മലയാളം മിഷൻ കർണാടക ചാപ്റ്റർ
പരിസ്ഥിതി ദിനാഘോഷം

ജൂൺ 5. ലോക പരിസ്ഥിതി ദിനം. ലോകമെമ്പാടുമുള്ള ജനങ്ങളില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുള്ള കർമ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.

മരങ്ങൾ നട്ടുപിടിപ്പിക്കുക, കാടുകളും മരങ്ങളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അങ്ങനെ ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിലൂടെ ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ജനസംഖ്യയും വാഹനപ്പെരുപ്പവും തമ്മില്‍ മത്സരിക്കുന്ന, കൊടുംചൂടും അതിശൈത്യവും പ്രവചനങ്ങള്‍ തെറ്റിക്കുന്ന ആസുര കാലത്താണ് നാം ജീവിക്കുന്നത്.

മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹജീവനത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് പരിസ്ഥിതി ദിനാഘോഷവും അതിനോടനുബന്ധിച്ച ഓരോ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നത്. ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ പ്രവർത്തകരും ഈ സംരംഭത്തിൽ തോൾ ചേർക്കുകയാണ്. അക്ഷരവും പ്രകൃതിയും ഒരുമിക്കുന്ന ഈ സംരംഭം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിന്റെ ഭാഗമായി ഉദ്യാന നഗരിയിലെ മലയാളം മിഷൻ പ്രവർത്തകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഠന കേന്ദ്രങ്ങളുടെ ആഭിമുഘ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്‌ത റിപ്പോർട്ടാണ് ചുവടെ കൊടുക്കുന്നത്. മലയാളം മിഷൻ കർണാടക ഘടകം പരിസ്ഥിതി ദിനാഘോഷം മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. എസ്.കെ. കെ. എസ് കന്റോൺമെന്റ് സോണിന്റെ മലയാളം മിഷൻ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സോൺ ചെയർമാൻ അജു കുത്തൂർ അധ്യക്ഷനായി. മിഷൻ ഓർഗനൈസിംഗ് സ്ക്രെട്ടറി ജെയ്സൺ ലൂക്കോസ്,കെ ജെ ബെന്നി. സി രമേശ്, എം സി രമേശ് എന്നിവർ സംസാരിച്ചു.

രാജരജേശ്വരി നഗർ സ്വർഗ്ഗറാണി ചർച്ച് മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി പ്രതിജ്ഞയും, ജാഥയും, പരിസ്ഥിതി ഗാനങ്ങളുമായിട്ടാണ് ഈ പഠന കേന്ദ്രം പരിസ്ഥിതി ദിനം ആചരിച്ചത്‌. കെ.ജെ ജോൺസൻ ഉദ്‌ഘാടനം നടത്തി. ത്രേസിയാമ്മ, പ്രിയ ഷൈജൻ, ആശാ സജി, ജോമി തെങ്ങനാട്ട്, ജിസോ ജോസ് എന്നിവർ സംസാരിച്ചു.

ശോഭാസിറ്റി ‘അമ്മ മലയാളം ‘ പഠന കേന്ദ്രത്തിലെ കൊച്ചു കൂട്ടുകാർ ശോഭാസിറ്റി കാരണവരായ നാരായണൻ നമ്പൂതിരി സാറിന്റെ കയ്യിൽ നിന്നും വൃക്ഷതൈകൾ സ്വീകരിച്ചു. അധ്യാപികമാരായ ഉമാദേവി, മഞ്ജുള, കോർഡിനേറ്റർ കെ.എം .വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ശോഭാസിറ്റി അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ഗുണങ്ങളെ ക്കുറിച്ചും അവ വെട്ടി നശിപ്പിക്കുന്നതിന്റെ ദോഷങ്ങളെ ക്കുറിച്ചും നമ്പൂതിരിസർ കുട്ടികൾക്ക് ബോധവത്കരണം നടത്തി.

കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗം പഠന കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ പരിസ്ഥിതി ബോധവത്കരണവും ദിനാചരണവും നടത്തി. മലയാളം അദ്ധ്യാപകരും കുട്ടികളും, അഭ്യുദയകാംക്ഷികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി അദ്ധ്യാപകനും, ‘സെന്റർ കോഓർഡിനേറ്ററും ആയ മോഹൻകുമാർ, വിശദീകരിച്ചു. അദ്ധ്യാപകരായ പത്മിനി, ദേവി എന്നിവർ സംസാരിച്ചു.

രാജരാജേശ്വരി നഗർ മലയാളീ അസോസിയേഷൻ പഠനകേന്ദ്രം വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. കോർഡിനേറ്റർ ജിഷ രമേഷ്, രാകേഷ്, മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. മൈസൂർ ക്ലസ്റ്ററിലെ, റെയിൽവെ മലയാളി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന “കബനി” മലയാളം പഠശാലയിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. അദ്ധ്യാപകരായ രാധിക രാജു, ജിൻസി ജിജിൻ, അനിതാ സുധാകരൻ, ഡാനി ഹരി, സതീന്ദ്രൻ റ്റി. വി. എന്നിവർ നേതൃത്വം കൊടുത്തു.തുടർന്ന് റെയിൽവെ മലയാളി സമിതി സെക്രട്ടറി ശ്രീ.ഹരി കെ പ്രകൃതിസംരക്ഷണത്തെ കുറിച്ച് സംസാരിച്ചു.ശ്രീമതി. അനിതാ സുധാകരൻ നന്ദിയും പറഞ്ഞു.

ബാംഗ്ലൂർ സൗത്തിലെ “നന്മ നന്ദി വുഡ്സ് യല്ലനഹള്ളി” പഠന കേന്ദ്രത്തിൽ നടത്തിയ ചെറു പഠന പ്രവർത്തി. പരിസ്ഥിതി, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, ലോക പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി എന്നീ വിഷയങ്ങളെ കുറിച്ച് കുട്ടികളുമായി അദ്ധ്യാപകർ ക്ലാസ്സിൽ സംവാദം നടത്തി. തുടർന്ന് കുട്ടികൾ പരിസ്ഥിതി എന്ന വിഷയത്തെ കുറിച്ച് തങ്ങളുടെ മനസ്സിലുള്ള ആശയം ചിത്രങ്ങളിലൂടെ വരച്ചു കാട്ടി. ബിന്ദു മാടമ്പിള്ളി, പത്മിനി നെന്മേലിൽ, നീന മേരി സിറിയക് എന്നിവർ സംസാരിച്ചു.

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വൃക്ഷ തയ്യുകൾ വിതരണം നടത്തി. പരിസ്ഥിതി ബോധവൽക്കരണം നടത്തി. സതീഷ് തോട്ടശ്ശേരി,പ്രമോദ് നമ്പ്യാർ, റോയ് ജോയ്, തുളസിദാസ്‌ എന്നിവർ സംസാരിച്ചു. ജഗത്,അരവിന്ദാക്ഷൻ, സന്ധ്യ ടീച്ചർ, ശിവദാസ് ഇടശ്ശേരി, സുധീർ, കേശവൻ എന്നിവർ നേതൃത്വം നൽകി.

സതീഷ് തോട്ടശ്ശേരി, കർണാടക ചാപ്റ്റർ മെമ്പർ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content