അമ്പിളിയമ്മാവാ ചന്ദ്രയാന്‍2 വരുന്നുണ്ടേ…

‘അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് ‘ എന്ന വരികളും ആകാശത്ത് പപ്പടവട്ടത്തില്‍ തിളങ്ങുന്ന അമ്പിളിമാമനെ ചൂണ്ടിക്കാണിച്ച് കുഞ്ഞുന്നാളില്‍ അമ്മ മാമൂട്ടിയതുമൊക്കെയാവും ചന്ദ്രബിംബം കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഓര്‍മ്മകള്‍. പൂനിലാവൊളി തൂകി വിളങ്ങിനില്‍ക്കുന്ന ചന്ദ്രബിംബം കവികളെയും കലാകാരന്മാരെയും എക്കാലവും ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്കാവട്ടെ കാലങ്ങളുടെ പഴക്കമുണ്ട്. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയിട്ട് അര നൂറ്റാണ്ട് തികയുന്ന ഈ വര്‍ഷം. അമ്പിളിയമ്മാവന്റെ രഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ ചന്ദ്രയാന്‍2 പേടകം യാത്രതിരിക്കാന്‍ പോകുന്നു. ജൂലായ് 15നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റിവയ്ക്കപ്പെട്ടു. ചന്ദ്രയാന്‍2 വിക്ഷേപണം ജൂലായ് 22 ലേക്കാണ് മാറ്റിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ രണ്ടാംവിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രനെ ലക്ഷ്യമാക്കി ഈ പേടകം യാത്ര തിരിക്കും.

അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ സ്‌പേസ് ഒഡീസ്സി തന്നെയാണ് ചന്ദ്രയാന്‍. ലോകം ഉറ്റുനോക്കുന്ന ചാന്ദ്ര ദൗത്യം. ജിഎസ്എല്‍വി എംകെ 3 (ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3) ആണ് വിക്ഷേപണ വാഹനം. സവിശേഷതകള്‍ ഏറെയുള്ള ഒരു ദൗത്യമാണിത്. ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങി സഞ്ചരിക്കുന്ന പ്രഗ്യാന്‍ എന്ന റോബോട്ടിക് റോവര്‍, ഇതിനെ ചന്ദ്രനില്‍ ഇറക്കാനുള്ള വിക്രം എന്ന ലാന്‍ഡര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ സങ്കീര്‍ണ്ണ ദൗത്യത്തില്‍ ചന്ദ്രനിലെ മണ്ണിന്റെ രാസഘടന, സവിശേഷതകള്‍, ഹീലിയം 3 യുടെ സാന്നിധ്യം എന്നിവ സംബന്ധിച്ച വിശദമായ പരിശോധനകള്‍ നടക്കും. ചന്ദ്രനിലെ ദക്ഷിണ ധ്രുവ ഭാഗത്തെ ധാതുക്കളുടെയും മൂലകങ്ങളുടെയും ജലത്തിന്റെയും സാന്നിധ്യത്തെക്കുറിച്ചും വിശദമായി പഠിക്കും. ചന്ദ്രന്റെ ഉത്ഭവം, പരിണാമം തുടങ്ങിയ രഹസ്യങ്ങളിലേക്കും അതിലൂടെ സൗരയൂഥത്തിന്റെ തന്നെ വികാസ പരിണാമങ്ങളിലേക്കും വെളിച്ചം വീശാന്‍ ചന്ദ്രയാന്‍2 ലഭ്യമാക്കുന്ന വിവരങ്ങള്‍ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്കും മനുഷ്യന്റെ ചാന്ദ്രയാത്രകള്‍ക്കും സഹായകമാവുന്ന നിര്‍ണ്ണായക വിവരങ്ങളാവും ചന്ദ്രയാന്‍ 2 ലഭ്യമാക്കുക എന്നു തീര്‍ച്ച.

ചന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ റിതു കരിധാൾ

ചന്ദ്രയാന്‍ 2 പ്രോജക്ട് ഡയറക്ടര്‍ മുത്തയ്യ വനിത

ചന്ദ്രയാന്‍2 ദൗത്യ സംഘത്തിലെ വനിതാ സാന്നിധ്യവും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ഈ വന്‍ ദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്നതു തന്നെ രണ്ടു സ്ത്രീകളാണ്. ചന്ദ്രയാന്‍2 ന്റെ പ്രോജക്റ്റ് ഡയറക്റ്റര്‍ മുത്തയ്യ വനിതയും മിഷന്‍ ഡയറക്റ്റര്‍ റിതു കരിധാളുമാണ്. ഇതു കൂടാതെ ചന്ദ്രയാന്‍2 ദൗത്യസംഘത്തില്‍ മുപ്പതുശതമാനത്തോളം വനിതകള്‍ ആണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറയുന്നു. 2008 ഒക്‌റ്റോബര്‍ 22 നാണ് പിഎസ്എല്‍വി സി11 റോക്കറ്റിലേറി ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍1 കുതിച്ചുയര്‍ന്നത്. ഇതിലെ ഉപകരണങ്ങള്‍ ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ വിതരണം, ജലസാന്നിധ്യം, ചന്ദ്രനിലെ അന്തരീക്ഷം, ഹീലിയം – 3 യുടെ സാന്നിധ്യം എന്നിവ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളും ഗര്‍ത്തങ്ങളുടെയും പര്‍വ്വതങ്ങളുടെയുമൊക്കെ വിസ്മയ ദൃശ്യങ്ങളും ലഭ്യമാക്കി. 2008 നവംബര്‍ 14 ന് മൂണ്‍ ഇംപാക്റ്റ് പ്രോബ് മാതൃപേടകത്തിനുള്ളില്‍ നിന്നു വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങുകയും ചെയ്തു. 2009 ഓഗസ്റ്റ് 29 ന് ഐഎസ്ആര്‍ഒ യ്ക്ക് പേടകവുമായുള്ള ബന്ധം നഷ്ടമായി. എന്നാല്‍ ചന്ദ്രോപരിതലത്തിന് 200 മീറ്റര്‍ മുകളിലായി ചന്ദ്രയാന്‍ ചന്ദ്രനെ ചുറ്റുന്നുവെന്ന് കഴിഞ്ഞ വര്‍ഷം നാസ കണ്ടെത്തിയിരുന്നു. പേടകത്തിലുണ്ടായിരുന്ന ഐഎസ്ആര്‍ഒ യുടെ മൂണ്‍ ഇംപാക്റ്റ് പ്രോബ്, നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍, മിനിസാര്‍ എന്നീ ഉപകരണങ്ങളാണ് ചാന്ദ്രമണ്ണിലുള്ള ജലാംശത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ചന്ദ്രനിലെ ധ്രുവങ്ങളില്‍ ഐസിന്റെ രൂപത്തില്‍ ധാരാളമായുള്ള ജലസാന്നിധ്യത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കിയത്.

‘മനുഷ്യന് ഒരു ചെറിയ കാല്‍വയ്പ്; എന്നാല്‍ മാനവരാശിക്കോ ഒരു വന്‍ കുതിച്ചുചാട്ടവും.’ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ വാക്കുകളാണിത്. 1969 ജൂലൈ 21 ആയിരുന്നു മനുഷ്യചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ആ ദിനം. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ചന്ദ്രനിലേക്കുള്ള വിനോദ സഞ്ചാരവും ചാന്ദ്ര കോളനികളുമൊക്കെ യാഥാര്‍ഥ്യമാക്കാനുള്ള പടയോട്ടത്തിലാണ് ബഹിരാകാശ ഗവേഷണരംഗം. ഗ്രഹാന്തര യാത്രകളുടെ ഒരു ഇടത്താവളമാക്കി ചന്ദ്രനെ മാറ്റാം എന്നതാണ് മറ്റൊരു പ്രതീക്ഷ.

ലേഖിക- സീമ ശ്രീലയം
അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content