സൂര്യനും ചന്ദ്രനും മറയുമ്പോൾ

മാസം രണ്ട് ആകാശ വിസ്മയത്തിങ്ങൾക്കാണ് നമ്മൾ സാക്ഷിയായത്. ജൂലൈ 2 ന് നടന്ന സൂര്യഗ്രഹണവും (Solar Eclipse) ജൂലൈ 17 ന് നടന്ന ചന്ദ്രഗ്രഹണവും (Moon Eclipse). പലപ്പോഴും സൂര്യഗ്രഹണമെന്നും ചന്ദ്രഗ്രഹണമെന്നും നമ്മൾ കേൾക്കാറുണ്ടെങ്കിലും എന്താണ് ഈ പ്രതിഭാസങ്ങളെന്ന് സംശയമുള്ള കൂട്ടുകാർ ഇപ്പോഴുമുണ്ടാകും. നമുക്കത് എളുപ്പത്തിൽ മനസിലാക്കാൻ ശ്രമിക്കാം. വായിക്കുമ്പോൾ മനസ്സിൽ സങ്കല്പിക്കാനും കൂടി ശ്രമിച്ചാൽ പെട്ടെന്ന് മനസിലാക്കാം.

ഭൂമി (Earth) സ്വന്തം അച്ചുതണ്ടിൽ ഒരു പമ്പരം പോലെ കറങ്ങുന്നതോടൊപ്പം (Rotate) സൂര്യനെയും(Sun) വലം വയ്ക്കുന്നുമുണ്ട് (Revolve). ഭൂമിയുടെ ഒരു കറക്കത്തിനെ ഒരു ദിവസമായി (Day) നമ്മൾ കണക്കാക്കുന്നു. അതുപോലെ ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വയ്‌ക്കാൻ 365 ദിവസങ്ങൾ വേണ്ടി വരുന്നു. ഈ 365 ദിവസങ്ങളെ നമ്മൾ ഒരു വർഷമായി (Year) കണക്കാക്കുന്നു.

ദിവസത്തെ പറ്റി മനസിലാക്കി. വർഷത്തെ പറ്റിയും മനസിലാക്കി. അപ്പോൾ കൂട്ടുകാർക്ക് മനസ്സിൽ ഒരു സംശയം തോന്നിക്കാണുമല്ലോ. മാസങ്ങൾ (Month) എങ്ങനെ ഉണ്ടായെന്ന്. അവിടെയാണ് ചന്ദ്രന്റെ (Moon) അതായത് നമ്മുടെ അമ്പിളിയമ്മാവന്റെ ഇടപെടൽ. ചന്ദ്രൻ ഭൂമിയെ വലയം വയ്ക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. ഇതിനായി ശരാശരി 30 ദിവസങ്ങൾ എടുക്കും. അതാണ് നമ്മുടെ മാസക്കണക്ക്. അതായത് ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നതിനിടയിൽ ചന്ദ്രൻ ഭൂമിയെ 12 തവണ വലം വയ്ക്കുന്നു എന്നർത്ഥം. അതാണ് നമ്മുടെ 12 മാസങ്ങൾ ഉൾക്കൊള്ളുന്ന ഒരു വർഷം.

സൂര്യഗ്രഹണം

ചന്ദ്രന്റെ ഈ 12 കറക്കത്തിനിടയിൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേർരേഖയിൽ വരുന്നു. സൂര്യൻ മറ്റ് രണ്ടു പേരെ അപേക്ഷിച്ച് ചലനമില്ലാതെ നിൽക്കുന്നതിനാൽ രണ്ടു രീതിയിൽ ഇവയുടെ സ്ഥാനങ്ങൾ സംഭവിക്കാം. ഒന്ന് ഭൂമിയുടെയും സൂര്യന്റെയും നടുവിലായി ചന്ദ്രൻ എത്തിച്ചേരുന്നു. ഇതാണ് സൂര്യഗ്രഹണം. ഈ സമയം പൂർണ്ണമായും സൂര്യപ്രകാശം ഭൂമിയിൽ പതിക്കാതെ ചന്ദ്രൻ തടയുന്നു. അപ്പോൾ ചന്ദ്രന്റെ നിഴലാകും ഭൂമിയിൽ വീഴുക. സൂര്യഗ്രഹണങ്ങൾ മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒന്നാണ്. പൂർണ്ണമായി ചന്ദ്രന്റെ നിഴലിലായ പ്രദേശങ്ങളിലെ പ്രതിഭാസത്തെ പൂർണ്ണ സൂര്യഗ്രഹണമെന്നും ഭാഗികമായി ചന്ദ്രന്റെ നിഴലിലായ പ്രദേശത്തെ ഭാഗിക സൂര്യഗ്രഹണം എന്നും പറയുന്നു.

ചന്ദ്രഗ്രഹണം

അതുപോലെ തന്നെ, രണ്ടാമതായി മൂന്ന് ഗ്രഹങ്ങളും നേർരേഖയിൽ വരുന്നത് ഭൂമി, ചന്ദ്രനും സൂര്യനും ഇടയിൽ വരുമ്പോഴാണ്. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്ന ഈ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്. ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തെ അപേക്ഷിച്ച് കൂടുതൽ നേരത്തേക്ക് നീണ്ടുനിൽക്കും. ഒരു സൂര്യഗ്രഹണത്തിന്റെ സമ്പൂർണ്ണദശ ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുമ്പോൾ പൂർണ്ണചന്ദ്രഗ്രഹണം മണിക്കൂറുകളോളം തുടർന്നെന്നുവരാം. ഇതിനും പുറമേ, പൂർണ്ണസൂര്യഗ്രഹണങ്ങളേക്കാൾ കൂടുതൽ പൂർണ്ണചന്ദ്രഗ്രഹണങ്ങൾ അനുഭവപ്പെടാനും സാദ്ധ്യത കൂടുതലാണു്. ഭൂമി ചന്ദ്രനെ അപേക്ഷിച്ച് വളരെ വലിയ ഒരു ഗ്രഹമായതുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്.

ഇപ്പോൾ കൂട്ടുകാർക്ക് പുതിയൊരു സംശയം തോന്നിക്കാണും, എങ്കിൽ വർഷത്തിൽ 12 പ്രാവശ്യം വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കണ്ടേ എന്ന് ? അങ്ങനെ സംഭവിക്കാത്തതിന് ഒരു കാരണമുണ്ട്. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടേതിന്‌ അഞ്ച് ഡിഗ്രിയോളം ചരിഞ്ഞാണ്‌ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഈ വ്യതിയാനം ഇല്ലാതെ മൂന്നു ഗൃഹങ്ങൾ നേർരേഖയിൽ വരുന്നത് വർഷത്തിൽ 2 മുതൽ 5 തവണ വരെ മാത്രമായിരിക്കും. പൂർണ്ണ ഗ്രഹണങ്ങളേക്കാൾ ഭാഗിക ഗ്രഹണങ്ങൾ കൂടുതൽ ഉണ്ടാകുന്നതിന് ഒരു കാരണവും ഇത് തന്നെയാണ്.

ഗ്രഹണത്തെ പറ്റിയുള്ള ധാരണ കൂട്ടുകാർക്ക് ലഭിച്ചു എന്ന് വിചാരിക്കുന്നു. ഗ്രഹണവുമായി ബന്ധപ്പെട്ട് കാണുന്ന അത്ഭുത പ്രതിഭാസങ്ങളാണ് ബ്ലഡ് മൂൺ (Blood Moon), ബ്ലൂ മൂൺ (Blue Moon), ആനുലാർ എക്ലിപ്സ് (Annular Eclipse) എന്നിവ. അതിനെപ്പറ്റി കൂട്ടുകാർ തന്നെ കണ്ടെത്തി പൂക്കാലത്തിന് അയച്ചു തരിക. ഈ പംക്തിയുമായി ബന്ധപ്പെട്ട് എന്ത് സംശയവും കമന്റായി ചേർക്കുന്നവർക്ക് മറുപടിയും നൽകുന്നതാണ്.

വിവേക് മുളയറ

0 Comments

Leave a Comment

FOLLOW US