കവിത രചിച്ചു പഠിക്കാം
(കേൾക്കുവാൻ താഴെ ക്ലിക്ക് ചെയ്യുക)
കവിതയുടെ മഴകൊണ്ടു. നിറം കണ്ടു. കറുപ്പും വെളുപ്പും അറിഞ്ഞു. കവിതകൊണ്ട് തുഴയുകയും പറക്കുകയും ചെയ്തു. ഇനി സ്വന്തമായി, സ്വതന്ത്രമായി, കവിതാ രചനയിലേക്ക് പ്രവേശിക്കണം. അതിന്റെ ആദ്യ ചുവടുവെയ്പായി ഒരു കവിതാ വിപുലനമാകാം. കവിതയുടെ ആദ്യ വരികൾ നൽകുന്നു. അതിനോടൊപ്പം ചില നിബന്ധനകൾ വെയ്ക്കുന്നുണ്ട്. ഒരു ട്രാക്കും ട്രിക്കുമായി ഇതിനെ കണ്ടാൽ മതി.
മലയിൽ കാടുണ്ട്
കാട്ടിൽ മരമുണ്ട്
മരത്തിൽ………….
……………………………
ഇതേ താളത്തിൽ എഴുതുക
താളം ഉറയ്ക്കാൻ ഒന്നു ചൊല്ലുന്നതു നന്നായിരിക്കും. സ്വന്തമായ, ലളിതമായ താളം മതി.
മലയിൽ കാടുണ്ട്
കാട്ടിൽ മരമുണ്ട്
മരത്തിൽ………….ഉണ്ട്
………ൽ……………ഉണ്ട്
താളം ദീക്ഷിക്കുന്നതോടൊപ്പം ശ്രദ്ധിക്കേണ്ട അടുത്ത കാര്യം വാക്കുകളുടെ പ്രയോഗമാണ്. തന്നിരിക്കുന്ന വരികൾ നോക്കുക. മലയിൽ കാടുണ്ട് എന്ന ഒന്നാമത്തെ വരിയിലെ കാട് എന്ന വാക്കുപയോഗിച്ചാണ് അടുത്ത വരി ആരംഭിക്കുന്നത്. കാട്ടിൽ മരമുണ്ട് എന്ന രണ്ടാമത്തെ വരിയിലെ മരം എന്ന വാക്കുപയോഗിച്ചാണ് മൂന്നാമത്തെ വരി തുടങ്ങുന്നത്. ഈ തുടർച്ച അവസാനം വരെ കൊണ്ടു പോകേണ്ടതുണ്ട്. ഉദാഹരണമായി മരത്തിൽ കൊമ്പുണ്ട് എന്നെഴുതിയാൽ അടുത്ത വരി കൊമ്പിൽ എന്നു തുടങ്ങണം. മരത്തിൽ ഇലയുണ്ട് എന്നാണെങ്കിൽ അടുത്ത വരി ഇലയിൽ ആരംഭിക്കണം. മരത്തിൽ പൂവോ, കായോ, കിളിയോ എന്തായാലും വേണ്ടില്ല. ഒരു വരിയുടെ അവസാനത്തെ വാക്ക് അടുത്ത വരിയുടെ ആദ്യത്തിലുണ്ടാകണം. ഈ നിബന്ധന പാലിച്ച് എഴുതി നോക്കൂ. ഒരിക്കൽ ഉപയോഗിച്ച വാക്ക് വീണ്ടും ഉപയോഗിച്ച് ആവർത്തനം വരുത്തരുത്.
ഓരോ വരിയും അർത്ഥവത്താകണൺ. അതോടൊപ്പം ഒരു കവിയുടെ സ്വാതന്ത്ര്യം ഉപയോഗിക്കുകയുമാകാം.
മരത്തിൽ കടലുണ്ട് എന്നെഴുതുമ്പോൾ അത് ശരിയാണോ എന്നു പരിശോധിക്കണം. അത് ബോധ്യപ്പെടുത്തുകയും വേണം.
മരത്തിൽ കാറ്റുണ്ട്
കാറ്റിൽ പാട്ടുണ്ട്
പാട്ടിൽ മധുരമുണ്ട്
എന്നൊക്കെ എഴുതുമ്പോൾ അസ്വാഭാവികത ഇല്ലല്ലോ
പൂവിൽ തേനുണ്ട് എന്ന് എഴുതുന്നതുപോലെ, പൂവിൽ വസന്തമുണ്ട് എന്ന് എഴുതാമല്ലോ. ഏതായാലും എഴുത്ത് തുടങ്ങിക്കോളൂ. അർത്ഥമുള്ള മനോഹരമായ വരികൾ. താളമുള്ള ആസ്വാദ്യകരമായ വരികൾ. ഓരോ വരിയുടെയും അവസാനവാക്ക് അടുത്ത വരിയുടെ ആദ്യത്തിൽ ഉപയോഗിച്ചു എന്ന് ഉറപ്പു വരുത്തിയ വരികൾ ഭാവനയോടെ എഴുതുകയാണെങ്കിൽ കണ്ണിമുറിയാതെ, എത്ര വരികൾ വേണമെങ്കിലും എഴുതാം. എഴുതിക്കഴിഞ്ഞാൽ സ്വയം വിലയിരുത്തി പൂക്കാലത്തിലേക്ക് അയക്കുകയുമാകാം.
– എടപ്പാൾ സി. സുബ്രഹ്മണ്യൻ