണ്ണി…”

ഒരു വിരുതന്‍ ആംഗ്യത്തോടെ പറഞ്ഞൊപ്പിച്ചു. മറ്റുള്ളവര്‍ ഉത്തരം തേടി മാഷ്‌ടെ മുഖത്തേക്കുതന്നെ നോക്കി. മാഷ് ചാരെ നിന്ന കുട്ടിയെ തോളൊത്തു ചേര്‍ത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
”കുഞ്ഞില്‍ നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി”


”അപ്പോ മാഷ് ന്ന് ച്ചാലോ…?” – ഒരു കുസൃതി ചോദിച്ചു.
മാഷ് ഇത്തിരിയൊന്നാലോചിച്ചു. കണ്ണില്‍ നര്‍മം ചേര്‍ന്ന ചിരി തെളിഞ്ഞു:
”മഷിയുണങ്ങാത്തോന്‍ മാഷ്….”
മുറിക്കയ്യന്‍ വെള്ളക്കുപ്പായം. കഷ്ടിച്ചു മുട്ടിറങ്ങുന്ന ഒറ്റമുണ്ട്. നരച്ച കുറ്റിത്തലമുടി. കുറിയ രൂപം. വയസ്സായിട്ടും കുട്ടിയായ, കുട്ടികളുടെ കവി.
”ഇനി നമുക്ക് ഉറുമ്പേ… ഉറുമ്പേ…. കളിക്കാം.”
കുട്ടികള്‍ മാഷോട് ചേര്‍ന്ന് വട്ടത്തില്‍ ഇരുന്നു. മാഷ് ഇടത്തേ കൈപ്പടം കമഴ്ത്തി. അതിന്റെ പുറത്ത് ഒരു കുട്ടി വലത്തേ കൈയിലെ ചൂണ്ടുവിരലും പെരുവിരലും കൊണ്ട് അള്ളിപ്പിടിച്ചു. അവന്റെ കൈപ്പുറം മാഷ് തന്റെ വലത്തെ കൈവിരലുകളില്‍ നുള്ളിത്തൂക്കിയെടുത്തു. തുടര്‍ന്ന് മറ്റുള്ളവരും. അങ്ങനെ എല്ലാവരും കൂടി തൂങ്ങി നില്‍ക്കുന്ന ഒരു ഉറുമ്പു ചങ്ങലയുണ്ടാക്കി. മാഷ് പാടി. കുട്ടികള്‍ ഏറ്റുപാടി.

”ഉറുമ്പേ…. ഉറുമ്പേ…
…………………………………”
”ദേ വ്‌ടെ, വ്‌ടെ, വ്‌ടെ….”

ചൊല്ലിത്തീരും മുമ്പേ ചങ്ങല മുറിഞ്ഞു. എല്ലാവരും അന്യോന്യം ഇക്കിളിയാക്കി. കുടുകുടാ ചിരിച്ചു. ചിരിക്കിടയിലൂടെ മാഷ് പറഞ്ഞു:
ഇതൊരു ചിരിക്കളിയാണ്. ചിരി മനസ്സിന്റെയും ബുദ്ധിയുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇതുപോലെ ഇനീം ണ്ട് ഒരുപാട് നാടന്‍ ചിരിക്കളികളും കളിപ്പാട്ടുകളും. അക്കുത്ത്…. കാക്കാപ്പീലി… മാണിക്യചെമ്പഴുക്ക….
”ഇതൊക്കെ ഞങ്ങള്‍ക്കും അറിയാം…”
”ഓഹോ…. എങ്കില്‍ അക്കുത്തൊന്നു പാട്യാട്ടേ…?”
മാഷ്‌ടെ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചു:

അക്കുത്തിക്കുത്താ-
ന വരമ്പത്ത-
ക്കര നിക്കണ
കാളിപ്പയ്യിന്റെ
കയ്യോ കാലോ
രണ്ടാലൊന്ന്
കുത്തിയൊടിച്ചു
മലര്‍ത്തിക്കള…!

”മിടുക്കന്മാര്‍… കളിക്കൊതിയന്മാര്‍ക്ക് ഇനിയൊരു കഥയായാലോ..?” – കുട്ടികള്‍ക്ക് ഉത്സാഹമേറി.
”പണ്ടൊരു മുത്തശ്ശി കണറ്റിന്‍ കരയിലിരുന്നു, പുതപ്പു തുന്നുകയായിരുന്നു…”
”ഓ…. സൂചി കിണറ്റില്‍ പോയ കഥ….”
”അതുവേണ്ട…. വേറൊന്ന്….”
”രണ്ടു പൂച്ചക്കും കൂടി ഒരപ്പം കിട്ടിയ കഥ…. കിട്ടാത്ത മുന്തിരി പുളിക്കും എന്ന ചൊല്ലിനു പിന്നിലെ കഥ…. നായ ഇറച്ചിക്കഷണം കടിച്ചുപിടിച്ച് വെള്ളത്തിലേക്കു നോക്കിയ കഥ…. മുഖസ്തുതി കേട്ടു മയങ്ങിയ കാക്കയുടെ വായില്‍നിന്നും കുറുക്കന്‍ അപ്പം തട്ടിയെടുത്ത കഥ…. അങ്ങനെ എത്രയെത്ര കഥകളാ നമുക്കു ചുറ്റും….”
”ചെലതൊക്കെ ഞങ്ങള്‍ക്കും അറിയാം….” കുട്ടികളും വിട്ടുകൊടുത്തില്ല.

”ഉവ്വോ…. അസ്സലായി…. അറിയണോര്‍ അറിയാത്തോര്‍ക്ക് പറഞ്ഞുകൊടുക്കണം…. അറിയാത്ത കഥകള്‍ കേട്ടും വായിച്ചും സ്വന്തമാക്കണം…. ഈ ശീലമാണ് വലിയ വലിയ പുസ്തകങ്ങള്‍ വായിക്കാനുള്ള ശീലമായി വളരുന്നത്…. ആട്ടെ, നിങ്ങള്‍ക്ക് ചൊല്ലറിയ്യോ… പഴഞ്ചൊല്ല്…..?”

”അടി തെറ്റിയാല്‍ ആനയും വീഴും.”
”അരിയെറിഞ്ഞാല്‍ ആയിരം കാക്ക.”
”കണ്ണുണ്ടായാല്‍ പോര, കാണണം.”
”പല തുള്ളി പെരുവെള്ളം.”
”കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്.”
”മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും”
തുടര്‍ന്ന് പഴഞ്ചൊല്ലുകളുടെ പെരുമഴയായി.

”ആയിരം പഴഞ്ചൊല്ലു പഠിച്ചാല്‍ ആയുസ്സിന് കേടില്ല – എന്നാണ് പഴഞ്ചൊല്ലിനെക്കുറിച്ചുള്ള പഴഞ്ചൊല്ല്. പഴഞ്ചൊല്ല് എവിടെ കണ്ടാലും പറിച്ചു തിന്നണം. പറഞ്ഞു പയറ്റണം. എന്നാല്‍ ഭാഷയിലെ പദഘടന, ശുദ്ധിയും ശക്തിയും ഭംഗിയും ഉള്ള വാക്യങ്ങളെഴുതാനുള്ള കഴിവ്, വിവേകം തുടങ്ങി ഭാഷാപരവും സാംസ്‌കാരികവുമായ അനേകം ഗുണങ്ങള്‍ ഉണ്ടാവും. കുട്ട്യോളായാല്‍ നൂറില്‍ കുറയാത്ത പഴഞ്ചൊല്ലുകള്‍ പറയാന്‍ കഴിയണം. അത്രതന്നെ കടംകഥകളും. പഴഞ്ചൊല്ലുകളും കടംകഥകളും ആവുന്നത്ര ഈണത്തിലും താളത്തിലുമാണ് ചൊല്ലേണ്ടത്. ഇതാ, ഇതുപോലെ..”

അക്കര വിളയില്‍
തെക്കേ തൊടിയില്‍
ചക്കരകൊണ്ടൊരു തൂണ്.
തൂണിനകത്തൊരു നൂല്.
നൂലു വലിച്ചാല്‍ തേന്…
”തെച്ചിപ്പൂവ്…” – ഉത്തരം കുട്ടികള്‍ പറഞ്ഞു. മാഷ് തുടര്‍ന്നു.

”കവിത ഈണത്തില്‍ ചൊല്ലാനും ആസ്വദിക്കാനും എഴുതാന്‍ പോലുമുള്ള കഴിവ് ഇങ്ങനെയാണ് ഉണ്ടാവേണ്ടത്. നിങ്ങളെല്ലാം നല്ല നാടന്‍ കവിതയോ കടംകഥയോ പഴഞ്ചൊല്ലോ കിട്ടിയാല്‍ ഉടനെ എഴുതിവയ്ക്കണം; മനസ്സിലും പുസ്തകത്തിലും. അതിനായി ഒരു മനുസ്സും ഒരു നോട്ടുപുസ്തകവും കരുതിക്കോളൂ… എന്താ സമ്മതിച്ചോ..?”
കുട്ടികള്‍ തലകുലുക്കി. തുടര്‍ന്ന് മാഷ് അലമാര തുറന്നു. നിറയെ കൊച്ചുകൊച്ചു കുപ്പികള്‍. അവ നിറയെ കുന്നിക്കുരു… മഞ്ചാടി… കുപ്പായക്കുടുക്കുകള്‍… കുപ്പിവളപ്പൊട്ടുകള്‍..
”ഇതെല്ലാം ആരെങ്കിലും മാഷ്‌ക്ക് സമ്മാനമായി തന്നതാണോ…?”
”ഞാന്‍ നടക്കാന്‍ പോവുമ്പോള്‍ വഴിയില്‍ കിടന്നു കിട്ടുന്നത് ശേഖരിച്ചുണ്ടാക്കിയതാണ്.”
വയസ്സായിട്ടും കുട്ടിക്കാലം വിട്ടുപോവാത്ത മാഷ് ഞങ്ങളില്‍ അത്ഭുതത്തിന്റെ നിറനിലാവായി. കുപ്പികള്‍ക്കിടയില്‍നിന്നും ഒരു പീപ്പിയെടുത്ത് മാഷ് ചുണ്ടുചേര്‍ത്തു.
”പെപ്പരപ്പേ….”
”ഈ പീപ്പിക്ക് പെപ്പരപ്പേക്ക് കിട്ടീത് എങ്ങന്യാന്ന് അറിയ്യോ നിങ്ങള്‍ക്ക്..?”
കുട്ടികളുടെ വിസ്മയം പൂത്തിറങ്ങിയ കണ്ണുകളിലേക്ക് മാഷ്‌ടെ ചോദ്യം. ഉത്തരം മുട്ടിയ കുട്ടികള്‍ക്ക് മാഷ് പാടിയ ഉത്തരം ക്ഷ പിടിച്ചു.

പപ്പടം വട്ടത്തിലാവുക കൊണ്ടാകാം
പയ്യിന്റെ പാലു വെളുത്തതായി.
പയ്യിന്റെ പാലു വെളുത്തതുകൊണ്ടാകാം
പാക്കലം മണ്ണു കൊണ്ടുണ്ടാക്കുന്നു
പാക്കലം മണ്ണു കൊണ്ടാവുക കൊണ്ടാകാം
പാപ്പുവിന്‍ പീപ്പിക്കു പെപ്പരപ്പേ…

– എം.വി. മോഹനന്‍

(കുഞ്ഞുണ്ണിമാഷ്: (1927-2006); ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായ മലയാളത്തിലെ ആധുനിക കവികളില്‍ ഒരാള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പു നടത്തിയ ‘കിങ്ങിണിക്കൂട്ടം’ വേനലവധിക്കാല പഠനക്യാമ്പിനുവേണ്ടി, കുട്ടികളുമൊത്ത് തൃശൂര്‍ വലപ്പാട്ടുള്ള കവിഗൃഹത്തില്‍ വച്ചുനടത്തിയ അഭിമുഖത്തിന്റെ ഓര്‍മ്മയില്‍ എഴുതിയത്. )

പഠനപ്രവര്‍ത്തനങ്ങള്‍
1) ‘ആയിരം പഴഞ്ചൊല്ലു പഠിച്ചാല്‍ ആയുസ്സിനു കേടില്ല’ – കുഞ്ഞുണ്ണിമാഷ് കൂട്ടുകാരോട് എന്തേ ഇങ്ങനെ പറയാന്‍? ഒരു കുറിപ്പെഴുതാമോ?
2) കവി പറഞ്ഞതുപോലെ നാടോടിക്കഥകളും കവിതകളും ചൊല്ലുകളും കടംകഥകളും നിറഞ്ഞ ഒരു പതിപ്പ് നമുക്കും തയാറാക്കാമല്ലോ.

 

1 Comment

പി എ ചാക്കൊ September 2, 2020 at 9:13 am

കുഞ്ഞുണ്ണിമാഷിന്‍റെകൂടെ ഇങ്ങനെ വല്ലപ്പോഴുമൊക്കെ കൂടണം.
രസവും
ജ്ഞാനവും
അറിവും കിട്ടും.
ഒരപൂര്‍വ്വ ജന്മമായിരുന്നുവല്ലോ.
കോഴിക്കോട്
ശ്രീരാമകൃഷ്ണാശ്രമത്തില്‍
അദ്ദേഹത്തിന്‍റെ പഴഞ്ചൊല്ലുകളും
”ബോണ്‍സായ് കവിത”കളും
രസികന്‍ വര്‍ത്തമാനങ്ങളും
സ്നേഹമിഠായികളും
ആസ്വദിച്ചതൊക്കെ ഓര്‍മ്മയില്‍

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content