നൈജീരിയൻ നാടോടികഥ

ആകാശം മേലോട്ടു പോയത് ഇങ്ങനെ!
ഉണ്ണൂലി മുത്തശ്ശിയുടെ മുതുകിലിരുന്ന് ഉണ്ണികൾ ആന കളിച്ചു. മടിയിലും മുടിയിലും ഇക്കിളി കൂട്ടി
“മുത്താച്ചി ങ്ങനെ ‘റ’ പോലായത് എങ്ങന്യാ?”
“അതോ പണ്ട് ഈ തല മാനത്തൊന്ന് മുട്ടി അത് ഇത്തിരി ഊക്കിലായി”
“അപ്പോ മുത്താച്ചീടെ മുടി ങ്ങനെ നരച്ചിക്കുമ്പളങ്ങ്യായതോ?”
“അതന്ന് മാനത്തിന്റെ പൊടി പറ്റീതാ ന്റെ ഉണ്ണ്യോളേ…”
പല്ലില്ലാത്ത മോണകാട്ടി ഉണ്ണൂലി മുത്തശ്ശി ചിരിച്ചു
ഉണ്ണികൾക്ക് ആ കഥ കേൾക്കാൻ തിടുക്കമായി
“കഥ കഥ കസ്തൂരി പോലാവര്ത്”
അവർ മുത്തശ്ശിക്കു മുന്നറിയിപ്പു കൊടുത്തു. മുത്തശ്ശിയുടെ തലയിലെ മുഴയിൽ ഉമ്മ വെച്ചു.
ഞാന്നു കിടക്കുന്ന കാതുകളാട്ടി ഉണ്ണൂലി മുത്തശ്ശി ഉണ്ണികളോട് കഥ പറഞ്ഞു
“അന്ന് ആകാശം ദാ…. ഇത്രേം അടുത്തായിരുന്നു. മനുഷ്യരുടെ ദേഹത്തു മുട്ടും മട്ടിൽ തല നീർത്തി നടന്നോ… പിന്നെ പറയണ്ട കഥ..”
എന്താ കാരണം
ങാ.! അതു തന്നെ. അതുമൂലം അവരുടെ കൈകൾ പലപ്പോഴും പൊള്ളിയിരുന്നു.
ഒരു അന്തിയ്ക്ക് മുത്തച്ചി ഉണ്ണ്യോർക്ക്ള്ള പപ്പടം കാച്ച്യായിരുന്നു. ചട്ടിയിൽ തിളച്ച എണ്ണ.. എണ്ണേല് മുങ്ങി പപ്പടം ങ്ങനെ പൊള്ളച്ചു പൊള്ളച്ച്. മാനത്ത് അമ്പിളി മാമനോ…? ങ്ങനെ നൊട്ടി നൊണഞ്ഞ്….നൊട്ടി നൊണഞ്ഞ്….മുത്താച്ചീടെ ഉണ്ണ്യോൾക്ക് ഈ പപ്പടല്ലേ? കൊടുക്കാൻ പറ്റ്വോ?
തക്കം നോക്കി മുത്താച്ചീടെ തോളിലൂടെ കയ്യിട്ട് മൂപ്പര് ഒര് പപ്പടം ങ്ങട്ട് എടുത്തു. മുത്താച്ചി തീർത്ത് തിരിഞ്ഞ് ചട്ടുകം കൊണ്ടൊരു കുത്ത്. മുത്താച്ചീടെ തല മാനത്തൊരു മുട്ട്. ഭാഗ്യത്തിന് തല മുറിഞ്ഞില്ല. കുത്തു കൊണ്ട് മേഘങ്ങൾ ആകെ ചിന്നിച്ചിതറി. കുത്തുകൊണ്ട ആകാശം ചീറിക്കരഞ്ഞുകൊണ്ട് ഉയർന്നുയർന്നു പോയി. അമ്പിളിമാമൻ കൂടെ പോയി. മേഘങ്ങളും കൂടെ പോയി.
ദാ…പ്പളും കാണാം,. മുത്താച്ചീടെ ചട്ടുകം കുത്തിയിറങ്ങിയ പാട്, അമ്പിളിമാമന്റെ മേത്ത്.
തുടർപ്രവർത്തനം
ഒരു നൈജീരിയൻ നാടോടിക്കഥ കേരളത്തിന്റെ, പ്രത്യേകിച്ചും പഴയവള്ളുവനാടിന്റെ സാമൂഹിക പശ്ചാത്തലത്തിലും, ഭാഷാരുചിയിലും പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ഇവിടെ.
ഇതുപോലെ കൂട്ടുകാരുടെ ഇപ്പോഴത്തെ ജീവിത പരിസരത്തിൽനിന്നും കണ്ടെത്തിയ ഒരു നാടോടിക്കഥ, കേരളീയ പശ്ചാത്തലത്തിലാക്കി, മലയാളത്തിലേക്കു മൊഴി മാറ്റാമല്ലോ. മറക്കരുത്.

– എം. വി. മോഹനൻ

 

1 Comment

MUHAMMED NISHAN NK September 24, 2020 at 9:57 am

നാടിന്റെ നാടോടി കഥ യുണ്ടോ

Leave a Comment

FOLLOW US