വായനശാലകളിലേക്ക്…

(കേൾക്കാനായി താഴെ ക്ലിക്ക് ചെയ്യുക)

 

പ്രിയപ്പെട്ടവരെ,
അങ്ങനെ ഒരു വായനാദിനം കൂടി കടന്നുപോയി. ജൂൺ 19. പി. എൻ. പണിക്കർ അനുസ്മരണം. പതിവുപോലെ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് നാം അങ്ങേയറ്റം വാചാലമായി. മലയാളം മിഷനെ സംബന്ധിച്ചിടത്തോളം മലയാളം മിഷൻ ആരംഭിച്ച ലൈബ്രറികളുടെ സ്ഥിതി എന്താണ് ? ഈ അവസരത്തിൽ അതൊന്ന് അവലോകനം ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. നമ്മുടെ ലൈബ്രറികളിൽ കുട്ടികൾക്ക്, അദ്ധ്യാപകർക്ക്, വായിക്കാനുതകുന്ന ധാരാളം പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട്. അത് എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട്. പഠനപ്രവർത്തനത്തിന്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനും അതിലൂടെ കുട്ടികളുടെ സർഗ്ഗശേഷികളെ ഉദ്ദീപിപ്പിക്കുന്നതിനും ഈ പുസ്തകങ്ങൾ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട്. ആരുടെയെല്ലാം ശേഖരങ്ങളിൽ വായനാക്കുറിപ്പുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഇത് ക്ലസ്റ്റർ പരിശീലനവേളകളിൽ പരിശോധിച്ചു നോക്കിയിട്ടുണ്ടോ?

ഇത്തരം വലിയ ചോദ്യങ്ങൾ ഉയർന്നു വരേണ്ട സമയമായി എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടി വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു മത്സരം കൂടി മലയാളം മിഷൻ നടത്താൻ ഉദ്ദേശിച്ചിരിക്കുകയാണ്. മലയാളം മിഷൻ ഇതിനകം എത്തിച്ചുകഴിഞ്ഞ പുസ്തകങ്ങൾ വായിക്കുകയും ആ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്ത് മലയാളം മിഷനിലേക്ക് അയച്ച് തരികയാണ് എന്നുണ്ടെങ്കിൽ അത് ഒരു വിദഗ്ധ സമിതി പരിശോധിക്കുകയും ഏറ്റവും മികച്ച രീതിയിൽ കുറിപ്പുകൾ തയ്യാറാക്കിയ മൂന്ന് അദ്ധ്യാപകരെയും മൂന്ന് കുട്ടികളെയും സമ്മാനം കൊടുത്ത് ആദരിക്കുകയും ചെയ്യുക എന്ന ഒരു പ്രക്രിയയിലേക്ക് മിഷൻ കേന്ദ്ര ഓഫീസ് എത്തിയിരിക്കുകയാണ്. ഇത് ഈ സമയത്തു മാത്രം ആളുകൾ, കുട്ടികൾ, പുസ്തകങ്ങൾ വായിക്കുക എന്ന ഒരു പ്രക്രിയയിലേക്ക് അല്ല പോകേണ്ടത് എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

നിരന്തരമായ വായനയുടെ ഹരം നമ്മുടെ കുട്ടികളിലും അതേപോലെ തന്നെ അദ്ധ്യാപകരിലും ഉണ്ടായെങ്കിൽ മാത്രമേ നമ്മുടെ ലക്ഷ്യം സാധ്യമാകുകയുള്ളൂ എന്നു പ്രത്യേകിച്ച് പറയേണ്ടതില്ല. കാരണം കണിക്കൊന്നയിൽനിന്ന് സൂര്യകാന്തിയിലേക്കും അതിൽനിന്ന് ആമ്പലിലേക്കും ഇപ്പോൾ ചില കേന്ദ്രങ്ങളിലെങ്കിലും നീലക്കുറിഞ്ഞിയിലേക്കും പഠനപ്രക്രിയ എത്തിയ ഒരു സന്ദർഭമാണ് ഇത്. ആമ്പലിലും നീലക്കുറിഞ്ഞിയിലും ധാരാളം വായനാ സന്ദർഭങ്ങളുണ്ട്. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ കൃതികളുടെ ചില ഭാഗങ്ങളാണ് ആമ്പലിലും നീലക്കുറിഞ്ഞിയിലുമൊക്കെ കൊടുത്തിട്ടുള്ളത് എങ്കിൽ അതുമായി ബന്ധപ്പെട്ട കാവ്യപ്രസ്ഥാനങ്ങളെക്കുറിച്ച് അതേപോലെതന്നെ നോവലുകൾ, കഥകൾ ഇതൊക്കെത്തന്നെ ധാരാളം വായിക്കേണ്ട അവസ്ഥ ഉണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ വായിച്ചെങ്കിൽ മാത്രമേ നീലക്കുറിഞ്ഞി പൂർണ്ണമായും പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട്ടിലെ പത്താംക്ലാസ് തുല്യത ഉള്ളവരായി തീരുകയുള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

നാട്ടിലേക്ക് വരുന്ന കുട്ടികൾ അല്ലെങ്കിൽ നാട്ടിലേക്ക് വരുന്ന പ്രവാസികൾ നീലക്കുറിഞ്ഞി കോഴ്സ് കഴിഞ്ഞവരാണ് എന്നുണ്ടെങ്കിൽ കേരളത്തിലെ പത്താംക്ലാസ്സ് കഴിഞ്ഞ ഏതൊരാളും മലയാള സാഹിത്യം ഏതു തരത്തിൽ മനസ്സിലാക്കിയിട്ടുണ്ട് അല്ലെങ്കിൽ മലയാളസാഹിത്യ ലോകത്തേക്കു കടന്നുവന്നിട്ടുണ്ട് എന്നതിനു തുല്യമായ രീതിയിൽ തന്നെ നമ്മുടെ കുട്ടികളും എത്തിയിട്ടുണ്ടാകണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എനിക്കുറപ്പുണ്ട് ഒരു പക്ഷേ ഇതിനകം തന്നെ ഞാനിതുപറയാതെ തന്നെ വായനയുടെ അഹാതകരമായ ഒരു അന്തരീക്ഷത്തിലേക്ക് വന്ന ചുരുക്കം ചില അദ്ധ്യാപകരും കുട്ടികളും ഉണ്ടായിട്ടുണ്ട് എന്നുള്ളത്. ഇത് അവരിൽ മാത്രം ഒതുങ്ങിയാൽപ പോരാ. നമ്മുടെ പൂക്കാലത്തിലേക്കും നമ്മുടെ തളിരിലേക്കുമൊക്കെ എണ്ണം പറഞ്ഞ സൃഷ്ടികൾ എത്തേണ്ടതുണ്ട്. എല്ലാ മാസവും നാലു പേജാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തളിരിൽ നമ്മുക്ക് തന്നിട്ടുള്ളത്. സുഗതകുമാരി ടീച്ചറാണ് അതിന്റെ ചീഫ് എഡിറ്റർ എന്നു നിങ്ങൾക്കറിയാമല്ലോ. നല്ല ഗുണനിലവാരമുള്ള സൃഷ്ടികൾ മാത്രമേ അതിൽ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നുള്ളതുകൊണ്ടുതന്നെ നല്ല എഴുത്തുകാരായി തീരുക എന്നതിനു മുമ്പു നടക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യം ധാരാളം വായിക്കുക എന്നുള്ളതാണ്. വായനയിലൂടെ മാത്രമേ മനസ്സ് നിറയുകയും സർഗ്ഗ പ്രക്രിയ അതിമനോഹരമായി തീരുകയും ഉള്ളൂ എന്നുള്ള കാര്യം മനസ്സിൽ വെച്ചുകൊണ്ട് സ്വാഭാവികമായി കുട്ടികൾ വായനയുടെ ലോകത്തേക്ക് എത്തുന്നതിനുവേണ്ടിയുള്ള ഒരു അവസരമായി ഇതിനെ പ്രയോജനപ്പെടുത്തണം എന്നാണ് ഈ അവസരത്തിൽ നിങ്ങളോട് ആഹ്വാനം ചെയ്യാനുള്ളത്. നന്ദി

 

സേതുമാധവന്‍.എം, രജിസ്ട്രാര്‍, മലയാളം മിഷൻ

0 Comments

Leave a Comment

FOLLOW US