വായന..വായനശാല

പാപ്പിറസ് കൊണ്ടുണ്ടാക്കിയ കടലാസ്‌

റിവിന്റെ കടലാഴങ്ങള്‍ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങള്‍ നിറഞ്ഞ അലമാരകളുള്ള വായനശാലകള്‍ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ആകാശത്തിനു കീഴിലെ സകല വിഷയങ്ങളെയും വായിക്കുവാനുള്ള മനുഷ്യന്റെ ആഗ്രഹം, അതിലൂടെ അറിവ് നേടാനുള്ള ജിജ്ഞാസ, അത് തന്നെയാകണം പരമാവധി പുസ്തകങ്ങള്‍ ഒരു കൂരക്കു കീഴില്‍ എത്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചതും ഗ്രന്ഥശാല എന്ന ആശയം മുളപൊട്ടിയതും അത് വളര്‍ന്നു പന്തലിച്ചു ഗ്രന്ഥശാലാ പ്രസ്ഥാനമായി ലോകം മുഴുവന്‍ വ്യാപിച്ചതും. ആദിമകാലം മുതല്‍ മനുഷ്യന്‍ അറിവ് നേടാനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കാനും ശ്രമിച്ചിരുന്നതിന്റെ അടയാളങ്ങളാണ് കല്ലുകളിലും ഗുഹകളിലും മരങ്ങളിലും ഒക്കെ കോറിയും വരച്ചും കൊത്തിവച്ചിട്ടുമുള്ളത്. ചിത്രങ്ങളിലൂടെയും പ്രാകൃത ലിപികളിലൂടെയും ഒക്കെ അവന്‍ അത് സാധ്യമാക്കിയിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ നമ്മുടെ തലമുറയ്ക്ക് കൈവെള്ളയിലെ രേഖകള്‍ പോലെ ഇന്നും വ്യക്തമായി വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്നതും അതുകൊണ്ടു തന്നെയാണ്. കാലക്രമേണ മരത്തിന്റെ തൊലികളിലും ഇലകളിലും ഓലകളിലും മൃഗത്തോലുകളിലും ഒക്കെ ആദ്യകാല പുസ്തകങ്ങള്‍ പിറവിയെടുത്തു തുടങ്ങി.പിന്നീട് അവ കടലാസ്സിലേക്കും പുസ്തകങ്ങളിലേക്കും വളര്‍ന്നു. ഇവ പിന്നെ പുസ്തക ശേഖരങ്ങളായി, വായനശാലകളായി. സങ്കീര്‍ണങ്ങളായ ഇതിഹാസങ്ങള്‍ മുതല്‍ ഏതാനും വാക്കുകളിലൊതുങ്ങുന്ന ഹൈക്കു കവിതകള്‍ വരെ ഇന്ന് പുസ്തകരൂപത്തില്‍ നമുക്ക് ലഭ്യമാണ്. പാപ്പിറസ് എന്ന് വിളിച്ചിരുന്ന കടലാസിന്റെ പ്രാകൃത രൂപത്തില്‍ നിന്നും ഇന്ന് ഡിജിറ്റല്‍ വായനശാല, ഇ-റീഡിങ് മുതലായ നവീന സാങ്കേതിക സംവിധാനത്തില്‍ വരെ എത്തിനില്‍ക്കുന്നു ഇന്ന് നാം കാണുന്ന വായനയുടെ വളര്‍ച്ച.

തിരുവനന്തപുരം പബ്ലിക് ലൈബ്രറി

ആയിരത്തി എണ്ണൂറുകളില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടത്തിലായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തില്‍ വേരോടിത്തുടങ്ങിയത്. മഹാരാജാവിന്റെ മേല്‍നോട്ടത്തില്‍ 1829ല്‍ സ്ഥാപിച്ചതാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്ന ഇന്നത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. പിന്നീട് കാലം കടന്നു പോകുംതോറും സമൂഹത്തില്‍ വായനശാലയുടെ സ്വാധീനം വിപ്ലവാത്മകമായി വളര്‍ന്നു കൊണ്ടിരുന്നു. പി എന്‍ പണിക്കര്‍ പോലുള്ള മഹാരഥന്മാര്‍ വായനയെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലേക്കുമെത്തിക്കുകയും കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു.

ഇന്ന് ഒരു നാടിന്റെ ഐശ്വര്യം തന്നെ നല്ലൊരു വായനശാലയാണെന്നു നിസംശയം പറയാം. കൊച്ചു കൊച്ചു വിദ്യാലയങ്ങളില്‍ പോലും ഇന്ന് ഒരു വായനശാല പ്രവര്‍ത്തിക്കുന്നു എന്നത് നമുക്കഭിമാനം തന്നെ. മലയാളിയുടെ വര്‍ധിച്ചുവരുന്ന വായനാഭിലാഷം ലോകമാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകളും ദിനംപ്രതി പുറത്തിറങ്ങുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും വാര്‍ത്താ പത്രങ്ങളും അവയുടെ ഭീമമായ സര്‍ക്കുലേഷനും. നമ്മുടെ കൊച്ചുകേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തങ്ങള്‍ ഇന്ന് ലോകത്തിന് തന്നെ മാതൃകയായി മുന്നേറുകയാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മാറുന്ന ജീവിതസാഹചര്യങ്ങളില്‍ ഇന്ന് നമ്മള്‍ വായനയോടു വിടപറയുകയാണോ എന്ന ഒരു ആശങ്ക വലിയതോതില്‍ ഉയര്‍ന്നു വരികയാണ്. നമ്മള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന രചനകള്‍ ഇന്നത്തെ വിവരസാങ്കേതിക യുഗത്തില്‍ ദൃശ്യങ്ങളായും ശബ്ദങ്ങളായും ഇന്ന് ലഭ്യമായിട്ടുള്ളപ്പോള്‍ വായിച്ചു സമയം കളയാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല എന്നതാണ് ഏറെ സങ്കടകരം. ഈ ആശങ്കക്കിടയിലും ഒരു പ്രതീക്ഷ പ്രവാസി മലയാളികള്‍ വായനശാലയെ ചേര്‍ത്തുപിടിക്കുന്നു എന്നതാണ്. തിരക്കേറിയ പ്രവാസി ജീവിതത്തിനിടയിലും വായനക്കായി അല്‍പം സമയം കണ്ടെത്തുന്നു എന്നത് ഏറെ ആശ്വാസകരമാണ്.

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ നമ്മുടെ മലയാളം മിഷന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശഌഘനീയമാണ്. പഠനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചു വായനശാലകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കാറ്റാത്തണഞ്ഞുപോകാതെ ഒരു കൊച്ചുമെഴുകുതിരി വെട്ടം പോലെ കൈക്കുമ്പിള്‍ കൊണ്ട് കാത്തുവെക്കാം നമുക്ക് വായനയെ… നമ്മുടെ വായനശാലകളെ… ശ്രീനാരായണഗുരുദേവന്‍ നമ്മെ ഉദ്‌ബോധിപ്പിച്ചപോലെ ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ …

അതെ , ഓരോ വായനാശാലയും ഓരോ സര്‍വകലാശാലയാണ്….
ഓരോ ഗ്രന്ഥശാലയും അറിവിന്റെ അനന്ത സാഗരമാണ്…..

ഷാജി ആന്റണി
മേഖലാ കോര്‍ഡിനേറ്റര്‍
സൂറത്ത് (ഗുജറാത്ത്)

0 Comments

Leave a Comment

FOLLOW US