ഡയറിച്ചങ്ങാതി

ആൻ ഫ്രാങ്ക്

ന്‍ ഫ്രാങ്കിനെ അറിയാത്ത കൂട്ടുകാര്‍ ചുരുക്കമായിരിക്കും. ഹോളണ്ടിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ഹിറ്റ്‌ലറുടെ നാസിപ്പടയെ പേടിച്ച് ഒളിത്താവളത്തില്‍ കഴിയുകയും ഒടുവില്‍ പിടിക്കപ്പെട്ട് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവില്‍ കഴിയുമ്പോള്‍ അസുഖംബാധിച്ച് മരണപ്പെടുകയും ചെയ്ത ജര്‍മന്‍കാരി പെണ്‍കുട്ടി.
ആനിനെ ലോകം അറിഞ്ഞത് അവളുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്. തന്റെ സ്‌കൂള്‍ ജീവിതവും ഒളിവു ജീവിതവുമെല്ലാം എത്ര ജീവനോടെയാണ് അവള്‍ കുറിച്ചു വച്ചത്.

സ്വന്തം കഥ പറയുന്നതിലൂടെ അക്കാലത്തെ ജുതന്മാരുടെ ജീവിതവും യാതനകളും കൂടിയാണ് ആന്‍ രേഖപ്പെടുത്തിവച്ചത്. നിങ്ങളില്‍ എത്രപേര്‍ ഡയറി എഴുതാറുണ്ട്. ജീവിതത്തില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാറുണ്ട്.? അതൊരു രസികന്‍ പണി തന്നെയാണ് കേട്ടോ.
ഇതുവരെ ചെയ്തിട്ടില്ലാത്തവര്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. പാഠ്യപദ്ധതിയുടെയും മറ്റും ഭാഗമായി കൂട്ടുകാരില്‍ കുറേപ്പേര്‍ ഡയറിക്കുറിപ്പുകള്‍ എഴുതിക്കാണും. വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിലരൊക്കെ എഴുതുന്നുണ്ടാവാം മറ്റുള്ളവരും ശ്രമിച്ചോളൂ…

എന്ത് എഴുതും എവിടെ എഴുതും എന്നൊന്നും അങ്കലാപ്പ് വേണ്ട. വില കൂടിയ വലിയ ഡയറി തന്നെ വേണമെന്നില്ല. ആവശ്യത്തിന് പേജുകളുള്ള നോട്ടുബുക്ക് ആയാലും മതി.

ഏറ്റവും അടുത്ത സുഹൃത്തിനോടെന്ന പോലെ അന്നന്നുള്ള കാര്യങ്ങള്‍ ഡയറിയോട് പറഞ്ഞുനോക്കൂ. ചിന്തകളോ സ്വപ്നങ്ങളോ ആരോഗ്യവിവരങ്ങളോ പഠന വിവരങ്ങളോ സങ്കടങ്ങളോ എന്തും എഴുതാം. അതൊന്നുമല്ലെങ്കില്‍ ചുറ്റുപാടും നിരീക്ഷിച്ച് കണ്ടെത്തുന്ന കാര്യങ്ങളാവാം. കുറച്ചുനാള്‍ കഴിഞ്ഞ് നമുക്കാ ഡയറിച്ചങ്ങാതിയിലൂടെ തിരിച്ചൊന്നു നടന്നു നോക്കാം. നിങ്ങള്‍ ഇതുവരെ നിങ്ങളെപ്പറ്റി ശ്രദ്ധിച്ചിട്ടില്ലാത്ത പലതും അപ്പോള്‍ കണ്ടെത്തിയേക്കാം. നമ്മളറിയാത്ത ജീവിതത്തിന്റെ താളം കണ്ടെത്തിയേക്കാം. പുനരാലോചനകളോ തിരുത്തലുകളോ ആവാം. അപ്പോള്‍ അതും രേഖപ്പെടുത്തി വയ്ക്കണം.

ചരിത്രത്തില്‍ ഇടംപിടിച്ച ഡയറി ആന്‍ ഫ്രാങ്കിന്റേത് മാത്രമല്ല കേട്ടോ… മറ്റ് പല ഡയറിക്കുറിപ്പുകളും ലോകമെമ്പാടും വായിക്കപ്പെട്ടിട്ടുണ്ട്. അവ കണ്ടെത്തി വായിക്കാന്‍ നിങ്ങളും ശ്രമിക്കുമല്ലോ അല്ലേ…

ചിഞ്ജു പ്രകാശ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content