വിഭിന്ന നിലവാരക്കാരെ എങ്ങനെ പരിഗണിക്കും?

ക്കഴിഞ്ഞ മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടന്ന അധ്യാപക പരിശീലനങ്ങളില്‍ ഏറെ ഉയര്‍ന്നുകേട്ട ഒരു സംശയം – വിഭിന്ന നിലവാരക്കാരെ എങ്ങനെ പരിഗണിക്കും? വിഭിന്ന പ്രായക്കാരെ ഒരേ സമയം കൈകാര്യം ചെയ്യുന്നത് എങ്ങനെ?

ഈ ചോദ്യങ്ങള്‍ എക്കാലത്തും എല്ലായിടത്തും പ്രസക്തമായവയാണ്. വിഭിന്ന നിലവാരം ഉണ്ടാകുന്നത് ഏറെയും ‘പഠനവേഗത’യെ ആശ്രയിച്ചാണ്. ചിലര്‍ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കും. ചിലര്‍ക്ക് താമസം നേരിടും. ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന ഘടകങ്ങളുടെ ഏറ്റക്കുറച്ചില്‍ കാര്യങ്ങള്‍ സ്വാംശീകരിക്കുന്നതിന്റെ അളവിലും വ്യാപ്തിയിലും ഭിന്നത ഉണ്ടാക്കുന്നു. സമപ്രായക്കാരിലും ഈ ഭിന്നനിലവാരം കൃത്യമായി ഉണ്ടെന്ന് പറയാം. അപ്പോള്‍ ഈ രണ്ടു പ്രശ്‌നങ്ങളെയും ഒരേപോലെ അധ്യാപിക നേരിടേണ്ടിവരുന്നുവെന്നതാണ് വാസ്തവം.

പഠനവേഗതയുടെ ഏറ്റക്കുറച്ചില്‍, പഠനാന്തരീക്ഷത്തിന്റെ സ്വാധീനം, രക്ഷിതാക്കളുടെ പിന്തുണ, അധ്യാപികയുടെ പ്രോത്സാഹനം മുതലായ ഘടകങ്ങള്‍ ഇതിന് കാരണമത്രെ. ഇതില്‍ എന്താണ് നിലവാരത്താഴ്ചയുടെ കാരണമെന്ന് അധ്യാപിക സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസിലാക്കണം. പഠനവേഗത കുറവുള്ള കുട്ടികള്‍ക്ക് അധ്യാപികയുടെ വ്യക്തിപരമായ ശ്രദ്ധ കൂടുതല്‍ വേണ്ടിവരും. അടുത്ത് ചെന്നിരുന്ന് വായനയ്ക്കും എഴുത്തിനും സഹായിക്കേണ്ടിവരും. രക്ഷിതാക്കള്‍ കുട്ടികളെ പഠനകേന്ദ്രങ്ങളില്‍ പതിവായി പറഞ്ഞയക്കാതിരിക്കുന്ന പ്രവണതയുണ്ട്. ഗൃഹസന്ദര്‍ശനം ഒരു പരിധിവരെ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ സഹായകമാകും. രക്ഷിതാക്കളുമായി അധ്യാപിക ഒരു നല്ല സുഹൃത്ത്ബന്ധം സ്ഥാപിച്ചെടുക്കുക. കുട്ടികളുടെ പഠനകാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുക. പതിവായി കേന്ദ്രത്തില്‍ പറഞ്ഞയക്കാന്‍ സ്‌നേഹബുദ്ധ്യാ നിര്‍ബന്ധിക്കുക.

ക്ലാസില്‍ പതിവായി കുട്ടികള്‍ വരുന്നതിന് അധ്യാപികയുടെ പ്രോത്സാഹനം അത്യന്താപേക്ഷിതമാണെന്ന് പറയേണ്ടതില്ലല്ലോ. ധാരാളം കുട്ടികള്‍ക്കിഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഇത് സാധ്യമാകും. എന്തിനും ഏതിനും ആശ്രയിക്കാവുന്ന ഒരാളായി അധ്യാപികയെ കുട്ടിക്ക് അനുഭവപ്പെടണം. മൃദുസമീപനവും, സാന്ത്വനവും, സൗഹൃദവും ഇതിന് അനിവാര്യമാണ്.

വിഭിന്ന പ്രായക്കാര്‍ ഒരേ ക്ലാസില്‍ ഉണ്ടാകുന്നത് അധ്യാപിക നേരിടുന്ന വലിയ വെല്ലുവിളിയാണ്. ‘പിയര്‍ ഗ്രൂപ്പ് പഠനം’ ഇതിന് അനിവാര്യമാണ്. ഒരേ പ്രായവും നിലവാരവും ഉള്ള കുട്ടികളെ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുക, ‘മള്‍ട്ടി ലെവല്‍’ ഗ്രൂപ്പുകളില്‍ മുതിര്‍ന്ന പഠിതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുക, അവരെ ഗ്രൂപ്പ് ലീഡര്‍മാര്‍ ആയി നിശ്ചയിക്കുക തുടങ്ങിയ സന്ദര്‍ഭോചിതമായ തന്ത്രങ്ങള്‍ അധ്യാപിക സ്വീകരിക്കേണ്ടിവരും. അധ്യാപക പരിശീലനങ്ങളിലും ക്ലസ്റ്റര്‍ കൂടിച്ചേരലുകളിലും വളരെ ഗൗരവമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്.

 

സേതുമാധവന്‍.എം, രജിസ്ട്രാര്‍, മലയാളം മിഷൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content