കുന്നിമണിയോളം സ്വപ്നം

കണ്‍മഷി തേച്ചപ്പോള്‍
കുന്നിക്കുരുവിന്ന്
കല്യാണം കൂടുവാന്‍
മോഹമായി.

ആരും വിളിക്കാതെ
ആരാരും പറയാതെ
കല്യാണം കൂടുവാന്‍
എന്തു ചെയ്യും?

മാനത്ത് കാറൊത്താല്‍
താഴെ മയിലിന്ന്
കല്യാണമാണെന്ന്
കാറ്റു ചൊല്ലി.

അന്നേരം നമ്മള്‍ക്കു
ഒന്നിച്ചു പോകണം
കല്യാണം കൂടി
മടങ്ങീടേണം.

കാറെല്ലാം മഴയായി
പെയ്തു കഴിഞ്ഞു
ഇനിയെന്തു കല്യാണം
മയില്‍ ചൊടിച്ചു.

കുന്നിക്കുരുവിന്റെ
പൂങ്കവിള്‍ തട്ടീട്ട്
പൂമ്പാറ്റ ചൊല്ലുന്നു
കുഞ്ഞിക്കാതില്‍.

ഇനിയുണ്ട് കല്യാണം
കാട്ടിലെ ചെക്കന്റെ
വെയിലും മഴയും
ഒരുമിക്കുമ്പോള്‍.

മഴ വരും നേരത്ത്
വെയിലെങ്ങോ പായുന്നു
വെയില്‍ വരും നേരത്ത്
മഴയോടി മാറുന്നു.

മയ്യെഴുതി ചന്തം
കൂട്ടിയ മിഴികളില്‍
കണ്ണീരണിഞ്ഞൊരു
കുന്നിമണി.

എന്നെങ്കിലുമൊരു
കല്യാണം കൂടുവാന്‍
കാത്തിരിപ്പാണിന്നും
കുന്നിക്കുരു.

പി.ടി.മണികണ്ഠന്‍ പന്തലൂര്‍

0 Comments

Leave a Comment

FOLLOW US