വായന

വായിക്കാതെ വളർന്നാൽ വളയുമെന്ന് കുഞ്ഞുണ്ണി മാഷ്. വായിക്കാതെ വളർന്നാൽ വളയുക മാത്രമല്ല വലയും അലയും അവസാനം തുലയുമെന്ന് പ്രൊഫസർ എസ്. ശിവദാസ്. ജൂൺ 19 ന് പി. എൻ പണിക്കരുടെ ചരമദിനം വായനാദിനമായി, തുടർന്ന് വായനാവാരവും വായനാപക്ഷവുമൊക്കെയായി നാടെങ്ങും ആഘോഷിക്കുകയാണ്. ഈ സന്ദർഭത്തിൽ വായനയെക്കുറിച്ച് ഇതാ ഒരു കവിത.

അറിവുനേടി വളരുവാൻ വായന
മറവിരോഗ മറുമരുന്ന് വായന
ചിന്തകൾക്ക് ചന്തമേകും വായന
ചിറകുനൽകി വരമരുളും വായന

കല്പനകൾ പൂവിടുന്ന വായന
കല്പകാല സൗഖ്യമേകും വായന
ലക്ഷ്യബോധം നൽകിടുന്ന വായന
ജീവരക്ഷയായി മാറിടുന്ന വായന

കടലിരമ്പി ചുഴികളാകും ജീവിതം
കടലാസിൽ പകരുന്നു വായന
ഉള്ളുചുട്ടുപൊള്ളിടുന്ന കഷ്ടകാലത്തിൽ
തുള്ളിയായി പെയ്തിറങ്ങും ശാന്തി വായന
പോയിടാത്ത ലോകകാഴ്ച കണ്ടു രസിക്കാൻ
മണിവിളക്കു തെളിയിക്കും നമ്മെ വായന
അക്ഷരങ്ങൾ രക്ഷയായി ജീവമന്ത്രങ്ങൾ
ലക്ഷോപലക്ഷമിതാ കാതിലോതുന്നു
വാക്കുകൾക്കു മീതെ നാം നടന്നിടുന്നേരം
കാലങ്ങൾ തലകുനിച്ചു കൈകൾ കൂപ്പുന്നു
പണ്ടു പണ്ടു മണ്ണടിഞ്ഞു പോയവരൊക്കെ
കണ്ടുമുട്ടി മിണ്ടിടുവാൻ കൂടെയെത്തുന്നു
ശിരസ്സുയർത്തി നടുനിവർത്തി യാത്രചെയ്തിടാൻ
കരുതലും കരുത്തുമായി വരുന്നു വായന
ഒറ്റ ജന്മം മാത്രമുള്ള മർത്ത്യജീവിതം
മാറ്റിടുന്നു നൂറുനൂറായ് നല്ല വായന

എടപ്പാൾ സി. സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US